2024 സെപ്റ്റംബർ 03 ചൊവ്വ 1199 ചിങ്ങം 18
വാർത്തകൾ
- ഇന്നലെ ലോക നാളികേര ദിനം
സെപ്റ്റംബർ 2ന് ലോക നാളികേര ദിനം ആയി ആചരിക്കുന്നു. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. നാളികേരത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ലോക നാളികേര ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
- അർജുന്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്‌ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയത്. ജോലി നൽകുമെന്ന ബാങ്കിന്റെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് കൃഷ്‌പ്രിയക്ക് നിയമനം നൽകിയിരിക്കുന്നത്.
- ബുധനാഴ്ച വരെ മഴ തകർത്ത് പെയ്യും
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
- യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്
യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും. രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടികൾ പൂർത്തിയായി.
- നെഹ്റുട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വത്തിന് പരിഹാരം
ഈ മാസം 28ന് വള്ളംകളി നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കളക്ടർക്ക് നിവേദനം നൽകും. നെഹ്റു ട്രോഫി ജലമേളയ്ക്കായി ലോകമെമ്പാടും കാത്തിരിക്കുന്ന ലക്ഷക്കണക്കിന് നെഹ്റു ട്രോഫി പ്രേമികൾ ഉണർന്നതോടെ വള്ളംകളി നടത്തുമെന്ന് തീരുമാനത്തിലേക്ക് ഒടുവിൽ സർക്കാർ എത്തി. എന്നാൽ കേവലം പ്രഖ്യാപനങ്ങൾ കേട്ട് വീണ്ടും മിണ്ടാതെ കാത്തിരിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജലോത്സവ പ്രേമികൾ.
- ‘പഠിച്ചു മുന്നേറൂ,വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ട്’; മന്ത്രി വി ശിവൻകുട്ടി
വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ് കുട്ടികൾ എത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി. വയനാടിനൊപ്പമാണ് ഈ നാട് മുഴുവനെന്നും എല്ലാവരും പഠിച്ചുമുന്നേറണമെന്നും വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
- പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം. പി. ഉൽഘാടനം ചെയ്തു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ സ്കൂൾ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ് എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണവും, നിതാന്ത പരിശ്രമവും പ്രവിത്താനം പ്രദേശത്ത് അഭൂതപൂർവമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
- ആന്ധ്രയിലും തെലങ്കാനയിലും പ്രളയം
തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 12 പേരുമാണ് പ്രളയത്തിൽ മരണപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം പെയ്യുന്ന തുടർച്ചയായ മഴയാണ് വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. പലയിടങ്ങളിലെയും റെയിൽ പാളങ്ങൾ ഒലിച്ചുപോയസാഹചര്യത്തിൽ 140 ട്രെയിനുകൾ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം റോഡ് അടച്ചിട്ടിരുന്നു.
- തോക്ക് ലൈസൻസിന് അപേക്ഷിച്ച് അൻവർ
ADGP അടക്കമുള്ള ഉന്നതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
- പ്രവാസികൾക്ക് കനത്ത തിരിച്ചടി
ഒമാനിൽ 40 ഓളം മേഖലയിൽ കൂടി സ്വദേശിവൽകരണം ഏർപ്പെടുത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. വിവിധ ഘട്ടങ്ങളിലായിട്ടാണ് സ്വദേശിവൽകരണ നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ മാസങ്ങളിലും വിവിധ വിഭാഗങ്ങളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുകയും വിദേശികൾക്ക് വിസ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ തീരുമാനം നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാണ്.
- ആന്ധ്രയിൽ വെള്ളപ്പൊക്കം; 24 മരണം, 140 ട്രെയിനുകൾ റദ്ദാക്കി
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 140ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ ഡിവിഷൻ ഉൾപ്പെടുന്ന സെക്കന്തരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ സോൺ ആണ് 140 ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലുമായി 24 പേർ മരിച്ചു. 17000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അറിയിച്ചു.
- പുതിയ തന്ത്രത്തിലൂടെ ടാറ്റ നേടുന്നത് 7,000 കോടി
മിഡിൽ ക്ലാസ്സിനെ ലക്ഷ്യം വെച്ച് ടാറ്റ ആരംഭിച്ച ബ്രാൻഡാണ് സുഡിയോ. എന്നാൽ, പരസ്യങ്ങൾക്കായി പണം ചിലവഴിക്കുകയോ കിഴിവുകൾ വാഗ്ദാനം ചെയ്യുകയോ ചെയ്യാതെയാണ് ടാറ്റ ഉയർന്ന വരുമാനം ഉറപ്പാക്കുന്നത്. പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് പകരം, ഉപഭോക്താക്കളെ ആകർഷിക്കാൻ ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ആണ് സുഡിയോ നൽകുന്നത്.
- ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി
ഇന്ന് ഉച്ചയോടുകൂടിയാണ് ചേർത്തല പൊലീസിന് വിവരം ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തുകയും തുടർന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അഡ്മിഷൻ വിവരങ്ങൾ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
- ആൻഡ്രോയിഡ് ഫോണിൽ പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും.പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം.
- മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ
മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ പരിശോധന ഒരു വർഷത്തിനുള്ളിൽ നടത്തണമെന്നും മേൽനോട്ട സമിതി വിലയിരുത്തി. 2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ
ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. 2026 ൽ സുരക്ഷാ പരിശോധന മതിയെന്ന തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.
- കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടു നോമ്പചരണവും
കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും ആരംഭിച്ചു. എല്ലാദിവസവും രാവിലെ 6.00am ജപമാല ആരാധന,6.30 am. വിശുദ്ധ കുർബാന . 8-ാം തീയതി ഞായറാഴ്ച 6.00am ആരാധന, 6.30 am ആഘോഷമായ പാട്ടു കുർബാന ,സന്ദേശം . ലദീഞ്ഞ് പ്രാർത്ഥന,സമാപനാശീർവാദം. ഫാ .സ്കറിയ വേകത്താനം ജസ്റ്റിൻ മനപ്പുറത്ത് ,അഭിലാഷ് കോഴിക്കോട്ട് ,ജോഷി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
- തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്
കോട്ടയം: സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോള്‍ തെങ്ങിന്റെ നല്ല ചങ്ങാതിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ ചാമക്കാല സ്വദേശി കുഴിക്കാട്ട് വീട്ടില്‍ ബെന്നി കെ. തോമസ്സിന് പറയുവാനുള്ളത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെന്നി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കിയ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയില്‍ പങ്കാളിയായത്. ആറ് ദിവസത്തെ വിദഗ്ദ്ധ പരിശീലനത്തോടൊപ്പം സൗജന്യമായി ലഭ്യമാക്കിയ തെങ്ങ് കയറ്റ മെഷീനും പിന്നീട് തുടര്‍ന്നുള്ള ബെന്നിയുടെ ജീവിതത്തിന് വഴികാട്ടിയായി മാറി. ഇന്ന് കോട്ടയം ജില്ലയിലും പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും നാളികേര സംബന്ധമായ ആവശ്യങ്ങള്‍ക്ക് ബെന്നിയുടെ സേവനം ലഭ്യമാണ്.
- ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22 23 തീയതികളിൽ
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രം ഐടി മേഖലകളിലാണ് മത്സരങ്ങൾ നടത്തുന്നത് ജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു ഈരാറ്റുപേട്ട ഉപജില്ല ഏ ഇ ഒ .ഷംല ബീവി അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയാച്ചൻ പൊട്ടനാനി -ഉദ്ഘാടനം ചെയ്തു – ഹെഡ് മാസ്റ്റർ ജോബൈറ്റ്തോമസ് ബ്ലോക്ക് മെബർ ജോസഫ് ജോർജ് .. ഗ്രാമപഞ്ചായത്ത് അംഗങ്ങളായലിസിതോമസ് അഴകത്ത് – സന്ധ്യാ ശിവകുമാർ മിനിബിനോ മുളങ്ങാശ്ശേരി -പിടി .എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി -എച്ച് എം ഫോറം -സെകട്ടറി വിൻസന്റ് മാത്യൂസ് തുടങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision