2024 ഒക്ടോബർ 25 വെള്ളി 1199 തുലാം 09
വാർത്തകൾ
- കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു
പാലാ : കേരളാ ഗ്രോ കോട്ടയം ജില്ലാ സ്‌റ്റോർ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി ആദ്യ വിൽപന നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ, വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, ആത്മാ പ്രോജക്ട് ഡയറക്ടർ അബ്രാഹം സെബാസ്റ്റ്യൻ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, കേരളാ ഗ്രോ ജില്ലാ ബ്രാന്റ്റിങ്ങ് കമ്മറ്റിയംഗം അഡ്വ. വി.റ്റി. തോമസ്, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസ്, പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാംപടി എന്നിവർ പ്രസംഗിച്ചു.
ആരോഗ്യമുള്ള ഭക്ഷണക്രമം അനിവാര്യം: മന്ത്രി പി. പ്രസാദ്
‘പാലാ : അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ മലയാളികൾക്ക് സാധിക്കണമെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന “കേരളാ ഗ്രോ ” സ്‌റ്റോറുകൾ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനകൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പറഞ്ഞു.
- മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ നവീകരിച്ച അത്യാഹിത വിഭാഗം
മുട്ടുചിറ . ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ സേവനങ്ങൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വിപുലീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിൽ നിന്നുള്ള എമർജൻസി ഫിസിഷ്യൻമാരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്രാ നിലവാരമുള്ള അടിയന്തര ചികിത്സ 24 മണിക്കൂറും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. ആധുനിക ചികിത്സ സൗകര്യങ്ങളോടെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
- മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം
സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്.
- ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
നിലയ്ക്കൽ (പത്തനംതിട്ട): ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ മാർത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽനിന്നു മാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ചരിത്രത്തെ നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. മാർത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്ത്. മാർത്തോമ്മൻ പാരമ്പര്യത്തിനവകാശപ്പെട്ട സഭകളുടെ വളർച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെ ത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളർച്ചയുടെ വഴികൾ കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
- സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു
കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
- കാരുണ്യ ചികിത്സ പദ്ധതി; കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ
കാരുണ്യ ചികിത്സ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്. കാരുണ്യ ആരോഗ്യരക്ഷ പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളാണ് മുന്നറിയിപ്പ് നൽകിയത്. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
- ഓട്ടോറിക്ഷ മറിഞ്ഞു പരുക്കേറ്റ ആനയിളപ്പ് സ്വദേശിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ : ഓട്ടോറിക്ഷ മറിഞ്ഞു പരുക്കേറ്റ ആനയിളപ്പ് സ്വദേശി ഡാലിയായെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണി യോടെ തിക്കോയി ഒന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
- അമയന്നൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു
അമയന്നൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി ജിജോയേയും ( 5 5) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി അമയന്നൂരിൽ വച്ചായിരുന്നു അപകടം.
- വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്
ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision