തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു.
പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു.
ഇന്നത്തെ സുവിശേഷം വ്യത്യസ്തരായ മനുഷ്യരേയും, സംഭവങ്ങളെയും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവയിലൂടെ എണ്ണമറ്റ പാഠങ്ങളും, ചിന്താ വിഷയങ്ങളും വിചിന്തനത്തിനായി നമുക്ക് നല്‍കുകയും ചെയ്യുന്നു. ഏറ്റവും ആദ്യമായി, കന്യകാ മറിയവും, ഔസേപ്പിതാവും ദരിദ്രര്‍ക്ക് വേണ്ടിയുള്ള മോശയുടെ ന്യായപ്രമാണത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ജോടി പ്രാവുകളെ നേര്‍ച്ചയായി അര്‍പ്പിക്കുന്നു.