2024 ഏപ്രിൽ 24 വ്യാഴം 1199 മേടം 11
വാർത്തകൾ
🗞️ 👉 വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദിന ക്യാമ്പ് നടത്തി
വെള്ളികുളം : വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് CALL TO HOLINESS എന്ന വിഷയത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ട്രീസ മരിയ അരയത്തുംകര സി.എം.സി. മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ കുർബാന
ജീവിതലക്ഷ്യം, വ്യക്തിത്വവികസനം,ദൈവവിളി, ലഹരി – മയക്കുമരുന്ന് സ്വാധീനം കുട്ടികളിൽ, കുട്ടികളും മൊബൈൽ ഫോണും തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഡീക്കൻ ഹെൻട്രി തെക്കേചൂര നോലിക്കൽ, ഡീക്കൻ ജിയോ പ്ലാത്തോട്ടത്തിൽ, ബ്രദർ ബ്രൈറ്റ് അമ്പലത്തട്ടേൽ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.
🗞️ 👉 മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് വെള്ളിയാഴ്ച
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. കുട്ടികളുടെ പഠന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ, കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ –
പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകൾ തുടങ്ങിയവ ക്ലിനിക്കിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ വ്യതിയാനങ്ങൾ മനസിലാക്കുന്നതിനും അവസരമുണ്ട്. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 8281699263
🗞️ 👉 വിസാറ്റ് – മുത്തൂറ്റ് സെക്യൂരിറ്റീസ് NISM പരിശീലന പരിപാടി സംഘടിപ്പിച്ചു
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുത്തൂറ്റ്- സെക്യൂരിറ്റിസും ചേർന്ന് സംഘടിപ്പിച്ച NISM പരിശീലന പരിപാടിയും പ്ലേസ്മെന്റ് ഡ്രൈവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ
പ്രൊഫ.(ഡോ) സി റ്റി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ കാര്യങ്ങൾ പഠിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനുമുള്ള കോമൺസെൻസ് വികസിപ്പിക്കാനുമുള്ള പ്രൊഫഷണലിസം വിദ്യാർത്ഥികൾക്ക് ഉണ്ടാവണമെന്ന് വി സി ഉദ്ബോധിപ്പിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ മുത്തൂറ്റ് സെക്യൂരിറ്റി ചീഫ് ബിസിനസ് ഓഫീസർ ശ്രീ ജിബി മാത്യു മുഖ്യപ്രഭാഷണം നടത്തി.
🗞️ 👉 കൊല്ലുംമുമ്പ് മതം ചോദിച്ചുറപ്പിക്കുന്ന ഭീകരവാദം ഗൗരവതരം: രാജീവ് ചന്ദ്രശേഖര്‍
ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാകിസ്താനിൽ നിന്ന് വന്ന ഭീകരൻ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും അദ്ദേഹം പറഞ്ഞു. മാവേലിക്കരയില്‍ ബിജെപി ആലപ്പുഴ തെക്ക് ജില്ലാ വികസിത കേരളം കൺവൻഷനിൽ പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️ 👉 പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിംഗും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222/ 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.
🗞️ 👉 മന്ത്രിസാഥാനം ഒഴിഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കും; സെന്തിൽ ബാലാജിയെ വിമർശിച്ച് സുപ്രിംകോടതി
അഴിമതിക്കേസിൽ ജാമ്യം കിട്ടയതിന് പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ സെന്തിൽ ബലാജിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. എന്ത് അടിസ്ഥാനത്തിലാണ് സെന്തിൽ ബാലാജി വീണ്ടും മന്ത്രിയായതെന്ന് കോടതി ചോദിച്ചു. മന്ത്രിയല്ല എന്ന നിലയ്ക്കാണ് കോടതി ജാമ്യം നൽകിയത്. തൊട്ടുപിന്നാലെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും വന്നത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞു.
🗞️ 👉 ടെസ്ലയുടെ ലാഭം കുത്തനെ ഇടിഞ്ഞു
യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷമത വിഭാഗമായ ഡോജിന്റെ ചുമതലയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അറിയിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ ലാഭത്തില്‍ 71 ശതമാനം ഇടിവുണ്ടായ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം. നിക്ഷേപകരുമായുള്ള ഒരു മീറ്റിംഗിലാണ് താന്‍ ഡോജിലെ പ്രധാന ചുമതലകള്‍ അടുത്ത മാസം വേണ്ടെന്ന് വയ്ക്കുകയാണെന്ന് മസ്‌ക് അറിയിച്ചത്.
🗞️ 👉 പുതിയ എകെജി സെന്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സിപിഐഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്തു. ഉദ്ഘാടനത്തിന് മുൻപ് മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള എകെജി സെന്ററിൽ പതാക ഉയർത്തി.