പാലാ: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തിളങ്ങുന്ന വിജയം സ്വന്തമാക്കി പാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 1 എസ് ഗ്രേഡും 46 എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ വിദ്യാർത്ഥിനികൾക്കു സാധിച്ചു. വർഷങ്ങളായി എംജി യൂണിവേഴ്സിറ്റി
പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കി വരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ അദ്വിതീയ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെ പരീക്ഷാഫലം. നാക് റി അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാർന്ന അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദവും വിദ്യാർത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാർത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം ചാലകശക്തിയായി
വർത്തിക്കുന്നത്. പാഠ്യേതര രംഗത്തും സജീവമായ കോളേജ് കേരളത്തിൻ്റെ കായിക ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടേമുക്കാൽ കോടി രൂപയുടെ കേന്ദ്ര ഗവൺമെൻ്റ് ഗ്രാൻ്റുകൾ , സംസ്ഥാന, സർവ്വകലാശാല തല അവാർഡുകൾ എന്നിവ നേടിയെടുക്കാനും കോളേജിനു സാധിച്ചു. ഉജ്വല വിജയം നേടിയ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ഹൃദയപൂർവ്വം
അഭിനന്ദിക്കുന്നതായി മാനേജർ റവ ഡോ ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള,മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ എന്നിവർ അറിയിച്ചു.