1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു.
ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാഡെറ്റിനെ ഗ്രോട്ടോയുടെ ഓര്‍മ്മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും അവിടെ പോയി. ശിശു സഹജമായ നിഷ്കളങ്കതയോട് കൂടി, സാത്താന്റെ കുടില തന്ത്രമാണോ എന്ന ഭയത്താല്‍ ബെര്‍ണാഡെറ്റെ താന്‍ കണ്ട ദര്‍ശനത്തിലേക്ക് വിശുദ്ധ വെള്ളം തളിച്ചു. എന്നാല്‍ ആ സ്ത്രീ വളരെ പ്രസന്നപൂര്‍വ്വം പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ വദനം കൂടുതല്‍ മനോഹരമായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു.
മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ അവൾ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാൻ അമലോത്ഭവയാണ്”. അങ്ങനെ 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ചെയ്ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. ഇതിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഫെബ്രുവരി 11 നു ലോകം മുഴുവനുമുള്ള ‘രോഗികളുടെ ദിന’മായി പ്രഖ്യാപിച്ചിരിന്നു. ആയതിനാല്‍ ഈ ദിവസം വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ രോഗികളെ അഭിഷേകം ചെയ്യുന്ന കര്‍മ്മം നടത്തുന്നത് ഉചിതമായിരിക്കും.