വിശുദ്ധ റിച്ചാര്‍ഡ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണ് വളര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ വിശ്വാസം വളരെ ആഴപ്പെട്ടതായിരുന്നു. റിചാര്‍ഡിന്റെ മൂത്തമകനായ വില്ലിബാള്‍ഡിനു മൂന്ന്‍ വയസ്സുള്ളപ്പോള്‍ ഒരു മാരക രോഗത്തിനടിമയായി, രോഗം ഭേദമാകുമെന്ന പ്രതീക്ഷ അവരുടെ കുടുംബത്തിന് ഇല്ലായിരുന്നു. രാത്രിയില്‍ അവന്റെ പിതാവ് അവനെ ഒരു പുതപ്പില്‍ പൊതിഞ്ഞ് തന്റെ കുതിരപ്പുറത്തു കയറ്റി നാല്‍കവലയില്‍ സ്ഥാപിച്ചിട്ടുള്ള ക്രൂശിത രൂപത്തിനരികിലെത്തി, തന്റെ മകനെ അവിടെ കിടത്തി, മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ റിച്ചാര്‍ഡ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിക്കുകയും, അത്ഭുതകരമായി വില്ലിബാള്‍ഡ് സുഖപ്പെടുകയും ചെയ്തു.
വിശുദ്ധ റിച്ചാര്‍ഡിനു തന്റെ രണ്ടാം വിവാഹത്തില്‍ വാള്‍ബുര്‍ഗാ എന്ന് പേരായ ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവള്‍ ടെറ്റയുടെ മേല്‍നോട്ടത്തിലുള്ള വിംബോര്‍ണെയിലെ കന്യകാമഠത്തില്‍ ചേര്‍ന്നു. വിശുദ്ധ റിച്ചാര്‍ഡ് തന്റെ രാജകീയ ഭൂസ്വത്തെല്ലാം ഉപേക്ഷിച്ച് തന്റെ രണ്ടുമക്കളുമൊത്ത് സൗത്താംപ്ടണ് സമീപമുള്ള ഹാംബിള്‍ഹാവെനില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിച്ചു. റൌവ്വന്‍ തുടങ്ങിയ നിരവധി ക്രിസ്തീയ കേന്ദ്രങ്ങളില്‍ സമയം ചിലവഴിച്ചുകൊണ്ടവര്‍ വളരെ സാവധാനം ഫ്രാന്‍സിലൂടെ മുന്നേറി. ഈ തീര്‍ത്ഥയാത്രയിലെപ്പോഴോ അദ്ദേഹം സന്യാസവൃതം സീകരിച്ചു.
നീണ്ട യാത്രകള്‍ക്ക് ശേഷം അവര്‍ ഇറ്റലിയിലെ ലൂക്കായിലെത്തി. ഫ്രിജിഡിയന്‍ എന്ന് പേരായ ഐറിഷ് പുരോഹിതന്‍ നിര്‍മ്മിച്ച ഒരു കത്ത്രീഡല്‍ ദേവാലയം അവിടെ ഉണ്ടായിരുന്നു. തദ്ദേശീയര്‍ അദ്ദേഹത്തെ ഫ്രെഡിയാനോ എന്നായിരുന്നു വിളിച്ചിരുന്നത്. പ്രായാധിക്യവും, നിരന്തരമായ യാത്രകളും വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു, കഠിനമായ ചൂട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധന്‍ മരണപ്പെടുകയും ചെയ്തു.