2024 ഏപ്രിൽ 15 ചൊവ്വ 1199 മേടം 02
വാർത്തകൾ
🗞️ 👉 കാഞ്ഞിരമറ്റം പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ
പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ വിശുദ്ധവാര തിരു കർമ്മങ്ങളുടെ ഭാഗമായി പെസഹാ വ്യാഴാഴ്ച രാവിലെ മുതിർന്ന ആളുകളുടെ കാൽകഴുകൽ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് തിരുകർമ്മങ്ങൾ ആരംഭിക്കുന്നതും പീഡാനുഭവ വായന, നഗരി കാണിക്കൽ, സ്ലീവാചുംബനം എന്നിവയ്ക്ക് ശേഷം എട്ടരയ്ക്ക് ആഘോഷമായ കുരിശിൻ്റെ വഴി നടത്തപ്പെടുന്നതുമാണ്. പള്ളിയിൽനിന്ന് ആരംഭിച്ച് ചെങ്ങളം റോഡിലൂടെ എവർഗ്രീൻ നഗറിലെത്തി പള്ളിക്കത്തോട് വഴിയിലൂടെ മുന്നോട്ടു നീങ്ങി തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വഴിയിലൂടെ ഇഞ്ചിക്കാലാ ജംഗ്ഷനിലെത്തി കാഞ്ഞിരമറ്റം പള്ളിയിലേക്ക്
തിരിച്ചെത്തുന്ന വിധത്തിലാണ് പതിനാല് സ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പതിനാല് സ്ഥലങ്ങളിലും രൂപതയുടെ കുടുംബ കൂട്ടായ്മയുടെയും ഇവാഞ്ചലൈസേഷൻ്റയും ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത് സന്ദേശം നൽകുന്നതാണ്. തുടർന്ന് നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച രാവിലെ ആറരയ്ക്ക് ആഘോഷമായ വിശുദ്ധ കുർബാനയും മാമോദിസ നവീകരണവും പുത്തൻ തീയും വെള്ളവും വെഞ്ചിരിപ്പും നടക്കും. ഈസ്റ്റർ തിരുകർമങ്ങൾ ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്ക് ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം സന്ദേശവും ഉണ്ടാവും. ആറുമണിക്ക് എട്ടുമണിക്കും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. വികാരി .ഫാ ജോസഫ് മണ്ണനാലും സഹവികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിലും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും.
🗞️ 👉 കേരള പൊലീസ് ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത് 775 കുട്ടികളെ
കുട്ടികളെ മൊബൈല്‍, ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് കുട്ടികള മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഡി-ഡാഡിന് മികച്ച പുരോഗതി. 775 കുട്ടികളെയാണ് ഇതുവരെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത്. കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയിലാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്താകെ സേവനം ആവശ്യപ്പെട്ട് ബന്ധപ്പെട്ട 1739 പേരില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചനം നല്‍കാന്‍ സാധിച്ചു.
🗞️ 👉 നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജയെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള ഏജൻസി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നാസയിലെ 900 ജീവനക്കാരെ 2024 ൽ പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോൾ ട്രംപ് സർക്കാർ പുറത്താക്കിയത്.
🗞️ 👉 ബഹിരാകാശത്തെ ലേഡീസ് ഒൺലി ട്രിപ്പ്
സ്പേസ് ടൂറിസത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രമായി നടത്തിയ ബഹിരാകാശ യാത്ര പൂർത്തിയായി. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എൻ എസ് 31 പേടകത്തിലായിരുന്നു യാത്ര.
🗞️ 👉 യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ തൊടുത്തുവിട്ട 2 ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചു
യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് യുക്രൈന്‍ നഗരഹൃദയത്തില്‍ പതിച്ചത്. ഇന്നലെ പ്രാദേശിക സമയം 10.15 ഓടെയായിരുന്നു സംഭവം. ഓശാന ഞായര്‍ ആചരിക്കാനായി കൂടിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും.
🗞️ 👉 വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
മുർഷിദാബാദിന് ശേഷം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ പൊലീസിന്റെ വാൻ തകർക്കുകയും നിരവധി ബൈക്കുകൾക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.
🗞️ 👉 ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍ എന്നാണ് വിമര്‍ശനം. വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പരത്തുകയാണെന്നും അംബേദ്കറെ അപമാനിക്കുകയാണെന്നുമുള്ള മോദിയുടെ പരമാര്‍ശത്തിനുള്ള മറുപടിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്‍കിയത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
🗞️ 👉 അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും; കെ.എം എബ്രഹാം
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒ കെ എം എബ്രഹാം. കിഫ്‌ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല. പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും കെ.എം എബ്രഹാം പറഞ്ഞു.
🗞️ 👉 മാളയിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
തൃശ്ശൂർ മാളയിൽ മദ്യലഹരിയില്‍ കാർ അമിതവേഗത്തില്‍ ഓടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് വന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ IPS ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിട്ടുള്ളത്.
🗞️ 👉 മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സംഘം
പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ ആക്കുന്നതിനാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, സി ബി ഐ, വിദേശ കാര്യമന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് ബെൽജിയത്തിലേക്ക് പുറപ്പെടുന്നത്.
🗞️ 👉 ‘ഞങ്ങൾ അധികാരത്തിലേറിയാൽ, വെറും ഒറ്റ മണിക്കൂറിനുള്ളിൽ വഖ്ഫ് നിയമം പിഴുതെറിയും’; ഇമ്രാൻ മസൂദ്
കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട് ചെയ്യുന്നു.ഞങ്ങൾ അധികാരത്തിൽ വന്ന ദിവസം, ഒരു മണിക്കൂറിനുള്ളിൽ ഈ ബിൽ ഞങ്ങൾ പിഴുതെറിയും.ഞങ്ങൾ വീണ്ടും അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
🗞️ 👉 കൊച്ചി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോകിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്നാണ് 1കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം 35 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിന്നാണ് തായ് എയർലൈൻസിൽ നിന്ന് ഇവരെ പിടികൂടുന്നത്.