AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന് ജീവിച്ചിരുന്നത്. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്ഡന് യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും ചെയ്തു. ഫ്രാങ്കിഷ് രാജാവായിരുന്ന ക്ലോവിസിന്റെ പേരകുട്ടിയും ഒരു ക്രിസ്ത്യന്‍ രാജകുമാരിയുമായിരുന്ന ബെര്‍ത്തായേയാണ് എതെല്‍ബെര്‍ട്ട് വിവാഹം ചെയ്തത്. ബെര്‍ത്താ ഒരു സ്നേഹവതിയും, മാന്യയുമായ ഒരു സ്ത്രീയായിരുന്നു. അവളുടെ ജീവിതത്തെ കുറിച്ച് നമൂക്ക് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂവെങ്കിലും, ആ പുരാതന നാളുകളിലെ തിളങ്ങുന്ന ഒരു നക്ഷത്രമായി ബെര്‍ത്തായുടെ ഓര്‍മ്മ ഇന്നും നിലനില്ക്കുന്നു. ബെര്‍ത്താ ഉത്സാഹവതിയും, വളരെയേറെ ദൈവഭക്തിയുമുള്ള ഒരു ക്രിസ്തീയ രാജകുമാരിയായിരുന്നു.
601-ല്‍ വിശുദ്ധ ഗ്രിഗറി എതെല്‍ബെര്‍ട്ട് രാജാവിനെ പ്രോത്സാഹിപ്പിക്കുകയും, ഒരു ക്രിസ്ത്യാനിയായതില്‍ അഭിനന്ദിക്കുകയും ചെയ്തുകൊണ്ടൊരു കത്തെഴുതി. കോണ്‍സ്റ്റന്റൈന്റേയും, ക്ലോവിസിന്റേയും മതപരിവര്‍ത്തനം ക്രൈസ്തവലോകത്തെ ഇത്രമാത്രം കോരിത്തരിപ്പിച്ച ഒരു നിമിഷവും ഉണ്ടായിട്ടില്ല. യേശുവിനെ സ്വീകരിച്ച എതെല്‍ബെര്‍ട്ട് മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന 20 വര്‍ഷക്കാലത്തോളം അദ്ദേഹത്തിന്റെ ഏക ആഗ്രഹം തന്റെ പ്രജകളുടെ മനസ്സില്‍ ക്രിസ്തുവിനേ പ്രതിഷ്ട്ടിക്കുകയെന്നതായിരിന്നു. യേശുവിനോടുള്ള ഭക്തിക്ക് അദ്ദേഹം ഒരിക്കലും ഒരു കുറവും വരുത്തിയിരിന്നില്ല. അധികാരത്തിന്റേയും, സമ്പത്തിന്റെയും ഇടക്കും എതെല്‍ബെര്‍ട്ട് പരിപൂര്‍ണ്ണമായ വിശ്വാസ ജീവിതത്തില്‍ മുന്നേറി.
വിശുദ്ധന് വിഗ്രഹാരാധനയെ ഇല്ലായ്മ ചെയ്തു. വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റി. എന്നിരുന്നാലും പൂര്‍ണ്ണമനസ്സോടെയുള്ള മതപരിവര്‍ത്തനമാണ് യഥാര്‍ത്ഥ പരിവര്‍ത്തനം എന്നറിയാമായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് മതവിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
ഇംഗ്ലീഷ് പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണ രംഗത്തുണ്ടായ പുരോഗതിയില്‍ വിശുദ്ധ ഗ്രിഗറി പാപ്പാ വളരെയധികം സന്തുഷ്ടനായിരുന്നു. അദ്ദേഹം വിശുദ്ധ എതെല്‍ബെര്‍ട്ടിന് നിരവധി സമ്മാനങ്ങള്‍ അയക്കുകയുണ്ടായി. “നിരവധി നല്ല സമ്മാനങ്ങളാല്‍ ദൈവം നിന്നെ അനുഗ്രഹിച്ചത് പോലെ, നിന്റെ ജനത്തേയും ദൈവം അനുഗ്രഹിക്കുമെന്ന് എനിക്കറിയാം” എന്ന് വിശുദ്ധ ഗ്രിഗറി പാപ്പാ വിശുദ്ധ എതെല്‍ബെര്‍ട്ടിന് എഴുതുകയുണ്ടായി. അദ്ദേഹം രാജാവിനോട് വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുവാനും തന്റെ ജനങ്ങളുടെ ധാര്‍മ്മികനിലവാരം ഉയര്‍ത്തുന്നതിനായി സ്വയം ഒരു മാതൃകയാകുവാനും ഉപദേശിക്കുകയും ചെയ്തു. 616 ഫെബ്രുവരി 24ന് കാന്റര്‍ബറിയില്‍ വച്ച് വിശുദ്ധ എതെല്‍ബെര്‍ട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.