ടസ്കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം
മുട്ടിന്മേല്‍ നിന്ന് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും’ ചൊല്ലുക ആഗ്നസിന്‍റെ പതിവായിരുന്നു. ഒമ്പത് വയസ്സായപ്പോള്‍ ആഗ്നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. കര്‍ക്കശമായ സന്യാസ സമൂഹത്തില്‍,
സകലര്‍ക്കും മാതൃകയായി അവള്‍ വളര്‍ന്നു വന്നു.
15 വയസ്സായപ്പോള്‍ ഓര്‍വീറ്റോ രാജ്യത്തെ പ്രോസേനോയിലുള്ള വിശുദ്ധ ഡോമിനിക്കിന്റെ സന്യാസിനീ സഭയിലേക്ക് അവള്‍ മാറി. അധികം താമസിയാതെ തന്നെ നിക്കോളാസ് നാലാമന്‍ പാപ്പ, വിശുദ്ധയെ അവിടത്തെ ആശ്രമാധിപയായി നിയമിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള
വിശുദ്ധയുടെ കഴിവും, പ്രവചനവരവും വിശുദ്ധയെ വളരെയേറെ ജനസമ്മതിയുള്ളവളാക്കി. തന്റെ രോഗാവസ്ഥയിലും വിശുദ്ധയുടെ കാരുണ്യവും, ക്ഷമയും അവളെ ദൈവത്തിനു പ്രിയപ്പെട്ടവളാക്കി. 1317 ഏപ്രില്‍ 20ന് മോണ്ടെ പുള്‍സിയാനോയില്‍ വെച്ച് ആഗ്നസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.