തലയോലപ്പറമ്പ്: ഉദയംപേരൂരിൽ മിനിടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ പരേതരായ ജോയി, ശാന്തമ്മ ദമ്പതികളുടെ മകൻ ജിജോ തോമസ് (40) ആണ്
മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെ പുതിയകാവ് ജംഗ്‌ഷന് സമീപമാണ് അപകടം. ഞായറാഴ്ച വൈകിട്ട് ജിജോയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ബന്ധുവിനെ രാവിലെ എറണാകുളത്ത് കൊണ്ടുവിട്ട ശേഷം തിരികെ മറവൻതുരുത്തിലേക്ക് വരുന്നതിനിടെയാണ്
അപകടം. എതിരെ വന്ന മിനിടൂറിസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിജോ. ഭാര്യ – ജീജ (ആലപ്പുഴ). ഏക മകൻ – ജോഷ്വാ ജി ജോ (രണ്ട് വയസ്സ്). സംസ്ക്കാരം നടത്തി.