പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  08

Date:

വാർത്തകൾ

  • പരമാചാര്യന്റെ സെപ്‌തംബർ മാസത്തെ പ്രാർത്ഥനാനിയോഗം “വിലപിക്കുന്ന ഭൂമിക്കായി പ്രാർത്ഥിക്കുക”

നാം അധിവസിക്കുന്ന ലോകത്തെ കരുതാൻ വ്യക്തിപരമായ പ്രതിബദ്ധത പുലർത്തിക്കൊണ്ട്, ഭൂമിയുടെയും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളി നാം ഓരോരുത്തരും ഹൃദയപൂർവം കേൾക്കാൻ നമുക്കു പ്രാർത്ഥിക്കാം. നാം ഈ ഭൂഗോളത്തിൻ്റെ താപം പരിശോധിക്കുകയാണെങ്കിൽ, അത് നമ്മോടു പറയും, ഭൂമിക്കു പനിയുണ്ടെന്ന്” പരിശുദ്ധ പിതാവ് പറഞ്ഞു. “അഥവാ, അത് രോഗിയാണെങ്കിൽ, എല്ലാ രോഗി കളേയുംപോലെ നാം രണ്ടു ചോദ്യം ഉയർത്തണം: “നാം ആ വേദന ശ്രവിക്കുന്നുണ്ടോ? അതുപോലെ പാരിസ്ഥിതിക വിനാശത്തിന് ഇരയാകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ വേദന കേൾക്കുന്നുണ്ടോ?’

  • വായനജനങ്ങളെ ഒന്നിപ്പിക്കുകയും അറിവ് വളർത്തുകയും ചെയ്യുന്നു

2024 ലെ അന്താരാഷ്ട്ര സാക്ഷരതാദിനം സെപ്തംബര്‍ 9, 10 തീയതികളില്‍ യവോണ്ടെയില്‍ ആഘോഷിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലോകദിനത്തിനു തെരഞ്ഞെടുത്ത പ്രമേയം, ”പ്രൊമോട്ടിംഗ് മള്‍ട്ടിലിംഗ്വല്‍ എഡ്യൂക്കേഷന്‍: ലിറ്ററസി ഫോര്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആന്‍ഡ് പീസ്’ എന്നതായിരുന്നു. പരസ്പരധാരണ വളര്‍ത്താനും, ജനതകളെ ഒരുമിച്ചുകൊണ്ടുവരാനും സാക്ഷരതയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ഒരു ക്ഷണമാണിത്. ഇത് സംബന്ധിച്ച്, യുനെസ്‌കോ നല്‍കുന്ന സംഭാവനയോടുള്ള മതിപ്പ്, പരിശുദ്ധസിംഹാസനം ആനന്ദപൂര്‍വ്വം പ്രകടിപ്പിക്കുന്നു. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും, മള്‍ട്ടികള്‍ച്ചറലിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്‌കോ നല്‍കിയ സംഭാവനയെക്കുറിച്ചാണ് മതിപ്പ് രേഖപ്പെടുത്തിയത്.

  • വർണ്ണദീപങ്ങൾ തെളിഞ്ഞു, കേരളാ കോൺഗ്രസിന് 60 ൻ്റെ ആഘോഷരാവുകൾ: കേരള കോൺഗ്രസ് (എം) സംസ്ഥാനത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനം പ്രഫ. ലോപ്പസ് മാത്യു.

കോട്ടയം: രാഷ്ട്രീയ കേരളത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എന്നും, 60 വർഷമായി കനത്ത വെല്ലുവിളികൾ നേരിട്ട്, കേരളത്തിലെ കർഷകർക്കും, സാധാരണ ജനവിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടെടുത്ത് പാർട്ടി ധീരമായി മുന്നേറുകയാണെന്നും, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കേരള കോൺഗ്രസിൻ്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി 60 വിളക്കുകൾ തെളിയിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു  പ്രഫ. ലോപ്പസ് മാത്യു.

  • വയനാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടാക്കിയ കെടുതികള്‍ തീരുന്നതിനെ മുമ്പെ വയനാട്ടില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്നു. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ തേക്കമ്പറ്റയില്‍ കനത്തെ മഴയെ തുടര്‍ന്ന് മലവെള്ളപാച്ചിലുണ്ടായിരുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നതായാണ് വിവരം. ഉച്ച വരെ ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മൂന്നുമണിയോടെ ആകാശം മേഘാവൃതമായി. കുറഞ്ഞ നേരമാണെങ്കിലും ശക്തമായ പെയ്ത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. 

  • ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്ത് നിന്നായി തീയും പുകയും

അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗസിലാണ് സംഭവം. ഫ്രൊണ്ടിയർ എയർലൈനിന്റെ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്ത് നിന്നാണ് തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. തീ അണച്ചതിന് ശേഷം വിമാനത്തിന് ചുറ്റം രൂക്ഷമായ രീതിയിലാണ് പുക പടർന്നത്.

 

  • ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ്‌ നേട്ടം

രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്.സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ടെയ്‌നർ നീക്കം നടക്കുന്നത്. തുറമുഖത്തിന്റെ കമ്മിഷനിങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ഇതുവരെ 20 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഇതിൽ 15-ഉം ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടെതാണ്. ഇതുവരെ 50000-ലധികം കണ്ടെയ്‌നറുകളുടെ നീക്കം നടന്നുകഴിഞ്ഞു.

  • വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി; വിജയി കാരിച്ചാല്‍ ചുണ്ടൻ

നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. വിജയിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു.

  • 60 വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം അരങ്ങേറ്റം 2024 ഒക്ടോബർ 13ന്   ഏഴാച്ചേരിയിൽ

പാലാ :നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരി, ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠവുമായി സഹകരിച്ച്  പ്രശസ്ത മേള കലാകാരൻ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട മേളം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചരിമേളം അരങ്ങേറ്റം- 2024 ഒക്ടോബർ 13ന് വിജയ ദശമി ദിനത്തിൽ വൈകിട്ട് 7 മണിക്ക് ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിൽ വെച്ച് നടത്തപെടുന്നതായി സംഘാടകർ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 വിദ്യാർത്ഥികൾക്കൊപ്പം 60 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

  • പാലാ അൽഫോൻസ കോളേജ് ഡയമണ്ട് ജൂബിലി  സമാപനാഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

പാലാ : പരിപൂർണ്ണതയും, പര്യാപ്തയുമായ വനിതയെ രൂപപ്പെടുത്തുക എന്ന കുലീന ദൗത്യം ആറ് പതിറ്റാണ്ടുകളായി അതിൻ്റെ പൂർണ്ണതയിൽ പാലിച്ചു പോരുന്നതിൻ്റെ ചാരിതാർത്ഥ്യത്തോടെ പാലാ അൽഫോൻസ കോളേജ്  ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി നടത്തപ്പെടുന്നു. വജ്ര ജൂബിലി ആഘോഷ  പരിപാടികളുടെ സമാപനം ഒക്ടോബർ ഒൻപതാം തിയതി രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ജോസ് കെ മാണി എം.പി.  ഫ്രാൻസിസ് ജോർജ് എം.പി. മാണി സി കാപ്പൻ എം.എൽ.എ. മുൻസിപ്പൽ ചെയർമാൻ  ഷാജു തുരുത്തൻ,  ജിമ്മി ജോസഫ് , കോളജ് പ്രിൻസിപ്പാൾ റവ.ഡോ ഷാജി ജോൺ കോളേജ് ബർസാർ  റവ. ഫാ.  കുര്യാക്കോസ് വെള്ളച്ചാലിൽ  തുടങ്ങിയവർ പ്രസംഗിക്കും. മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ അൽഫോൻസാ കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ,വൈസ് ചെയർപേഴ്സൻ എഞ്ചൽ റബേക്ക സന്തോഷ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി അന്നാ ഇ.എ ,ജനറൽ സെക്രട്ടറി കൃപാ ജോൺസൻ എന്നിവർ പങ്കെടുത്തു.

  • അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, CPI സമ്മർദ്ദം പ്രയോഗിക്കുന്നില്ല

ADGP അജിത് കുമാറിനെ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് CPI നേതാവും മുൻമന്ത്രിയുമായ VS സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്നും. ഏത് പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണം. CPI ഏതെങ്കിലും തരത്തിൽ സമ്മർദ്ദം പ്രയോഗിക്കുന്നില്ല, നിലപാടാണ് പറയുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.

  • NK പ്രേമചന്ദ്രൻ എംപിക്കെതിരെ BJP പ്രതിഷേധം

NK പ്രേമചന്ദ്രൻ MPക്കെതിരെ പ്രതിഷേധവുമായി BJP പ്രവർത്തകർ. പെരിനാട് റെയിൽവേ സ്റ്റേഷനിലായിരുന്നു പ്രതിഷേധം. MPയുടെ ഹിന്ദുവിരുദ്ധ പരാമർശം ആരോപിച്ചും, മെമു ട്രെയിനിനായി MP ഒന്നും ചെയ്തില്ലെന്നും കാട്ടിയായിരുന്നു പ്രതിഷേധം. പൂജവയ്പിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച സർക്കാർ നടപടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന് NK പ്രേമചന്ദ്രൻ MP ആരോപിച്ചിരുന്നു.

  • മകളുടെ വിവാഹദിനത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. എരുമേലി പാണപിലാവ് ഗവൺമെന്റ് സ്കൂൾ ഹെഡ്മ‌ിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. മകളുടെ വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. ഭർത്താവ്ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.

  • മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല

കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ ഉണ്ടാകുന്നതായി എക്സീറ്റർ,ഹാർട്ട്ഫോർഡ് എന്നീ സർവകലാശാലകളും, ബ്രിട്ടീഷ് ആന്റാർട്ടിക് സർവേയും ചേർന്ന് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. 1986-ൽ അന്റാർട്ടിക്ക പെനിൻസുലയിൽ 0.4 ചതുരശ്ര കിലോമീറ്റർ പച്ചപ്പാണുണ്ടായിരുന്നത്, എന്നാൽ 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാ നിരക്കിൽ 30 % -ത്തിലധികം വർദ്ധനവ് ഉണ്ടായതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

  • പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം

മബം​ഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെയാണ് ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയിൽ അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. വാഹനകൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൽക്കരി ഖനനത്തിനിടെയാണ് ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ അപകടമുണ്ടായത്. സ്ഫോടനകാരണം കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബം​ഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.

  • തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ്  എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ പി.പി. ചിത്തരഞ്ജൻ്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജപമണികളിലെ അത്ഭുതം – ഒക്ടോബർ – 8
  • ബംഗ്ലാദേശിനെതിരെ വിജയത്തിന് ശേഷം അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

പുതിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കുതിപ്പ് തുടരുകയാണ് ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര തൂത്തുവാരിയ ശേഷം ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചു. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു.

  • വയനാടിനായി ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇതുവരെ ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങൾക്കും കേന്ദ്രം തുക അനുവദിച്ചു. കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • കോട്ടയം പാതയിൽ പുതിയ മെമു

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ ഇന്നലെ മുതൽ പുതിയ മെമു (തിങ്കൾ മുതൽ വെള്ളി വരെ) സർവീസ് തുടങ്ങി. രാവിലെ 6.15ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമുവിന് തിരുവല്ലയിലും(7.28) സ്റ്റോപ് ഉണ്ട്. തിരികെ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് 9.50ന് മെമു പുറപ്പെടും. തിരുവല്ലയിൽ 11.41നെത്തും. കൊല്ലത്ത് 1.30നാണെത്തുക.

  • എയർഷോ കാണാനെത്തിയത് 13 ലക്ഷം പേർ, സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർജലീകരണം കാരണം 250ലേറെ പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്.

  • മരണസംഖ്യ 42,000ത്തോട് അടുക്കുന്നു ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു

ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്നലെ ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • പ്രതിപക്ഷ നേതാവിൻ്റെ മൈക് ഓഫ് ചെയ്ത് സ്പീക്കർ, പ്രതിപക്ഷം ഇറങ്ങി പോയി

തുടക്കത്തിൽ തന്നെ ബഹളത്തിൽ മുങ്ങി നിയമസഭാ. സഭയിൽ ADGP വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിൻ്റെ മൈക് സ്പീക്കർ ഓഫ് ചെയ്ത‌താണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. സഭയിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും മുദ്രാവാക്യം വിളി തുടർന്നു. പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

  • നിയമസഭാ സമ്മേളനം;മുഖ്യമന്ത്രിക്കെതിരെ നടുത്തളത്തിൽ പ്രതിഷേധംനിയമസഭാ

സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയാണ് പ്രതിഷേധം. ചോദ്യങ്ങൾ വെട്ടിമാറ്റിയതിലും, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ആക്കിയതിലും സ്പീക്കർ എ എൻ ഷംസീറിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നു. സ്പീക്കർ രാജിവെക്കണമെന്ന ബാനർ പ്രതിപക്ഷം ഉയർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...