പാലാ . സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ കൂടി സാക്ഷ്യമായ മാർ സ്ലീവാ മെഡിസിറ്റി അനേകർക്ക് പ്രയോജനം ലഭിക്കുന്ന സമ്പൂർണ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറി കഴിഞ്ഞതായും കർദ്ദിനാൾ പറഞ്ഞു.
ആതുര സേവന രംഗത്ത് ഉന്നത മൂല്യവും ഉന്നത ഗുണനിലവാരം കാത്തു സൂക്ഷിക്കാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ജന സ്വീകാര്യതയ്ക്ക് കാരണമായതെന്ന് അധ്യക്ഷത വഹിച്ച മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രോഗചികിത്സയ്ക്ക് ഒപ്പം ആത്മീയമായ കരുതൽ കൂടി രോഗികൾക്ക് നൽകാൻ സാധിക്കുന്നതായും ബിഷപ്പ് പറഞ്ഞു.ആശുപത്രിയെ പേപ്പർലെസ് ആശുപത്രിയായി പ്രഖ്യാപിക്കലും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികവും പ്രമാണിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 7 കമ്മ്യൂണിറ്റി സ്കീമുകളുടെ പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. നാടിന്റെ സ്വത്തായി ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായി മന്ത്രി പറഞ്ഞു. 5 സാമൂഹിക പദ്ധതികളുടെ പ്രഖ്യാപനം മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ , ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, നഴ്സിംഗ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision/
അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കായി 7 കമ്മ്യൂണിറ്റി സ്കീമുകളും, 7 സാമൂഹിക പദ്ധതികളുമാണ് പാലാ രൂപതയിലെ ഇടവകകളുമായി ചേർന്ന് മാർ സ്ലീവാ മെഡിസിറ്റി നടപ്പിലാക്കുക. ഹോം കെയർ സേവനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 75 കിടപ്പുരോഗികൾക്ക് ഭവനത്തിൽ എത്തി സൗജന്യ ചികിത്സ നൽകുക, കുറഞ്ഞ വരുമാനമാർഗമുള്ള 75 പേർക്ക് മിതമായ നിരക്കിൽ ചുവട് പദ്ധതിയിലൂടെ കാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുക, കാഴ്ച പരിമിതരായ 75 നിർധന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ചെയ്ത് നൽകുക, ചികിത്സയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 75 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ നൽകുക,മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിൽ പഠനത്തിനു ചേർന്ന വിദ്യാർഥികളിൽ ഓരോ കോഴ്സിൽ നിന്നും അർഹരായ 2 പേരെ വീതം കണ്ടെത്തി ഫീസിന്റെ 40% സ്കോളർഷിപ്പ് തുകയായി നൽകുക, മേലുകാവുമറ്റത്തെ റൂറൽ മെഡിക്കൽ മിഷൻ മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി സ്ക്രീനിംഗ് ക്യാമ്പുകൾ, ബോധവൽക്കരണ ചർച്ചകൾ, കൗൺസലിംഗ്, ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടപ്പിലാക്കുക,മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗം വിപുലീകരിച്ച് പ്രവർത്തനം ആരംഭിക്കുക എന്നിവയാണ് കമ്മ്യൂണിറ്റി സ്കീമുകൾ.
75 ഇടവകകളിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, സ്തനാർബുദം, കരൾ രോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി എസ്.എം.വൈ.എം, മാതൃവേദി, പിതൃവേദി തുടങ്ങിയ സംഘടനകളുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനക്യാമ്പുകളും നടത്തുക, പാലാ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ കോർപറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ പിന്തുണയോടെ വിദ്യാർഥികൾക്കായി ക്ഷേമപരിപാടികൾ നടപ്പിലാക്കുക, പ്രവാസി അപ്പോസ്തലേറ്റിനു കീഴിൽ അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഇടപെടൽ, എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആഗോള തലത്തിൽ നടപ്പിലാക്കുക, ജീവൻ രക്ഷ പ്രവർത്തനത്തിന് യുവജനങ്ങളെ സജ്ജരാക്കുന്ന സമഗ്ര ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി കോളജ് വിദ്യാർഥികൾക്കായി ആരംഭിക്കുക, പിതൃവേദി, മാതൃവേദി എന്നിവയുമായി ചേർന്ന് സൗജന്യ സ്ട്രോക്ക് മാനേജ്മെന്റ് ബോധവൽക്കരണ പരിപാടി തുടങ്ങുക എന്നിവയാണ് സാമൂഹിക പദ്ധതികൾ. ഇതോടൊപ്പം പേപ്പർലെസ് ആശുപത്രി എന്ന ലക്ഷ്യവുമായി ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡ് സംവിധാനത്തിലേക്ക് ആശുപത്രിയെ പൂർണമായും മാറ്റുന്നത് വഴി പ്രകൃതി സൗഹാർദ്ദമാകുകയും ചെയ്യുന്നു.