1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ് ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം.
ഡൊമിനിക്ക് വളരെ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ദിവസംതോറും ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു വിശുദ്ധന്‍ സ്കൂളില്‍ പോയിരുന്നത്. തന്റെ കോപത്തിലും മറ്റ് വികാരങ്ങളിലും വിശുദ്ധനു അപാരമായ നിയന്ത്രണം ഉണ്ടായിരുന്നു. ഡൊമിനിക് തന്റെ ഏഴാമത്തെ വയസ്സില്‍ തന്നെ ആദ്യകുര്‍ബ്ബാന സ്വീകരിച്ചു. തന്റെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന്റെ ദിവസം അടുത്തപ്പോള്‍ വിശുദ്ധന്‍ നാല് ദൃഡപ്രതിജ്ഞകള്‍ എഴുതിവെച്ചു.
(1) ദൈവം എന്നെ കുമ്പസാരിക്കാന്‍ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യും.
2) ഞായറാഴ്ചകളും കടപ്പെട്ട അവധി ദിനങ്ങളും ഞാന്‍ പ്രത്യേകമായി ആചരിക്കും.
(3) യേശുവും, മറിയവുമായിരിക്കും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.
(4) മരിക്കേണ്ടി വന്നാലും ഞാന്‍ പാപം ചെയ്യുകയില്ല. ഇവയായിരുന്നു ആ ആ തീരുമാനങ്ങള്‍.
ഒരിക്കല്‍ ഡൊമിനിക്കന്റെ സ്കൂളിലെ സഹപാഠിയായ വിദ്യാര്‍ത്ഥി ഒരു ഗുരുതരമായ തെറ്റ് ചെയ്യുകയും ആ കുറ്റം വിശുദ്ധനില്‍ ആരോപിക്കുകയും ചെയ്തു. അദ്ധ്യാപകന്‍ വിശുദ്ധനെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ക്ലാസിന്റെ മുന്‍പില്‍ വെച്ച് അദ്ധ്യാപകര്‍ വിശുദ്ധനെ കഠിനമായി ശകാരിച്ചു. വിശുദ്ധന്‍ ഒരക്ഷരവും മിണ്ടാതെ തലകുമ്പിട്ട് നിന്നുകൊണ്ട് അവയെല്ലാം കേട്ടു.
1855-ലെ നോമ്പ് കാലത്തെ രണ്ടാം ഞായറാഴ്ച, വിശുദ്ധ ഡോണ്‍ബോസ്‌കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെ വിശുദ്ധന്‍മാരെ കുറിച്ചൊരു പ്രഭാഷണം നടത്തി. ആ പ്രഭാഷണം ഡൊമിനിക്ക് സാവിയോയുടെ മനസ്സില്‍ പതിയുകയും ഒരു വിശുദ്ധനായി തീരണമെന്ന ആഗ്രഹം അവനില്‍ ഉദിക്കുകയും ചെയ്തു.
ഡൊമിനിക്കിന്റെ കിടപ്പ്മുറിയിലെ കുട്ടികള്‍ എല്ലാവരും കൂടി മെയ് മാസത്തില്‍ മാതാവിനെ വണങ്ങുവാനായി മാതാവിന്റെ ഒരു ചെറിയ കോവില്‍ പണിയുവാന്‍ തീരുമാനിച്ചു. വിശുദ്ധന്‍ ഇതില്‍ വളരെയേറെ ആവേശഭരിതനായിരുന്നു. എന്നാല്‍ ഒരു ചില്ലികാശ് പോലും അതിന്റെ നിര്‍മ്മാണത്തിനായി നല്‍കുവാന്‍ തന്റെ കയ്യില്‍ ഇല്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ ആരോ തനിക്ക് സമ്മാനമായി നല്‍കിയ ഒരു പുസ്തകം സംഭാവനയായി നല്‍കിയിട്ട് പറഞ്ഞു “ഇപ്പോള്‍ മറിയത്തിനായി ഞാന്‍ എന്റെ പങ്കും നല്‍കി. ഈ പുസ്തകം സ്വീകരിക്കുകയും, വില്‍ക്കുകയും ചെയ്യുക.”
ഈ പ്രവര്‍ത്തി മറ്റ് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാവുകയും അവരും തങ്ങളുടെ കയ്യിലെ പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്തു. എന്നാല്‍ പരിശുദ്ധ അമ്മയുടെ തിരുനാളിനു മുന്‍പായി അതിന്റെ അലങ്കാര പണികള്‍ തീര്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്ന് തോന്നിയപ്പോള്‍ ആ രാത്രിമുഴുവന്‍ ഉറക്കമിളച്ചുകൊണ്ടു അത് അലങ്കരിച്ചു തീര്‍ക്കുവാന്‍ ഡൊമിനിക്ക് തയ്യാറായി. എന്നാല്‍ ക്ഷയ രോഗത്തെ തുടർന്ന് അവന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മറ്റുള്ള കുട്ടികള്‍ ഡോമിനിക്കിനോട് ഉറങ്ങുവാന്‍ ആവശ്യപ്പെട്ടു. “പക്ഷേ നിങ്ങള്‍ പണിഞ്ഞു കഴിയുമ്പോള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കണം, മാതാവിനായി നാം പണിയുന്ന കോവില്‍ ആദ്യമായി കാണുന്ന ആള്‍ ഞാനായിരിക്കണം” എന്നു പറഞ്ഞുകൊണ്ടാണ് വിശുദ്ധന്‍ ഉറങ്ങുവാന്‍ പോയത്.
ഇതിനോടകം തന്നെ വിശുദ്ധനെ ക്ഷയം രോഗം കൂടുതലായി ബാധിച്ചിരുന്നു. ഓരോ ദിവസവും മുന്നോട്ട് പോകും തോറും വിശുദ്ധന്റെ രോഗാവസ്ഥ കൂടുതലായി മൂർഛിച്ചു കൊണ്ടിരുന്നു.1857 ൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധ ഡൊമിനിക്ക് സാവിയോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1954 ൽ പിയൂസ് 12മൻ ഡോമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.