2024 ഏപ്രിൽ 28 തിങ്കൾ 1199 മേടം 15
വാർത്തകൾ
🗞️ 👉 ATM മെഷീൻ തകർത്ത് 18 ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി
കർണാടക കലബുറഗിയിൽ ATM മെഷീൻ തകർത്ത് 18 ലക്ഷം രൂപ കവർന്ന പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്. ഹരിയാന മേവാത്ത് സ്വദേശികളായ എം.ജെ. തസ്ലിം (28), എം.എ. ഷെരീഫ് (22) എന്നിവരെയാണ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്കും പരുക്കേറ്റു. രണ്ടാഴ്ച്ച മുമ്പാണ് കൽബുർഗി SBI എടിഎം മെഷീനിൽ നിന്ന് 18 ലക്ഷം രൂപ കവർന്നത്. സംശയാസ്പദമായി കണ്ട ഡൽഹി രജിസ്ട്രേഷനിലുള്ള കാറിനെ പിന്തുടർന്നപ്പോഴാണ് എം.ടി.എം കവർച്ചക്കർ വലയിലായത്.
🗞️ 👉 കാർ ജനക്കൂട്ടത്തിലേക്ക് ഓടിക്കയറി ഒൻപത് പേർ കൊല്ലപ്പെട്ടു
കാനഡയിലെ വാൻകൂവർ നഗരത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി ഒൻപത് പേർ കൊല്ലപ്പെട്ടു. കാർ ഡ്രൈവറെ കാനഡ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസുകാരനായ ഇയാൾ വാൻകൂവറിലെ താമസക്കാരനാണ്. ആക്രമണമാണോ അപകടമാണോ നടന്നതെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
🗞️ 👉 തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരത്ത് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.വെള്ളല്ലൂർ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു.ഉടൻ തന്നെ സലീമിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ CPI വട്ടവിള ബ്രാഞ്ച് സെക്രട്ടറിയാണ് മരണപ്പെട്ട സലിം.
🗞️ 👉 ജമ്മുകശ്മീരിലെ കിഷ്ത്വർ ജില്ലയിൽ പോലീസിന്റെ സുപ്രധാന ഉത്തരവ്
സൈനിക യൂണിഫോമുകളും സമാനമായ വസ്ത്രങ്ങളും തയ്ക്കുന്നതും വിൽക്കുന്നതും ജമുകശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നിരോധിച്ചു. ദേശവിരുദ്ധ ശക്തികൾ ഇത്തരം യൂണിഫോമുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം. ജമ്മുകശ്മീർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് കുമാർ ശവാൻ ആണ് ഉത്തരവിട്ടത്.
🗞️ 👉 CPIM സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി കെ ശ്രീമതി പങ്കെടുക്കരുത് ; വിലക്കി പിണറായി വിജയന്‍
കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ മാസം 19ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിലക്കിയത്.
🗞️ 👉 ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT
ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.