കുറവിലങ്ങാട്: രാജ്യത്തെ ഏറ്റവും മികച്ച 150 കോളേജുകളുടെ പട്ടികയിൽ ഇടം പിടിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്. ഈ വർഷത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജ് വിഭാഗത്തിൽ ദേശീയതലത്തിൽ മികച്ച 150 സ്ഥാപനങ്ങളുടെ പട്ടികയിൽ ദേവമാതാ കോളേജും ഇടം പിടിച്ചു.
പഠന ബോധന സൗകര്യങ്ങൾ, ഗവേഷണവും വൈദഗ്ധ്യ പരിശീലനവും, ബിരുദ ഫലങ്ങൾ, സാമൂഹ്യ ക്ഷേമ പ്രവർത്തന പങ്കാളിത്തവും ഉൾക്കൊള്ളലും, സഹസ്ഥാപനങ്ങളുടെ അഭിപ്രായം എന്നിവ കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്. രാജ്യമൊട്ടാകെയുള്ള 3371 കോളേജുകളാണ് ഇപ്രാവശ്യം റാങ്കിംഗിനായി അപേക്ഷിച്ചിരുന്നത്. അതിലാണ് ആദ്യ 150 സ്ഥാനങ്ങളിലൊന്നായി കുറവിലങ്ങാട് ദേവമാതാ കോളേജ് ഇടം കണ്ടെത്തിയത്. നൂറിനും നൂറ്റമ്പതിനുമിടയിലുള്ള മികവിൻ്റെ പട്ടികയിലാണ് ദേവമാതാ കോളേജ് ഇടം പിടിച്ചത്. എം.ജി. യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഇപ്പോൾ ഓട്ടോണമസ് പദവിയില്ലാത്തതുമായ എയ്ഡഡ് കോളേജുകളിൽ കോട്ടയം ജില്ലയിൽ ഏറ്റവും ഉയർന്ന എൻ. ഐ. ആർ. എഫ്. റാങ്കിംഗ് ലഭിച്ചിരിക്കുന്നതു് ദേവമാതായ്ക്കാണ്.
നാക് ഗ്രേഡിംഗിൽ 3.67 എന്ന ഉയർന്ന സ്കോറോടെ A++ കരസ്ഥമാക്കിയ ദേവമാതായ്ക്ക് വജ്രജൂബിലി വർഷത്തിൽ ലഭിച്ച മറ്റൊരു പൊൻതൂവലാണിത്. പാലാ രൂപതയുടെ കോളെജുകളിൽ ഏറ്റവും ഉയർന്ന നാക് ഗ്രേഡ് പോയിൻ്റുള്ള ദേവമാതായ്ക്ക് ആ സ്ഥാനം എൻ.ഐ.ആർ.എഫ് റാങ്കിംഗിലും നിലനിർത്താൻ സാധിച്ചു. എൻ.ഐ.ആർ.എഫ് നോഡൽ ഓഫീസർ ഡോ. ടീന സെബാസ്റ്റ്യനാണ് കോളെജ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ റവ. ഫാ.ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനമാണ് ദേവമാതായെ ഈ സുവർണ നേട്ടത്തിലേക്ക് നയിച്ചത്. കുറവിലങ്ങാട് ഇടവകക്കാരുടെ അകമഴിഞ്ഞ പിന്തുണയും വിദ്യാഭ്യാസ കാര്യങ്ങളിലുള്ള തല്പരതയും ദീർഘവീക്ഷണവുമാണ് ദേവമാതാ കോളേജിൻ്റെ മുതൽക്കൂട്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision