2024 ഡിസംബർ 27 വെള്ളി 1199 ധനു 12
വാർത്തകൾ
- മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എയിംസിലെത്തിയിരുന്നു. കർണാടകയിലെ ബലഗാവിയിൽ നിന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിലേക്ക് യാത്ര തിരിച്ചു.
- എം ടി വാസുദേവൻ നായർക്ക് വിട നൽകി മലയാളം
മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ് അന്ത്യാദരമർപ്പിക്കാൻ എത്തിയത്. മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം. എം ടിയിലാത്ത ലോകത്ത് ജീവിക്കാൻ ഇനി നമ്മൾ ശീലിക്കുകയാണ്. കോഴിക്കോട്ടെ സിതാരയെന്ന വീട്ടിലെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുന്ന എം ടി കാഴ്ച മലയാളത്തിന് നഷ്ടം. ഒരുകാലത്തെ മുഴുവൻ സർഗസമ്പന്നമാക്കിയ അതുല്യജീവിതം, ഇനി ഓർമ്മ മാത്രം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നു.
- എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്.
- കുഞ്ഞുങ്ങൾ കുടുംബത്തിന്റെ അഭിമാനമാകണം: പ്രോട്ടോ സിഞ്ജലൂസ് വെരി.റവ. ഡോ.ജോസഫ് തടത്തിൽ
ഭരണങ്ങാനം: കുഞ്ഞുങ്ങൾ കുടുംബത്തിന്റെ അഭിമാനമായിരിക്കണമെന്നും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ ക്യാമ്പുകൾ വലിയ പങ്കുവഹിക്കുന്നുവെന്നും പാലാ രൂപത പ്രോട്ടോ സിഞ്ജലൂസ് വെരി. റവ.ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു.ഭരണങ്ങാനം മാതൃഭവനിൽ പാലാ രൂപത ചെറുപുഷ്പ മിഷൻലീഗ് സംഘടിപ്പിക്കുന്ന ജൂണിയേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ വ്യക്തിത്വം സ്വാംശീകരിച്ച് ഈശോയെ സാക്ഷ്യപ്പെടുത്തേണ്ടവരാണ് കുഞ്ഞുങ്ങൾ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മിഷൻലീഗ് രൂപത പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ രൂപത വൈസ് ഡയറക്ടർ സി.ഡോ. മോനിക്ക SH, രൂപത സെക്രട്ടറി ഡോ. റ്റോം ജോസ് ഒട്ടലാങ്കൽ, റവ.ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ബ്രദർ ബ്ലസൺ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ നേതൃശേഷി, വ്യക്തിത്വ വികസനം, ആത്മീയ വളർച്ച എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറ്റിയമ്പത് മിഷൻലീഗ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
- പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയുടെ ക്രിസ്തുമസ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഓട്ടോറിക്ഷാ സഹോദരൻമാരോടൊപ്പം ആഘോഷിച്ചു
പാലാ: പാലാ രൂപതയുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലായിലെ ഓട്ടോറിക്ഷാ സഹോദരന്മാരുടെ കൂടെ ആഘോഷിച്ചു. ക്രിസ്മസ് സന്ദേശം നൽകുകയും കേക്കും സമ്മാനവും പിതാവ് അവർക്ക് കൈമാറുകയും ചെയ്തു. ഏകദേശം 390 സഹോദരന്മാർ ഈ ആഘോഷത്തിൽ പങ്കെടുത്തു.
- ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ
മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി.വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.
- ക്രിസ്തുമസ് രാത്രിയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍; മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍
ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുര്‍ഘടമായ വനപാതയില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി.
- എൻഎസ്എസിന്റെ മന്നം ജയന്തി പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും
എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ NSS ക്ഷണിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ. അദ്ദേഹത്തിന് പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതോടെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചത്.
- ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്; വന്‍ റാക്കറ്റ്
വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ഇത്തരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
- നടുറോഡിൽ കത്തിയമർന്ന് ലംബോർഗിനി ഹുറാക്കാൻ
മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ ആഢംബര കാറായ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആഢംബര കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 45 മിനിറ്റോളം എടുത്താണ് കാറിലെ തീയണക്കാൻ സാധിച്ചത്. അപകടത്തിൽ ആളാപായമില്ല. അഗ്നിബാധയുടെ കാരണമെന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
- മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളം അവകാശമാണ് ചോദിക്കുന്നത്; മുഖ്യമന്ത്രി
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം, മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല, അവരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം പിണറായി -പാറപ്പുറം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision