ഏറ്റുമാനൂർ:കടപ്പൂര് കരക്കാരുടെ ദേശാധിപനായ ഏറ്റുമാനൂരപ്പന് കടപ്പൂര് നിവാസികൾ ഭക്തിപൂർവ്വം സമർപ്പിക്കുന്ന കുലവാഴ, കരിമ്പ്,കരിക്കും കുല എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഫെബ്രുവരി 26 -ന് നടക്കുന്ന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാടിൻ്റ നാനാഭാഗങ്ങളിൽ നിന്നും വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന കുലവാഴകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ കടപ്പൂര് ദേവീക്ഷേത്ര സന്നിധിയിൽ സംഗമിക്കും.ഉച്ചകഴിഞ്ഞ് 3.30-ന് മന്ത്രി വി .എൻ .വാസവൻഉദ്ഘാടനം ചെയ്യും.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക സുകുമാരൻ അധ്യക്ഷതവഹിക്കും.
ക്ഷേത്രം രക്ഷാധികാരി ഡോ.എം.ജെ. എം . നമ്പൂതിരിഅനുഗ്രഹ പ്രഭാഷണവും,കെ .എൻ. ശ്രീകുമാർ മുഖ്യ സന്ദേശവും നൽകും.
തുടർന്ന് കാരൂർ കൊട്ടാരത്തിൽ കാണിക്കയർപ്പിച്ച് മാളോല ,ഒളുക്കാല, ക്ലാമറ്റം, വള്ളിക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏറ്റുമാനൂർ തവളക്കുഴി ജങ്ഷനിൽ എത്തുമ്പോൾ വിവിധ ഹൈന്ദവ സംഘടനകൾ, ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരി വ്യവസായി സുഹൃത്തുക്കൾ, നഗരസഭാ അധികൃതർ എന്നിവർ ചേർന്ന് സ്വീകരണം നൽകും.
തളക്കുഴിയിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര താലപ്പൊലിയുടെയും നാടൻ കലാരൂപങ്ങളുടെയും വാദ്യതാള മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രം നഗരിയെ വലം വച്ച് ആറാട്ട് മണ്ഡപത്തിലൂടെ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കും.ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ച് കുലവാഴകളും ,കരിമ്പ് ,കരിക്കിൻ കുലകളും
ഏറ്റുവാങ്ങും.തുടർന്ന് കരക്കാർ ഉത്സവത്തിനായി ദേശകാണിക്ക തിരുനടയിൽ സമർപ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി അടുത്ത വർഷത്തെ ഘോഷയാത്ര നടത്തിപ്പിനായി അനുമതി വാങ്ങി ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്യുന്നതോടെ ഈ വർഷത്തെ ഘോഷയാത്ര പൂർത്തിയാകും.
പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി പ്രസിഡൻറ് കെ .ആർ . ശശികുമാരൻ നായർ,സെക്രട്ടറി മനോജ് കൃഷ്ണൻ നായർ,
ശ്രീ മഹാദേവ സാംസ്കാരിക സമിതി പ്രസിഡന്റ് കെ. എൻ. ശ്രീകുമാർ, ദീപു മോഹനൻ, വി.കെ.സുകുമാരൻ എന്നിവർ പങ്കെടുത്തു.
