2024 ഫെബ്രുവരി 13 വ്യാഴം 1199 മകരം 01
വാർത്തകൾ
- 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന് വീട്ടിലെത്തുമെന്ന് ഉമ തോമസ്
കലൂരിലെ നൃത്ത പരിപാടിക്കിടെ ഉയരമുള്ള സ്റ്റേജില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസ് നാളെ ആശുപത്രി വിടും. ജഗദീശ്വരന്റെ കൃപയാല്‍ താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും എല്ലാവരേയും വീണ്ടും കാണാനാകുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. 46 ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഉമ തോമസിന്റെ വൈകാരികമായ കുറിപ്പ്.
- ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; കാന്‍സര്‍ ബാധിതര്‍ക്കും കുട്ടികള്‍ക്കും ഇളവ് നല്‍കണമെന്ന് ഉത്തരവ്
സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 600 മുതല്‍ 2500 രൂപവരയാക്കിയാണ് നിജപ്പെടുത്തിയത്. കാന്‍സര്‍ ബാധിതര്‍ക്കും, 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ട് രൂപ ഇളവ് നല്‍കണം. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 20% ഇളവ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
- അവസാന മത്സരത്തിലും കൂറ്റന്‍ സ്‌കോറില്‍ വിജയം; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര തൂത്തുവാരി ടീം ഇന്ത്യ
ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓള്‍ഔട്ടായി. ഇതോടെ ഇന്ത്യ 142 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കി. 357 റണ്‍സ് മറികടക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ആറ് ഓറില്‍ തന്നെ ഇംഗ്ലണ്ട് 60-റണ്‍സിലെത്തിയിരുന്നു. എന്നാല്‍ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം എടുത്തത്. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി. ടോം ബാന്റണ്‍(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടിറങ്ങിയവരെ വേഗത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കി.
- കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂസര്‍ ഫീ വരുമാനത്തില്‍ നിന്നുതന്നെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
- വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം. 28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കാനും ധാരണ.
- തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന മൂന്ന് മണിക്കൂര്‍ പിന്നിട്ടെങ്കിലും സംശയകരായി ഒന്നും കണ്ടെത്തിയില്ലെന്നത് ആശ്വാസകരമാകുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകളെല്ലാം നടന്നെന്നും ട്രെയിന്‍ ഗതാഗതത്തിന് യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നും റെയില്‍വേ സ്ഥിരീകരിച്ചു.
- പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
- അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയേറും
ഫെബ്രുവരി 20ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമകത്വം വഹിക്കും. മേൽശാന്തി കല്ലമ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി സഹകാർമികനാകും. തുടർന്ന് തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് എൻഎസ്എസ് വനിതാ യൂണിയൻ പ്രസിഡൻറ് ബിജി മനോജ് നിർവഹിക്കും.
- ‘കേര’യ്ക്ക് സമാനമായ പേരിലും പാക്കിംഗിലും വ്യാജന്മാര്‍ ധാരാളമെന്ന് കേരഫെഡ്
കേരഫെഡ് വിപണിയിലിറക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ നിരവധി വ്യാജന്മാരുണ്ടെന്നും ഇത്തരം വ്യാജ ബ്രാന്‍ഡുകളുടെ വലയില്‍ വീഴാതെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കേര ഫെഡ്. ‘കേര’ യോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ സുലഭമാണ്. നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴും പല വ്യാജ വെളിച്ചെണ്ണ വിപണനക്കാരും അവരുടെ ബ്രാന്‍ഡിന് 200 രൂപ മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നതെന്ന് കേര ഫെഡ് അറിയിച്ചു.