കുറുപ്പന്തറ: വിവേകവും വിജ്ഞാനവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കുട്ടികള്‍ക്കായി മെഗാ ക്വിസ് മത്സം സംഘടിപ്പിച്ചു കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ക്വിസ് ഒളിമ്പ്യാഡ് 2025 എന്ന പേരിലാണ് സ്‌കൂളില്‍ മെഗാ ക്വിസ് സംഘടിപ്പിച്ചത്. സ്‌കൂള്‍ വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി വിവിധ തലങ്ങളില്‍ നടത്തിയ ക്വിസ് മത്സര വിജയികളില്‍ മികവ് പുലര്‍ത്തിയവരെ ടീമുകളാക്കിയാണ് ക്വിസ് ഒളിമ്പ്യാഡ് 2025 സംഘടിപ്പിച്ചത്. സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതു മുതല്‍ പത്രവായന ഉള്‍പെടെ വിദ്യാര്‍ഥികള്‍ ആര്‍ജിച്ച അറിവുകള്‍ അടിസ്ഥാനമാക്കിയാണ് ക്ലാസ്സ് മുറികള്‍ കേന്ദ്രീകരിച്ചു ക്വിസ് മത്സരങ്ങള്‍ നടത്തിയത്. ഈ മത്സരങ്ങളില്‍ മുന്നിലെത്തിയവര്‍ക്കാണ് മെഗാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ച ആറ് റൗണ്ടുകളായിട്ടാണ് മത്സരം നടത്തിയത്. പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സിസ്റ്റര്‍ ഷിമിത തോമസ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ അഭിനവ് ജെ. ഉമേഷും വിസ്മയ വേണുവും ചേര്‍ന്നുള്ള ടീം ജേതാക്കളായി. ജെസ്നിയ ജെമിനിയും സുപ്രിയ എ. പ്രദീപും ചേര്‍ന്നുള്ള ടീം രണ്ടാമതെത്തിയപ്പോള്‍, ജെഫിന്‍ ജെമിനിയും സ്വര്‍ണ അശ്വതി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്ത് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 2500, 1500, 1000 രൂപയും മെമന്റോയും ജേതാക്കള്‍ക്ക് സമ്മാനമായി ലഭിച്ചു. പങ്കെടുത്ത എല്ലാം ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 500 രൂപയും നല്‍കി. അധ്യാപകര്‍ തന്നെയാണ് സമ്മാനതുക സ്പോണ്‍സര്‍ ചെയ്തതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല, പഞ്ചായത്തംഗം ആന്‍സി സിബി, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരിയില്‍, ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍ പ്രസംഗിച്ചു.
