2024 മാർച്ച് 03 തിങ്കൾ 1199 മകരം 19
വാർത്തകൾ
- പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്ന് വത്തിക്കാന്‍
റോമിലെ ജെമെല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ പങ്കുവെച്ച് വത്തിക്കാന്‍. പാപ്പയ്ക്കു നിലവില്‍ പനിയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലായെന്നും നോൺ-ഇൻവേസിവ് വെൻ്റിലേഷനും ഓക്സിജൻ തെറാപ്പിയും തമ്മിൽ മാറിമാറി നടത്തുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ശനിയാഴ്ച വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
- കേരളവും ഇന്ത്യയിൽ തന്നെ :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി)
കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്, ബജറ്റിലെ പ്രത്യക്ഷമായ അവഗണനയിൽ പ്രതിഷേധിച്ച് കേരളവും ഇന്ത്യയിൽ തന്നെ എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 7 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസ് പിക്കറ്റ് ചെയ്യുന്നതാണെന്ന് കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
- ട്രിപ്പിൾ ഐ.ടി ക്ക് ഒപ്പം ഇൻഫോസിറ്റിയും ലക്ഷ്യം’കരൂരിന് 74 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി.വലവൂർ പാലായുടെ ഉപ നഗരമാക്കും.ജോസ്.കെ.മാണി എം.പി.
കരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രാധാന്യമേറിക്കഴിഞ്ഞ വലവൂർ ട്രിപ്പിൾ ഐ.ടി യോട് ചേർന്ന് തൊഴിൽ മേഖല കൂടി ഉറപ്പു വരുത്തുന്നതിനായി “ഇൻഫോസിറ്റി ” കൂടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി നാടിൻ്റെ എല്ലാ പിന്തുണയും ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.
വലവൂർ ടൗൺഷിപ്പായി മാറുകയാണ്. ജില്ലയിൽ ഐ.ടി അധിഷ്ഠിത തൊഴിൽ സംരഭത്തിന് തെരഞ്ഞെടുത്ത ഏക സ്ഥലവും കരൂർ പഞ്ചായത്താണ്.ഇൻഫോസിറ്റിക്കായുള്ള പ്രാധമിക നടപടികൾക്കായി ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു.ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടിയിരിക്കുന്നു.
കരൂരിനു മാത്രമായി 74 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ‘
വലവൂർ കൺവൻഷൻ സെൻ്ററിൽ കേരള കോൺ (എം) കരൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
- ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു.
- ലോകത്ത് 40 ശതമാനം ജനങ്ങൾക്കും മനസിലാകുന്ന സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് യുഎൻ സമിതി
ആഗോള ജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർക്കും അവർ സംസാരിക്കുന്നതോ അല്ലെങ്കിൽ മനസ്സിലാക്കുന്നതോ ആയ ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗിൻ്റെ കണക്ക്. മാതൃഭാഷകൾ ഉപയോഗിക്കുന്നതിനുള്ള പരിമിതമായ അധ്യാപക ശേഷി, മാതൃഭാഷകളിൽ പാഠപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും ലഭ്യതക്കുറവ്, സമൂഹത്തിൽ നിന്നുള്ള എതിർപ്പുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
- സെബി മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു
സെബി മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി. ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാധബി പുരി ബുച്ചിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്ന് അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതി ജഡ്ജ് ശശികാന്ത് ഏകനാഥറാവു ബംഗാർ ഉത്തരവിട്ടു.
- ഡൽഹി മോത്തിയഖാനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു
മോതിയ ഖാൻ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റതായി ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു പ്രദേശത്തുള്ള ഒരു വീട്ടിൽ തീ പിടിത്തം ഉണ്ടാകുന്നത്. തീയണയ്ക്കൽ പ്രവർത്തനത്തിനിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രവീന്ദർ സിംഗ്, വേദ് എന്നീ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തു.
- ചൂരൽമലയിലെ മനുഷ്യരെ ഇനിയും വേർപിരിക്കരുത്; മന്ത്രി കെ രാജൻ
ചൂരൽമലക്കാരെ ഇനിയും വേർപിരിക്കരുത് ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി കെ രാജൻ. സർക്കാർ പറഞ്ഞ രീതിയിൽ തന്നെ വീടിൻറെ നിർമ്മാണ പ്രവർത്തികളിലേക്ക് കടക്കുകയാണ്. എല്ലാവരെയും ഒരുമിച്ച് ഒറ്റ ടൗൺഷിപ്പിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ ആഗ്രഹിച്ചു.അവിടെ എല്ലാവർക്കും താമസിക്കാനുള്ള ഇടം വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ആഗ്രഹിച്ചത്. എല്ലാവരും ഒരു കേന്ദ്രത്തിൽ ഉണ്ടാകണമെന്നതാണ് സർക്കാരിൻറെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- മുല്ലപ്പള്ളി രാമചന്ദ്രനുമായി അകൽച്ചയില്ല; കെ സുധാകരൻ
മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് അകൽച്ചയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുല്ലപ്പള്ളി കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണ്. ഞങ്ങൾ ഒരമ്മപെറ്റ മക്കളെ പോലെയാണെന്നും കെ സുധാകരൻ പറഞ്ഞു. കാലത്തിന്റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറി.മുല്ലപ്പള്ളിയുമായി ചെറിയ കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായി എന്നത് സത്യമാണ് കമ്മ്യൂണിക്കേഷൻ ഗ്യാപ് വന്നതിൽ ദുഃഖമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും.
- ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയില്‍ വീണ്ടുമെത്തി സുരേഷ് ഗോപി
ആശ വര്‍ക്കേഴ്‌സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്‍കി. നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
- രഞ്ജി ട്രോഫി; ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഇവർക്കൊപ്പം തിരികെ തിങ്കളാഴ്ച്ച രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും.
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദികൾ; കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
ആശ വർക്കേഴ്സിന്റെ ദുരിതജീവിതത്തിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികളാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഒരു രാഷ്ട്രീയ നേതാക്കളെയും സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് അവർ എത്തുന്നതെന്നും സംഘടന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
- 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരും; എ കെ ആന്റണി
ആശാമാരോട് സർക്കാർ ദയ കാണിക്കണമെന്ന് AICC പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. പെരുമഴയത്ത് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നു. വലിയ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല. കേരള സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
- ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; രക്ഷാപ്രവർത്തനം പൂർത്തിയായി
ഉത്തരാഖണ്ഡിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പൂർത്തിയായി. മൂന്നാം ദിവസം നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി. രക്ഷപ്പെടുത്തിയ 46 തൊഴിലാളികളെ ജോഷിമഠിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
- കണ്ണൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു
കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി ആക്രമിച്ചിരുന്നില്ല. വിഷയത്തില്‍ പരാതികളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
- തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; 3 പേർക്ക് പരുക്ക്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേർ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
- റവന്യു വകുപ്പ് തയാറാക്കിയ ചട്ടത്തിന് അംഗീകാരം നല്‍കി നിയമവകുപ്പ്
ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉണ്ടാകും. ചട്ടം പ്രാബല്യത്തില്‍ വരുന്നേതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമി നിയമ വിധേയമാകും.
- സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം വി ഗോവിന്ദന്‍ തുടര്‍ന്നേക്കും
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല. കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി. ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിന്റെ പേര് പാര്‍ട്ടിക്ക് മുന്നിലില്ല. എന്നാല്‍ സെക്രട്ടറിയായി തുടരില്ലേയെന്ന് ചോദിച്ചാല്‍ അങ്ങനെ പറയാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും അവകാശമില്ലെന്നാണ് എം.വി.ഗോവിന്ദന്റെ മറുപടി. സെക്രട്ടറി തെരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ അവകാശം ആണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.