2024 ഏപ്രിൽ 02 ബുധൻ 1199 മീനം 19
വാർത്തകൾ
- വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് കെ സി ബി സി
വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാര്‍ വോട്ടുചെയ്യണമെന്ന കെ സി ബി സി നിലപാടില്‍ ഞെട്ടി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മുനമ്പം വഖഫ് ഭൂമിവിഷയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി ബി സിയുടെ ഈ നിലപാട്. വിവിധ ക്രിസ്ത്യൻ സഭകളും മോദി സര്‍ക്കാര്‍ നാളെ സഭയില്‍ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന് അനുകൂല നിലപാടുമായി രംഗത്തു വരികയാണ്.
കാത്തലിക് ബിഷപ്പ് കൗണ്‍സിലും വഖഫ് ബില്ലിന് അനുകൂല പ്രസ്താവന നടത്തിയിരിക്കയാണ്.
- ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. രാവിലെ 9:45 ഓടെ ഒരു വലിയ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്.
- എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു
എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂരിലെ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു.
- ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
- വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ
വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
- KSRTC ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
- വഖഫ് ബില്ലിനെ CPIM എതിർക്കും; പ്രകാശ് കാരാട്ട്
വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി. എല്ലാവരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നും പ്രകാശ് കാരാട്ട്. പാർട്ടിയുടെ എല്ലാ ലോകസഭ എംപിമാരോടും പാർട്ടി കോൺഗ്രസ് ഒഴിവാക്കി നാളെ ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടു.