2024 ഒക്ടോബർ 05 ശനി 1199 കന്നി 19
വാർത്തകൾ
- വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ മരിയന്‍ പ്രദിക്ഷണവുമായി മെക്സിക്കന്‍ വിശ്വാസികള്‍
ജോൺ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച മെക്‌സിക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ലയിലെ തെരുവുകളിലൂടെ ദൈവമാതാവിന്റെ രൂപവുമായി പ്രദിക്ഷണം നടത്തി. സെപ്തംബർ 23 തിങ്കളാഴ്‌ച ഗ്വെറേറോ തീരത്ത് വീശിയടിച്ച ജോൺ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിൽ കനത്ത നാശം വിതച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദിക്ഷണം നടന്നത്. കരയുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ വിളിക്ക് ഉത്തരം നൽകാൻ അമ്മ എപ്പോഴും അടിയന്തിരമായി ഓടുന്നുവെന്നു സാങ്ച്വറി നേറ്റിവിറ്റി ഓഫ് മേരിയുടെ ഇടവകയുടെ റെക്ടർ ഫാ. ജുവാൻ റിക്കാർഡോ നെഗ്രെറ്റ് കാർഡെനാസ് പറഞ്ഞു.
- 2025 ലെ ലോക മാധ്യമ ദിനത്തിലെ ആപ്തവാക്യം, സൗമ്യത
”ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍ അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ” (cf. 1 പത്രോ 3:15-16) എന്ന ആഹ്വാനമാണ് ലോക മാധ്യമദിനം 2025 നായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്ത ആപ്തവാക്യം. സെപ്തംബര്‍ 24 ബുധനാഴ്ച ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടുപിന്നാലെ, 1967ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ, മാധ്യമങ്ങളിലെ അവസരങ്ങളേയും വെല്ലുവിളികളേയും കുറിച്ചു വിചിന്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും, എങ്ങനെ സഭയ്ക്ക് മെച്ചപ്പെട്ട രീതിയില്‍ സുവിശേഷസന്ദേശം വിനിമയം ചെയ്യാമെന്ന് ചിന്തിച്ചും സ്ഥാപിച്ചതാണ് ഈ ദിനം.
- റേസിംഗ് ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ 11 വര്‍ഷത്തിന് ശേഷം പൊതുവേദിയില്‍
ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ 11 വര്‍ഷം മുമ്പൊരു സ്‌കീയിങ്ങ് അപകടത്തില്‍ പെട്ട് റേസിംഗ് ട്രാക്കില്‍ നിന്ന് വിട്ടു ചികിത്സയില്‍ ആയിരുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപെട്ടു. 2013ല്‍ സ്‌കീയിങ് അപകടത്തില്‍പെട്ടതിന് ശേഷം ഈ ജര്‍മ്മന്‍ താരം ഒരിക്കലും പൊതുഇടത്ത് പ്രത്യക്ഷപെട്ടിരുന്നില്ല. മാധ്യമങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ അദ്ദേഹത്തെകുറിച്ച് ധാരണ ഇല്ലായിരുന്നു. മകള്‍ ജീന മരിയ ഷൂമാക്കറിന്റെ വിവാഹ ചടങ്ങില്‍ ആണ് താരം സാന്നിധ്യമറിയിച്ചത്.
- മാസ് സേവുകളാല്‍ അമ്പരപ്പിച്ച് അര്‍ജന്റീനിയന്‍ കീപ്പര്‍ എമിലിയാനോ
ലോക കപ്പ് ഫൈനലിലെ സമ്മാനദാന ചടങ്ങിനിടെയും പിന്നീട് ഡ്രസിങ് റൂമിലും അര്‍ജന്റീനയിലെ ആഘോഷത്തിനിടയിലുമൊക്കെ ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപെയെ പരിഹസിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് എമിലിയാനോ വിവാദനായകനായത്. ഖത്തറിലെ സംഭവ വികാസങ്ങളില്‍ ഫിഫയുടെ സസ്‌പെന്‍ഷന് താരം വിധേയമായത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ലോക കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നടത്തിയ തീപാറുന്ന സേവുകള്‍ പോലെ കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തിലും എമിലിയാനോ മത്സരം വിജയിപ്പിച്ചതിന്റെ ചുക്കാന്‍ പിടിച്ചിരിക്കുകയാണ്.
- ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി
സംസ്ഥാനത്ത് ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
- ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്
മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ആണ്.
- ഗൂഗിൾ ജെമിനി ഇനി മലയാളം സംസാരിക്കും
ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളവും എത്തി. 9 ഇന്ത്യൻ ഭാഷകളാണ് പുതിയതായി ചാറ്റ് ബോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺവർസേഷണൽ എഐ ഫീച്ചർ ആണ് ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ ഭാഷകളാണ് ജെമിനിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും
ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ കൂടിയുള്ള ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്. ലോകകപ്പിന് മുന്നോടിയായി നടന്ന വനിത ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യ സന്നാഹമത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയിരുന്നു. ന്യൂസീലന്‍ഡ് കഴിഞ്ഞ പത്തുമത്സരങ്ങളും തോറ്റ നിരാശയിലാണ് വരുന്നത്. പത്ത് മത്സരങ്ങളില്‍ ഏഴെണ്ണം ഓസ്ട്രേലിയയോടും മൂന്നെണ്ണം ഇംഗ്ലണ്ടിനോടും തോറ്റിരുന്നു.
- മൂന്നാം മൂഴത്തിന് ബിജെപി ; ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
- വയനാട് ഉരുൾപൊട്ടൽ ; എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
- 56 വർഷത്തിന് ശേഷം മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ
56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടിൽ എത്തിച്ചത്. ധീര സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടത്തി.
- എയർ ഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവം; അന്വേഷിക്കുമെന്ന് അധികൃതർ
തിരുവനന്തപുരം വിമാനത്താവളത്തില്‍ എയർഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയർഇന്ത്യ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ഇന്നലെ രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു എഞ്ചിൻ മുറിയിൽ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
- ചോര്‍ച്ച ഭീഷണി : 2030 വരെ അതിജീവിക്കുമോ അന്താരാഷ്ട്ര ബഹിരാകാശ നിലയം?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് വര്‍ഷമായുള്ള എയര്‍ ലീക്കാണ് ഐഎസ്എസിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ഐഎസ്എസിലുള്ള റഷ്യന്‍ മൊഡ്യൂളിലെ ഒരു ടണലില്‍ ഗുരുതര സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായി നാസയുടെ ഓഫീസ് ഓഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
- വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കും
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ (എസ് സി ഒ ) പങ്കെടുക്കുന്നതിനായാണ് ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. സെപ്റ്റംബര്‍ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 9 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
- മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ് നടപടി. കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അപൂര്‍ണ്ണമായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ നിലപാട് കൂടി പരിഗണിച്ചാണ് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
- മൂന്നര വയസുകാരന്റെ തലപൊട്ടി, മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി; അങ്കണവാടി ജീവനക്കാർക്ക് സസ്‌പെന്‍ഷൻ
കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
- ഡെലിവറി ബോയ്സിനും ഡ്രൈവർമാർക്കുമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് : ഖത്തർ ഐ.സി.ബി.എഫ്
ഇന്ത്യൻ എംബസ്സിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്സിനും, ലിമോസിൻ-ടാക്സി ഡ്രൈവർമാർക്കുമായി ഡ്രൈവിംഗ് സുരക്ഷ അവബോധ സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 29 ന് ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന സെമിനാറിൽ, ഡെലിവറി, ലിമോസിൻ, ടാക്സി മേഖലകളിൽ നിന്നായി ഏതാണ്ട് 180 ഓളം പേർ പങ്കെടുത്തു. ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision