2024 സെപ്റ്റംബർ 23 തിങ്കൾ 1199 കന്നി 07
വാർത്തകൾ
- മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ
സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഐബറോ-അമേരിക്കൻ രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. തദവസരത്തിൽ “പരിവർത്തന നീതിയുടെ ഭൂതവും വർത്തമാനവും ഭാവിയും: ലോകസമാധാനത്തിൻ്റെ നിർമ്മാണത്തിൽ ലാറ്റിൻ അമേരിക്കൻ അനുഭവം” എന്ന ഗ്രന്ഥവും പ്രകാശനം ചെയ്യപ്പെട്ടു.
- കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ സ്ഥാപിക്കാനൊരുങ്ങുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് റഡാർ കൊണ്ട് പ്രയോജനമുണ്ടാവും. വയനാട്ടിൽ മഴ കൃത്യമായി അളക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാലാണ് റഡാർ വയനാട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. 150km വരെ പരിധിയിൽ സിഗ്നൽ കിട്ടുന്ന S ബാൻഡ് റഡറാണ് സ്ഥാപിക്കുക. ഇതിനായി സ്ഥലത്തെ മണ്ണ് പരിശോധന നടക്കുകയാണ്.
- പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം
ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ടൈപ്പിങ് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. സെപ്തംബർ 29ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് tamilanguide.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
- അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നല്‍കിക്കൊണ്ട് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
- ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിലിൽ കണ്ടെത്തിയത് ലോറിയുടെ എഞ്ചിൻ. ഇത് അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന പുഴയിൽ മാർക്ക് ചെയ്തത് നൽകിയ സിപി4 എന്ന പോയന്റിൽ നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
- അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവെപ്പ് നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും മരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
- തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും
പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് ഡ്രഡ്ജിംഗ് കമ്പനിയും അറിയിച്ചു. ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ വ്യക്തമാക്കി. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ നാളെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. അടുത്ത ദിവസം മുതൽ കൂടുതൽ വിപുലമായ തിരച്ചിൽ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
- ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
ജാംദാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ നിലവില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് നിതിൻ ജാംദാർ. 2012 ജനുവരി 23നാണ് അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയുടെ തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരള, മദ്രാസ് ഹൈകോടതികള്‍ക്ക് പുറമെ ആറ് ഹൈകോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹരജി അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.
- മഴ വീണ്ടും ശക്തമാകുന്നു; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
- യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്‌മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസിന് മറ്റ് വലിയ ചുമതലകൾ നൽകുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ശ്രീനിവാസിൻ്റെ സേവനങ്ങളെ പാർട്ടി അഭിനന്ദിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ കെസി വേണുഗോപാൽ എംപി പറഞ്ഞു.
- പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാർ വ്യാഴാഴ്ച (26/09/2024) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തിരുവനന്തപുരം രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. ഇന്നലെയാണ് ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്.
- ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ
കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ലൂണ ടീമിലില്ല. സ്പാനിഷ് താരം ഹെസൂസ് ഹിമെനെ ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഇലവനിലുണ്ട്. മലയാളി താരം വിബിൻ മോഹനൻ, ഡാനിഷ് ഫറൂഖ് എന്നിവരും പ്ലേയിങ് ഇലവനിലുണ്ട്. ടീം- സച്ചിൻ സുരേഷ് (ഗോൾ കീപ്പർ), സന്ദീപ് സിങ്, രാഹുൽ കെപി, വിബിൻ, ഹിമെനെ, ഡാനിഷ് ഫറൂഖ്, ഡ്രിൻകിച്, പ്രീതം, കോയെഫ്, നവോച, നോവ സദൂയി.
- അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം
കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ന്യൂസിലാന്റിലെ നഴ്സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea .gov.in എന്ന മെയിലിൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ടാൽ അറിയാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാജ ജോലി വാഗ്ദാനത്തിൽ ജാഗ്രത പാലിക്കുക.
- റോക്കിഭായിയുടെ മെഷീൻഗൺ ഉക്രെയിൻ യുദ്ധഭൂമിയിൽ
അമേരിക്കൻ വാഹന ഭീമനായ ടെസ്ലയുടെ സൈബർ ട്രക്കുകൾ ഉക്രെയിനിനെതിരായ യുദ്ധക്കളത്തിലേക്ക് ഇറക്കിയതായി ചെച്നിയൻ നേതാവ് റംസാൻ കദിറോവ്. പടിഞ്ഞാറൻ ഉക്രെയ്‌നിനെതിരായ യുദ്ധത്തിലേക്ക് M2 ബ്രൗണിംഗ് മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച 2 സൈബർ ട്രക്കുകൾ താൻ അയച്ചിട്ടുണ്ടെന്നായിരുന്നു റംസാൻ കദിറോവിന്റെ പുതിയ പ്രഖ്യാപനം. മിനിറ്റിൽ 450 മുതൽ 600 റൗണ്ടുകൾ വരെ വെടിവയ്ക്കാൻ കഴിവുള്ളതാണ് M2 ബ്രൗണിംഗ് മെഷീൻ ഗണ്ണുകൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision