വത്തിക്കാന്‍ സിറ്റി: 125 കര്‍ദ്ദിനാളുമാര്‍, 400 മെത്രാന്മാര്‍, 3700 വൈദികർ, ലക്ഷകണക്കിന് വിശ്വാസികള്‍ സാക്ഷി; ബെനഡിക്ട് പാപ്പയ്ക്ക് വിട. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി. ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 125 കര്‍ദ്ദിനാളുമാര്‍, നാനൂറിലധികം മെത്രാന്മാര്‍, 3700-ലധികം വൈദികർ ഭാഗഭാക്കായി. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ നേരിട്ടു പങ്കെടുത്തു. പോപ്പ് എമിരിറ്റസിന്റെ മൃതദേഹം അടക്കം ചെയ്ത തടികൊണ്ടുള്ളപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബെനഡിക്ട് പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാന്‍സ്വെയിന്‍ മൃതദേഹം സൂക്ഷിച്ച പെട്ടിയുടെ അടുത്തെത്തി, അതിനുമുമ്പിൽ മുട്ടുകുത്തി, ചുംബിച്ചു. തുടർന്ന് ദിവംഗതനായ മാർപാപ്പയുടെ ആത്മാവിന്റെ ശാന്തിക്കായി ജനക്കൂട്ടം ലത്തീൻ ഭാഷയിൽ ജപമാലയുടെ ദു:ഖകരമായ രഹസ്യങ്ങള്‍ ചൊല്ലി പ്രാർത്ഥിച്ചു. ബെനഡിക്ട് പാപ്പയുടെ ആഗ്രഹ പ്രകാരം, മൃതസംസ്കാര കുർബാന ലളിതമായിരുന്നു. സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം “സാൽവേ റെജീന”, “ഇൻ പാരഡിസം” എന്നീ ഗാനങ്ങള്‍ ആലപിച്ചു. മൃതസംസ്കാര കുർബാനയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ ഏതാനും നിമിഷം നിശബ്ദമായ പ്രാർത്ഥന നടത്തി.തുടര്‍ന്നു തിരുകര്‍മ്മ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ഫ്രാൻസിസ് മാർപാപ്പ തന്റെ ഊന്നു വടിയുമായി അടുത്തുവന്ന് തന്റെ മുൻഗാമിയുടെ മൃതദേഹം ചേര്‍ത്ത മരപ്പട്ടിയിൽ തൊട്ട് പ്രാർത്ഥിച്ചു. ബെനഡിക്ട് പതിനാറാമന്റെ മൃതദേഹപ്പെട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുപോകുമ്പോൾ മണികൾ മുഴങ്ങി, ജനക്കൂട്ടം കരഘോഷം മുഴക്കി. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹവും സംസ്ക്കരിച്ചിരിക്കുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോള്‍ ബെനഡിക്ട് പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പതാകകളും ബാനറുകളും ഉയർത്തിയിരിന്നുവെന്നത് ശ്രദ്ധേയമാണ്. നേരിട്ടും അല്ലാതെയും ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരിന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision