2024 ഫെബ്രുവരി 14 വ്യാഴം 1199 മകരം 02
വാർത്തകൾ
- കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; റിപ്പോർട്ട് തേടി വനംമന്ത്രി
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തെടി വനംമന്ത്രി എകെ ശശീന്ദ്രൻ. ജില്ലാ കലക്ടറോടും ഉത്തരമേഖലാ സിസിഎഫിനോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.
- ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു
തിരുവനന്തപുരം പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. ഒന്നാംവർഷ വിദ്യാർത്ഥിയും നെടുമങ്ങാട് പഴകുറ്റി സ്വദേശിയുമായ അദിറാമിനാണ് മർദനമറ്റേത്. പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. താമസിക്കുന്ന സ്ഥലത്ത് കടന്നുകയറി ആക്രമിച്ചത് നാലംഗ സംഘം. സീനിയർ വിദ്യാർത്ഥികളായ ബിനു,, വിജിൻ ,ശ്രീജിത്ത്, അഖിൽ എന്നിവർക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.
- വഖഫ് നിയമ ഭേദഗതി ബില്‍: ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം
വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം. രാജ്യസഭയില്‍ ബിജെപി അംഗം മേധ കുല്‍ക്കര്‍ണി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകള്‍ പോലും ഒഴിവാക്കിയ റിപ്പോര്‍ട്ട് ഭരണഘടന വിരുദ്ധം എന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ, റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് എതിര്‍പ്പ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
- ഉമാ തോമസ് ആശുപത്രി വിട്ടു
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് എംഎൽഎ വീട്ടിലേക്ക് മടങ്ങി. ഡിസംബർ 29 ന് കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്.
- കോഴിക്കോട് ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു; രണ്ട് പേർ മരിച്ചു
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
- മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം.രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജെപി എംഎൽഎമാർക്കിടയിലും ഒറ്റപ്പേരിൽ എത്തിയില്ല. മുഖ്യമന്ത്രി ബിരേൺ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.