2024 ഒക്ടോബർ 29 ചൊവ്വ 1199 തുലാം 13
വാർത്തകൾ
- ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിൽ ഹൃദയമാകണം യുവജനങ്ങൾ : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിന്റെ ഹൃദയമാകണം യുവജനങ്ങൾ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. SMYM – KCYM പാലാ രൂപതയുടെ യുവജനദിനാഘോഷം ECCLESIA ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോടനുബന്ധിച്ച് SMYM കടുത്തുരുത്തി ഫൊറോനയുടെയും കീഴൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ വെച്ച് ഒക്ടോബർ 26, 27 തീയതികളിലാണ് യുവജന ദിനാഘോഷം നടത്തപ്പെട്ടത്. സമ്മേളനത്തിൽ യുവജനങ്ങൾ അവരുടെ ആശങ്കകളും ആഗ്രഹങ്ങളും പിതാവുമായി പങ്കുവെയ്ക്കുകയും ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്താനിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പിതാവ് നിർവഹിച്ചു. മെഡിസിറ്റിയിലെ വിവിധ പദ്ധതികളെപ്പറ്റി പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ ജോസഫ് കണിയോടിക്കൽ യുവജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.
- ഓട്ടോറിക്ഷയും ബൈക്കും കൂടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ
പാലാ . ഓട്ടോറിക്ഷയും ബൈക്കും കൂടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ഉല്ലാസിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കളത്തൂക്കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.
- പ്രിയങ്കാ ഗാന്ധി വയനാട്ടില്‍
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ എത്തി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുത്തു.
- കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെ ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്.
- ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല;പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രനെത്തും; കെ.സുരേന്ദ്രൻ
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
- മുനമ്പം നിവാസികളെ കുടിയിറക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കില്ല: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്മേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം.എ. നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യതയൊരുക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മുനമ്പം നിവാസികളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ്പ് വിളിച്ചുചേർത്ത പ്രത്യേക യോഗം വ്യക്തമാക്കി. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച് ബിഷപ്പ് പ്രത്യേക യോഗം വിളിച്ചുചേർത്തത്.
- കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു
കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.
- ഏറെനാൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ്, മലയാളികളായ ഏഴംഗസംഘം തിരികെ നാട്ടിലെത്തിയത്
കൊച്ചിയിൽ വിമാനമിറങ്ങിയ ഇവർ വൈകിട്ടോടെ ജന്മനാടായ വടകരയിൽ എത്തും. ഒക്ടോബർ മൂന്നിനാണ് യുവാക്കൾ തട്ടിപ്പ് സംഘത്തിൻറെ കെണിയിൽ അകപ്പെട്ട് കംബോഡിയയിൽ എത്തുന്നത്. ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത്, വടകര സ്വദേശിയായ സുഹൃത്ത് യുവാക്കളെ ആദ്യം ബാങ്കോക്കിൽ എത്തിക്കുകയായിരുന്നു. അവിടെനിന്നാണ് കംബോഡിയയിലെ സൈബർ തട്ടിപ്പ് സംഘത്തിന് കൈമാറുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവാക്കൾക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏൽക്കേണ്ടി വന്നു. ഒടുവിൽ സാഹസികമായി രക്ഷപെട്ട ഇവർ ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു.
- പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ
കോട്ടയം : കഴിഞ്ഞ ഒക്‌ടോബർ 10 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ടെസി (ബിനി) 46 ന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് അറിയിച്ച് സഹോദരൻ ബിനു തോമസാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. പ്രധാനമായും പരാതിയിൽ ഉന്നയിക്കുന്നത് 10 അടി ഉയരമുള്ള ഹുക്കിൽ കേവലം 5 അടി 2 ഇഞ്ചു മാത്രം ഉയരമുള്ള ടെസി എങ്ങിനെ കയ്യെത്തിച്ച് ഹുക്ക് ഇട്ടുവെന്നും,അതിനു യുവതിക്ക് സാധിക്കില്ലെന്നും ഇത് സംശയം ഉളവാക്കുന്നതാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ബിനു തോമസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു
സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്. മറ്റൊരു ഭീകരൻ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ സൈനിക ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തത്. ആംബുലൻസിന് നേരെ ഏഴ് റൗണ്ട് വെടി ഉതിർത്തു
- ജനസംഖ്യ നിർണയത്തിനായുള്ള സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം മുതൽ ആരംഭിച്ചേക്കും
സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 2011 ൽ ആയിരുന്നു അവസാനമായി സെൻസെസ് നടത്തിയത്. 2021 ൽ നടത്തേണ്ടി ഇരുന്ന സെൻസെസിൽ നാല് വർഷം വൈകി ആണ് നടപടികൾ പോലും ആരംഭിച്ചത്. ഇതിനായുള്ള വിവരശേഖരണത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി.