കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത
വനമേഖലയുടെ അതിർത്തി പുനർനിർണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സർവ്വേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫർസോൺ മാപ്പിൽ ബഫർസോണിൽ വരുന്ന മേഖലകൾ തിരിച്ചറിയുന്നതിനുള്ള ലാൻഡ്മാർക്കുകൾ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റൽ പ്രാവീണ്യം ഇല്ലാത്തവരുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഉപഗ്രഹ സർവേ വിശദാംശങ്ങൾ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. പുഴകൾ, റോഡുകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ മാപ്പിൽ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളിൽ ആശങ്കയുളവാക്കുന്നു . ആകാശക്കാഴ്ച്ചയിൽ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത് തങ്ങളുടെ വീടും സ്വത്തും ബഫർസോൺ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവകാശം നിർദാക്ഷിണ്യം നിഷേധിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമാണ്.
