2024 ഒക്ടോബർ 10 വ്യാഴം 1199 കന്നി 24
വാർത്തകൾ
- ആശ്രയത്വമാണ് മനുഷ്യരാശിയെ തമ്മിൽ ബന്ധിപ്പിക്കുന്നത്
എന്തുകൊണ്ടായിരിക്കാം ഗുരു ഒരു ശിശുവിനെ വിളിച്ച് ശിഷ്യന്മാരുടെ നടുക്ക് നിർത്തി അവനെ ആശ്ലേഷിക്കുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്യുന്നത്: “ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമ ത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” . ശിശുവിന് ശക്തിയില്ല, അധികാരമില്ല. പക്ഷെ ശിശുവിന് ആവശ്യങ്ങളുണ്ട്. നാം മനുഷ്യരാശിയെ പരിപാലിക്കുമ്പോൾ, മനുഷ്യരാശിക്ക് എപ്പോഴും ജീവൻ്റെ ആവശ്യമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. നാമെല്ലാവരും ജീവിച്ചിരിക്കുന്നത് നാം സ്വാഗതം ചെയ്യപ്പെടുന്നതുകൊണ്ടാണ്. പക്ഷേ അധികാരശക്തി ഈ സത്യം മറക്കാൻ ശ്രമിക്കുന്നു. നിങ്ങൾ ജീവിച്ചിരിക്കുന്നത് നിങ്ങൾ സ്വാഗതം ചെയ്യപ്പെടുന്ന തിനാലാണ്. അല്ലാത്തപക്ഷം, നാം മേല്ക്കോയ്മക്കാരായിത്തീരുന്നു. സേവകരല്ല. തന്മൂലം ആദ്യം സഹനമനുഭവിക്കുന്നവൻ ഏറ്റവും ഒടുവിലത്തെയാളാണ്: ചെറിയവർ ബലഹീനർ, ദരിദ്രർ.
- ശാന്തിഗിരി ഫെസ്റ്റിന് ഇന്നലെ തുടക്കമായി
തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് ഇന്നലെ തുടക്കമായി. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫെസ്റ്റിന് തിരിതെളിച്ചു. ഇതോടെ ഫെസ്റ്റ് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. 30 ഏക്കറിലാണ് ഫെസ്റ്റ്. പുഷ്പോത്സവം, അക്വാ-പെറ്റ്, വെജിറ്റേറിയൻ ഭക്ഷ്യമേള എന്നിവ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട് രാത്രി 10 മണിവരെയാണ് പ്രദർശനം.
- ഇറാനിലെ ഖനനദുരന്തത്തിന് ഇരയായവർക്കുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു
സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച ഒരു ടെലഗ്രാമിലൂടെ ഇറാന്റെ വടക്കുകിഴക്കൻ മേഖലയിലെ റ്റാബാസ് എന്ന സ്ഥലത്തുള്ള കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിന് ഇരയായവർക്കായി ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിക്കുകയുണ്ടായി. സെപ്തംബര്‍ 21 ശനിയാഴ്‌ച നടന്ന അപകടത്തിൽ അമ്പതിലധികംപേർക്ക് ജീവഹാനി സംഭവിച്ചു. പരിശുദ്ധ പിതാവ് മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കുകയും മുറിവേറ്റവരോടുള്ള ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുരന്തത്തിനിരയായ സകലരുടെയും മേൽ “കരുത്തിന്റെയും സമാശ്വാ സത്തിന്റെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി വർഷിക്കുമാറാകട്ടെ” എന്ന് മാർപാപ്പ പ്രാർത്ഥി ക്കുകയുണ്ടായി.
- ‘മിൽട്ടൺ’; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡൻ
അമേരിക്കയിലെ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 5 ൽ പെട്ട ‘മിൽട്ടൺ’ ചുഴലിക്കാറ്റിന്റെ ഭീക്ഷണിയിലാണ് ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങൾ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫ്ലോറിഡയിൽ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരകണക്കിനു പേരാണ് വീടുകൾ ഒഴിഞ്ഞ് പോകുന്നത്. 2005ലെ റീത്ത ചുഴലിക്കാറ്റിനു ശേഷമുള്ള ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൺ എന്നാണ് പ്രവചനം.
- കൊച്ചിയിൽ സ്ഥിതി ഗുരുതരം; ജനം പ്രതിസന്ധിയിൽ
കുടിവെള്ളമില്ലാതെ വലഞ്ഞ് കൊച്ചിയിലെ താമസക്കാർ. പെരിയാറിൽ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ആലുവയിൽ കെഎസ്ഇബി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ജലവിതരണം തടസപ്പെട്ടത്. ഇന്നലെയുണ്ടായ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്. ഈ പ്രശ്‌നം പരിഹരിച്ചാലും ജല വിതരണം സാധാരണ നിലയിലാകാൻ സമയം എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി.
- ഗവർണർക്ക് മറുപടി; ‘നിയമ വിരുദ്ധമായി ആരുടേയും ഫോൺ ചോർത്തിയിട്ടില്ല’
പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും രാജ്ഭവന് കൈമാറിയ മറുപടി കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
- ഈ സന്ദേശം ആർക്കും ലഭിക്കാം,; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്
പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, SMS എന്നിവ വഴിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. പണവും വിവരങ്ങളും നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930 ൽ അറിയിക്കാനും പൊലീസ് മുന്നറിയിപ്പ് നൽകി.
- നടൻ ടി പി മാധവൻ അന്തരിച്ചു
നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
- യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ (59) ആണ് യാത്രാമധ്യേ മരിച്ചത്.
- യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
നൂറനാട് പാലമേൽ ഉളവുക്കാട് പാടത്ത് മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് ഗോപ ഭവനത്തില്‍ ഗോപകുമാറി (45)നെയാണ് ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തെ ഒളിവിൽ താമസിച്ചിടത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് മറ്റപ്പള്ളി രാജ്ഭവനത്തിൽ രാജൻ- ഷീല ദമ്പതികളുടെ മകൻ രാഹുൽ രാജ് (32) മരിച്ച കേസിലാണ് അറസ്റ്റ്.
- പാലാ അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലി സമാപന സമ്മേളനം നടത്തപ്പെട്ടു
പാലാ : പാലാ അൽഫോൻസാ കോളേജിൻ്റെ വജ്ര ജൂബിലി സമാപന സമ്മേളനം രാവിലെ 9:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിന്ന ആഘോഷത്തിൻ്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന നിരവധി പ്രവർത്തനങ്ങൾ കോളേജിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സമാപന സമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പൽ റവ.ഡോ ഷാജി ജോൺ ഏവരേയും സ്വാഗതം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം സിനിമാ താരവും കേന്ദ്ര പെട്രോളിയം – ടൂറിസം വകുപ്പു മന്ത്രിയുമായ ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജരും രൂപതാ വികാരി ജനറാളുമായ റവ. ഡോ. ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ കെ ഫ്രാൻസിസ് ജോർജ് എം പി, ശ്രീ ജോസ് കെ മാണി എം പി, ശ്രീ മാണി സി കാപ്പൻ എം എൽ എ , മുനിസിപ്പൽ കൗൺസിലർ ശ്രീ ജിമ്മി ജോസഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. മുൻ പ്രിൻസിപ്പൽമാർ , അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
- കേരളാ കോൺഗ്രസ്സ് @ 60:കെ.എം.മാണി കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു.
പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി നത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ വിവരിച്ചുകൊണ്ട് കേരളാ കോൺ (എം) സംസ്ഥാന കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം, പാലാ നഗരസഭാ ചെയർമാൻ ഷാജു ,വി.തുരുത്തൻ, ടൗൺ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപടവൻ എന്നിവർ പറഞ്ഞു.
- കേരള കോൺഗ്രസ്സ് ആരംഭകാല നേതാവ് മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിനെ ആദരിച്ചു.
പാലാ:കേരളാ കോൺഗ്രസ്സ് രൂപീകരണ യോഗ അംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡണ്ടുമായ മുൻ എം.എൽ.എ പ്രൊഫ.വി.ജെ.ജോസഫിന് കേരളാ കോൺഗ്രസ് സംസ്കാര വേദിയുടേയും ആദ്യകാല യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളും ചേർന്ന് ആദരിച്ചു. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പൊന്നാട അണിയിച്ചു. ജയ് സൺ മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ കുഴിക്കോടിൽ, സണ്ണി കിഴക്കേടം, പി.ജെ. മാത്യു, പി.ജെ.ആൻ്റണി, സാജു എടേട്ട്, മൈക്കിൾ സിറിയക്ക് എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
- 60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി
പാലാ . വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
- അടിവാരം സെൻ്റ് മേരീസ് എൽ പി സ്കൂൾ
അടിവാരം സെൻ്റ് മേരീസ് എൽ പി സ്കൂളിൽ ലോക തപാൽ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ അധ്യാപകർക്ക് കത്ത് പോസ്റ്റ് ചെയ്തു.
- പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽസ് കൈറ്റ്സ് ഏകദിന ക്യാമ്പ്
പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.
- അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി
തെക്കൻ കശ്മീരിലെ അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.
- പത്താം തവണയും റിപ്പോ മാറ്റാതെ ആർബിഐ; 6.5 ശതമാനത്തിൽ തുടരും
തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍ക്കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 % ആയി തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാൻ സാധ്യതയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision