ന്യൂഡല്‍ഹി:പുനര്‍ വികസന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയ്ക്ക് പുതിയ വസതിയൊരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു.ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിന് സമീപമുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുതിയ വീട് ഒരുങ്ങുന്നത്.2,26,203 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ മോദിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്. താഴത്തെയും ഒന്നാം നിലയിലുമായി മോദിയുടെ വസതിക്ക് പുറമേ സൗത്ത് ബ്‌ളോക്കില്‍ പിഎം ഓഫീസ്, കായിക സൗകര്യങ്ങള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍, പ്രത്യേക സുരക്ഷാ സംഘത്തിന്റെ ( എസ് പി ജി) ഓഫീസ്, സേവാ സദന്‍, സുരക്ഷാ ഓഫീസ് തുടങ്ങിയവയുണ്ടാകുമെന്നാണ് വിവരം.
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/HGI7Qon6acUHbjRC2J7chv
പ്രധാനമന്ത്രിയുടെ ഹോം ഓഫീസില്‍ നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭ വിഐപി തുരങ്കമാണ് സമുച്ചയത്തിന്റെ പ്രധാന ആകര്‍ഷണം. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണനിര്‍വ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേര്‍ന്നതായിരിക്കും ഭരണനിര്‍വ്വഹണ സമിതി. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെന്‍ട്രല്‍ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കാനാണ് ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കുന്നത്.സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി നിയന്ത്രിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ വസതി സമുച്ചയം 2024 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ധനമന്ത്രാലയത്തിന്റെ എക്സ്പെന്‍ഡിച്ചര്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ (ഇഎഫ്സി) അംഗീകാരത്തിനായി പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും. കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റില്‍ നിന്നാണ് സമുച്ചയം നിര്‍മിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റില്‍ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നിര്‍മാണത്തിന് മുന്നോടിയായി പദ്ധതിക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.പിഎം ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് എന്നിവയുമായി ബന്ധിപ്പിക്കുക മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷാ പാത കൂടുതല്‍ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമുച്ചയം നിര്‍മിക്കുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ പരിവാരങ്ങളും നടത്തുന്ന യാത്രകള്‍ സെന്‍ട്രല്‍ വിസ്ത മേഖലയില്‍ നഗര ഗതാഗതത്തിന് വലിയ തടസങ്ങള്‍ സൃഷ്ടിക്കുകയും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നു. പുതിയ രീതി പ്രധാനമന്ത്രിയുടെ റൂട്ട് വേര്‍തിരിക്കുകയും ഗതാഗത തടസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.