സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. വിശുദ്ധന്‍ ഒരു ഗ്രീക്ക് കാരനായിരുന്നുവെന്നും, ലാറ്റിന്‍കാരനായിരുന്നുവെന്നും, ആഫ്രിക്കകാരനായിരുന്നുവെന്നുമൊക്കെ നിരവധി വാദഗതികള്‍ നിലവിലുണ്ട്. 362-ല്‍ മതവിരുദ്ധവാദിയായിരുന്ന ജൂലിയന്റെ ഭരണകാലത്തായിരുന്നു വിശുദ്ധന്‍ വെറോണയിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്നു.
ഓരോ വര്‍ഷവും നിരവധി വിഗ്രഹാരാധകരെ വിശുദ്ധന്‍ മതപരിവര്‍ത്തനം ചെയ്തിരുന്നുവെന്ന് ചരിത്രതാളുകളില്‍ നമ്മുക്ക് കാണാവുന്നതാണ്. മാത്രമല്ല കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ സഹായത്തോടെ ആ ഭാഗങ്ങളില്‍ ക്രമാതീതമായി ശക്തിപ്രാപിച്ചു വന്നിരുന്ന യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധതക്കെതിരെ വിശുദ്ധന്‍ വര്‍ദ്ധിച്ച ആവേശത്തോടും, ഉത്സാഹത്തോടും കൂടി പ്രവര്‍ത്തിച്ചു.
378-ലെ അഡ്രിയാനോപോളിലെ യുദ്ധത്തില്‍ ഗോത്തുകള്‍ വലെന്‍സിനെ കീഴടക്കി. നിരവധി പേര്‍ മരിക്കുകയും, ഒരുപാടുപേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ വെറോണ നിവാസികളുടെ ദാനധര്‍മ്മങ്ങള്‍ മൂലം, അടുത്ത പ്രവിശ്യകളിലെ നിരവധി ആളുകളെ അടിമത്വത്തില്‍ നിന്നും, ക്രൂരമായ മരണത്തില്‍ നിന്നും, കഠിനമായ ജോലികളില്‍ നിന്നും രക്ഷിക്കുന്നതിന് കാരണമായി.
വിശുദ്ധ സെനോ വളരെയേറെ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. തന്‍റെ ചെറുപ്പകാലം ഘട്ടം മുതല്‍ അള്‍ത്താര ശുശ്രൂഷക്കായി നിരവധി പേരെ പരിശീലിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധന്‍ പുരോഹിതാര്‍ത്ഥികള്‍ക്ക് പട്ടം നല്‍കുന്ന പതിവും ഉണ്ടായിരുന്നു. വെറോണയില്‍ വെച്ച് വിശുദ്ധ സെനോ, നിരവധി കന്യകകളെ ദൈവത്തിനായി സമര്‍പ്പിക്കുകയും, അവര്‍ക്ക് വിശുദ്ധിയുടെ ശിരോവസ്ത്രം നല്‍കുകയും ചെയ്തിരുന്നു. അവരില്‍ കുറേപേര്‍ തങ്ങളുടെ ഭവനങ്ങളിലും, മറ്റുള്ളവര്‍ വിശുദ്ധന്റെ മേല്‍നോട്ടത്തിലുള്ള ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത് എന്ന് വിശുദ്ധ അംബ്രോസ് രേഖപ്പെടുത്തുന്നു.
രക്തസാക്ഷികളുടെ തിരുനാള്‍ ദിനങ്ങളില്‍ അവരുടെ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെട്ടിരുന്ന അധാര്‍മ്മികവും, പൊങ്ങച്ചം നിറഞ്ഞതുമായ ആഘോഷങ്ങളെ വിശുദ്ധന്‍ വിലക്കിയിരുന്നു. മരിച്ച വിശ്വാസികളുടെ കാര്യത്തിലും വിശുദ്ധന്‍ തന്റെ കാരുണ്യം പ്രകടമാക്കിയിട്ടുണ്ട്. മരിച്ചവരേപ്രതി യാതൊരു ആത്മനിയന്ത്രണവുമില്ലാതെ വിശുദ്ധകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തികൊണ്ടുള്ള വിലാപങ്ങളെ വിശുദ്ധന്‍ പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്.
വിശുദ്ധന്റെ കഠിനമായ പ്രയത്നങ്ങലുടെ ഫലം വിശുദ്ധന് ലഭിച്ചു. 380 ഏപ്രില്‍ 12ന് വിശുദ്ധന്‍ സന്തോഷകരമായ ഒരു മരണം കൈവരിച്ചു.