2024 മാർച്ച് 15 ശനി 1199 മീനം 01
വാർത്തകൾ
- കൊഴുവനാൽ പള്ളിയിൽ 1500 വിശുദ്ധരുടെ തിരുശേഷി പ്രദർശനം
കൊഴുവനാൽ പള്ളിയിൽ വലിയനോമ്പിലെ വാർഷിക ധ്യാനത്തോടനുബന്ധിച്ച് 1500 റിലേറെ വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം നടത്തപ്പെട്ടു. Society of Missionaries of Peace-ന്റെ നേതൃത്വത്തിൽ Carlo Aquitus Foundation നാണ് പ്രദർശനം നടത്തിയത്. കൊഴുവനാൽ പള്ളി വികാരി ഫാ ജോസ് നെല്ലിക്കതെരുവിൽ കൈക്കാരന്മാർ തുടങ്ങിയവരാണ് പ്രദർശനത്തിന് നേതൃത്വം നല്കിയത്.
- കൊല്ലപ്പള്ളി വോളി 16 മുതൽ 23 വരെ
കൊല്ലപ്പള്ളി: വളർന്നു വരുന്ന യുവ തലമുറ മയക്കുമരുന്നിനും അക്രമവാസനകൾക്കും അടിമപ്പെടാതെ മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനും സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലപ്പള്ളി ജനകീയ സമിതി അഖില കേരള വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 16 മുതൽ 23 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 10 പുരുഷ -വനിത ടീമുകൾ പങ്കെടുക്കും.വിജയികൾക്ക് ഒന്നാം സമ്മാനമായി 25,001 രൂപ കാഷ് അവാർഡും മൊടൂർ ദേവസ്യ ത്രേസ്യാമ്മ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി വെള്ളിയാം കണ്ടം പാപ്പൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20,001 രൂപ കാഷ് അവാർഡും നല്കും.
- സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തും; എം വി ഗോവിന്ദൻ
എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതിൽ ആർ തെറ്റ് ചെയ്തു എന്നതിനല്ല പ്രാധാന്യം, സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
- സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടിവെള്ളം എന്നിവ നൽകണം; തൊഴിൽ വകുപ്പ്
സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ നൽകണമെന്നാണ് നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ല ലേബർ ഓഫീസർ ഉറപ്പുവരുത്തണം. പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
- പാലക്കാട് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്. ഷോക്കേറ്റെതെന്നാണ് പ്രാഥമിക വിവരം. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമാണ് പൂരം അവസാനിച്ചത്. പൂരത്തോട് അനുബന്ധിച്ച് കെട്ടിയ പന്തലുകൾ അഴിച്ചു മാറ്റുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു.
- 5990 കോടി രൂപ അധികം കടമെടുക്കാന്‍ കേരളം
അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടമെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
- നദിയിൽ കുളിക്കാൻ ഇറങ്ങി; മഹാരാഷ്ട്രയിൽ 4 പേർ മുങ്ങിമരിച്ചു
മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ കോംപ്ലക്സിൽ നിന്നുള്ള കുട്ടികൾ ഹോളി ആഘോഷത്തിന് ശേഷം കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്. നീന്തുന്നതിനിടെ, അവരിൽ ഒരാൾ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടുകയുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, നാലുപേരും വെള്ളത്തിൽ മുങ്ങിപ്പോയി.
- മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു
കാനഡയുടെ പ്രധാനമന്ത്രിയായി മാർക് കാർണി അധികാരമേറ്റു. അമേരിക്കയുമായി തർക്കങ്ങൾ മുറുകുമ്പോഴാണ് മാർക് കാർണി തലപ്പത്ത് എത്തുന്നത്. ഒക്ടോബർ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ഇന്ത്യൻ വംശജരായ കമൽ ഖേരയും ,അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ട്. നീണ്ട ഒൻപത് വർഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്.
- കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം
കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി അർജുന് വാരിയെല്ലിന് പരുക്കേറ്റു. ഒന്നാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
- ഹൃദയ ധമനിയിൽ ബ്ലോക്ക്; കെ എൻ ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ.ഹൃദയ ധമനിയിൽ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആനന്ദകുമാർ ചികിത്സയിലുള്ളത്.