ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായിട്ടാണ് വിശുദ്ധ റിച്ചാര്‍ഡ് ജനിച്ചത്. തന്റെ ജ്ഞാനസ്നാന പ്രതിജ്ഞകള്‍ പാലിക്കുന്നതിനായി ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും, അറിവിന്റേയും, നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.
വിശുദ്ധ റിച്ചാര്‍ഡ് ഓര്‍ലീന്‍സിലുള്ള ഡൊമിനിക്കന്‍ ഫ്രിയാര്‍സിന്റെ ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തന്റെ ദൈവശാസ്ത്ര പഠനം തുടരുകയും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. പിന്നീട് വൈദീക സേവനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലെ കാന്റര്‍ബറി രൂപതയിലെത്തി. വിശുദ്ധ എഡ്മണ്ടിനു ശേഷം മെത്രാപ്പോലീത്തയായി തീര്‍ന്ന ബോനിഫസ്, വിശുദ്ധനെ തന്റെ രൂപതയുടെ മുഴുവന്‍ ചാന്‍സലറായി ചുമതലയേല്‍ക്കുവാന്‍ നിര്‍ബന്ധിച്ചു.
ചിച്ചെസ്റ്ററിലെ മെത്രാനായിരുന്ന റാല്‍ഫ് നെവില്‍ 1244-ല്‍ അന്തരിച്ചപ്പോള്‍ രാജാവായിരുന്ന ഹെന്രി മൂന്നാമന്‍ യാതൊരു തരത്തിലും ആ പദവിക്ക് യോജിക്കാത്ത റോബര്‍ട്ട് പാസെല്യൂ എന്ന തന്റെ ഒരു വിശ്വസ്തനെ ആ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ മെത്രാപ്പോലീത്തയും മറ്റു സഭാ പുരോഹിതന്‍മാരും, ആ വ്യക്തി ഈ പദവിക്ക് യോജ്യനല്ലെന്ന് അറിയിക്കുകയും വിശുദ്ധ റിച്ചാര്‍ഡിനെ ആ പദവിയിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്രകാരം 1245-ല്‍ അദ്ദേഹം മെത്രാനായി അഭിഷിക്തനായി.
ഇതിന് ശേഷം വിശുദ്ധന്‍ തന്റെ ദൈവഭക്തിയും, വിശ്വാസവും ഇരട്ടിയാക്കി. രോഗികളെ സന്ദര്‍ശിക്കുക, മരിച്ചവരെ അടക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അദ്ദേഹം പതിവാക്കി. ഒരിക്കല്‍ വിശുദ്ധന്റെ ഒരു ദാസന്‍ അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തികള്‍ വിശുദ്ധന്റെ വരുമാനത്തേയും കവച്ച് വെക്കുന്നു എന്ന് പരാതിപെട്ടപ്പോള്‍ “എങ്കില്‍ എന്റെ പാത്രങ്ങളും, കുതിരകളേയും വില്‍ക്കുക” എന്നായിരുന്നു വിശുദ്ധന്‍ മറുപടി കൊടുത്തത്.
ഒരു വിശുദ്ധ-യുദ്ധത്തിനു മാര്‍പാപ്പാ ആഹ്വാനം ചെയ്ത അവസരത്തില്‍ ഒരു വചന-പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന വിശുദ്ധന്‍ കടുത്ത പനിപിടിച്ചു കിടപ്പിലാവുകയും തന്റെ മരണം മുന്‍കൂട്ടി പറയുകയും ചെയ്തു. ദൈവസ്നേഹവും, നന്ദിപ്രകാശനങ്ങളുമായി വിശുദ്ധന്‍ തന്റെ മരണത്തിനു തന്നെ തന്നെ സന്നദ്ധനാക്കി. 1253 ഏപ്രില്‍ 3ന് ദൈവത്തിന്റെ ഭവനം എന്ന് വിളിക്കപ്പെടുന്ന ഡോവറിലെ ഒരാശുപത്രിയില്‍ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.