1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും, ഏകാന്തതയിലും, പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. അദ്ദേഹത്തിന് 13 വയസ്സായപ്പോള്‍ അവന്റെ പിതാവ് അവനെ സെന്റ് മാര്‍ക്കിലുള്ള ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. അവിടെ വെച്ചാണ് അവന്‍ വായിക്കുവാനും സന്യാസജീവിതത്തിന്റെ ബാലപാഠങ്ങളും സ്വായത്തമാക്കിയത്. അനാവശ്യ സംസാരവും, മാംസ ഭക്ഷണവും അദ്ദേഹം വര്‍ജ്ജിച്ചു.
ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞതിനു ശേഷം വിശുദ്ധന്‍, തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസ്സീസ്സിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളായില്‍ എത്തിയ വിശുദ്ധന്‍ 1432-ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍തീരത്തോടു ചേര്‍ന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയുടെ മൂലയില്‍ ഒരു ഗുഹ സ്വയം നിര്‍മ്മിക്കുകയും അവിടെ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു.
1454 ആയപ്പോഴേക്കും കോസെന്‍സായുടെ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഈ സന്യസ്ഥര്‍ക്കായി അതേ സ്ഥലത്ത് തന്നെ ഒരു വലിയ ദേവാലയവും ആശ്രമവും പണികഴിപ്പിച്ചു. ഇതിന്റെ നിര്‍മ്മിതിയില്‍ ജനങ്ങളുടെ സഹകരണം വളരെ വലുതായിരുന്നു. ഇതിന്റെ നിര്‍മ്മാണ വേളയില്‍ വിശുദ്ധ ഫ്രാന്‍സിസ് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തില്‍ ഒരു ക്രമവും, അച്ചടക്കവും നിലവില്‍ വരുത്തി. വിശുദ്ധന്റെ അവസാനകാലത്തോളം അദ്ദേഹത്തിന്റെ കിടക്ക വെറും തറയോ, ഒരു പലകകഷണമോ ആയിരുന്നു. രാത്രിയില്‍ വെറും അപ്പവും ജലവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ചില പ്രത്യേക അവസരങ്ങളില്‍ രണ്ടു ദിവസത്തോളം അദ്ദേഹം യാതൊരു ഭക്ഷണവും കഴിക്കാതെ കഴിഞ്ഞിരുന്നു.
1471-ല്‍ കോസെന്‍സായിലെ മെത്രാപ്പോലീത്ത നമ്മുടെ വിശുദ്ധന്റെ സഭയേയും അതിന്റെ നിയമാവലിയേയും അംഗീകരിച്ചു. 1474 മെയ് 23ന് പാപ്പാ സിക്സ്റ്റസ് നാലാമന്‍ വിശുദ്ധന്റെ സഭയെ പാപ്പയുടെ ഔദ്യോഗിക രേഖയാല്‍ അംഗീകരിക്കുകയും വിശുദ്ധ ഫ്രാന്‍സിസിനെ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി നിയമിക്കുകയും ചെയ്തു. 1476-ല്‍ വിശുദ്ധന്‍ പാറ്റെര്‍ണോയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. പിന്നീട് സ്പെസ്സായില്‍ ഒരാശ്രമവും കൂടി തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1479-ല്‍ വിശുദ്ധന്‍ സിസിലിയിലേക്ക് ക്ഷണിക്കപ്പെട്ടു, അവിടെ അദ്ദേഹം അനേകം ആശ്രമങ്ങള്‍ സ്ഥാപിച്ചു.
വിശുദ്ധന്‍ ഫ്രാന്‍സില്‍ എത്തിയപ്പോള്‍ അവിടെ പ്ലേഗ് രോഗം മൂലം കഷ്ടപ്പെട്ട നിരവധി പേരെ അദ്ദേഹം സുഖപ്പെടുത്തി. ഫ്രാന്‍സിലും വിശുദ്ധന്‍ നിരവധി ആശ്രമങ്ങള്‍ പണിതു. 1508 ഏപ്രില്‍ 2നു വിശുദ്ധനു 91 വയസ്സ് പ്രായമുള്ളപ്പോളാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.