പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  9

Date:

വാർത്തകൾ

  • മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച  ശുചിത്വ സ്കൂൾ അവാർഡ്

കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന്  സെൻ്റ് ജോസഫ്  യുപി സ്കൂൾ കരസ്ഥമാക്കി. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കുകയും, ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോമ്പിളിൽ നിന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന  ജോസ് വിദ്യാർത്ഥികളായ മിലേനാ മനോജ്, നേഘ ജോസഫ്,ജിയോൺ സിനു ജോസഫ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

  • ഓൺലൈൻ തട്ടിപ്പ് , ഇരയായി ഗീവർഗീസ് മാർ കൂറിലോസ്

ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ പത്തനംതിട്ട കീഴ്വായ്‌പൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, CBI എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

  • പിടി ഉഷയുടെ ഒളിംപിക് മെഡൽ നഷ്ടത്തിന് ഇന്ന് 40 വയസ്

1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷയുടെ മെഡൽ നഷ്ടത്തിന് ഇന്നലെ 40 വയസ്. ‘എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ബുധൻ. 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ എനിക്കു വെങ്കലം നഷ്ടപ്പെട്ടത് അന്നാണ്. ഓരോ ഒളിംപിക്സിന് വരുമ്പോഴും ആ ഓർമകൾ എനിക്കൊപ്പം ട്രാക്കിലേക്കിറങ്ങും’ എന്നാണ് പിടി ഉഷ പറയുന്നത്.

  • സിദ്ദിഖില്ലാത്ത മലയാള സിനിമയുടെ ഒരു വർഷം

മലയാള സിനിമയിലെ സഹോദര തുല്യനായ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്നലെ ഒരു വർഷം. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, കഥാരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒത്തിരി സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. 1989ൽ റിലീസായ റാംജിറാവു സ്പ‌ീക്കിംഗ് എന്ന സിനിമ സംവിധാനം ചെയ്‌താണ് മലയാള ചലച്ചിത്രരംഗത്ത് സിദ്ധിക്ക് സ്വതന്ത്ര സംവിധായകനാവുന്നത്.

  • ജാതി അധിക്ഷേപം: സന്തോഷ് ഏച്ചിക്കാനത്തിന് എതിരായ കേസ് റദ്ദാക്കി

ജാതീയമായി അധിക്ഷേപിച്ചു എന്ന പേരിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. 2018ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ ദലിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലാണ് എഴുത്തുകാരനെതിരെ കേസെടുത്തത്. പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് കാട്ടി നൽകിയ ഹർജിയിലാണ് നടപടി.

  • മെഡൽ ജേതാവിനെ പോലെ ഫോഗട്ടിനെ ആദരിക്കും

പാരിസ് ഒളിമ്പിക്സ‌ിലെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടെങ്കിലും ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് നൽകുന്ന എല്ലാ ബഹുമാനവും പാരിതോഷികങ്ങളും സൗകര്യങ്ങളും വിനേഷിന് നന്ദിപൂർവ്വം നൽകാൻ ഹരിയാന സർക്കാർ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  • ഓണം അവധി; സുപ്രധാന അറിയിപ്പ്

ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അതേസമയം, സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മാറ്റത്തിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.

  • ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ സർക്കാർ ഇന്നലെ അധികാരത്തിലേക്ക്

ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാന്റെ പിന്തുണയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. ഇടക്കാല സർക്കാർ ഇന്നലെ രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. മുഹമ്മദ് യൂനസിനെ പുതിയ ഇടക്കാല സർക്കാരിൻ്റെ ഉപദേഷ്ടാവായി നിയമിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.

  • ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി

ഇന്ത്യയുടെ ഗുസ്‌തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. സഹോദരിയെ നിഷ പംഗലിനെ നിയമ വിരുദ്ധമായി ഒളിംപിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. അന്തിമിന്റെ അക്രഡിറ്റേഷൻ ഉപയോഗിച്ച് ഒളിംപിക് വില്ലേജിൽ കയറാൻ ശ്രമിച്ച നിഷയെ പാരിസ് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കി താരത്തോട് അന്തിം പരാജയപ്പെട്ടിരുന്നു.

  • ഫോഗട്ടിന് വെള്ളി മെഡൽ ലഭിക്കുമോ?

പാരിസ് ഒളിമ്പിക്‌സിലെ 50kg ഗുസ്തി വിഭാഗത്തിൽ 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീൽ കായിക തർക്ക പരിഹാര കോടതി ഇന്ന് പരിഗണിക്കും. വെള്ളി മെഡലെങ്കിലും തനിക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് കോടതി വിധി പറയുക. വിധി അനുകൂലമായാൽ ഫൈനലിൽ പരാജയപ്പെടുന്ന താരത്തിനൊപ്പം ഫോഗട്ടിനും വെള്ളി മെഡൽ പങ്കിടാനാകും.

  • വഖഫ് ഭേദഗതി ബിൽ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു

വഖഫ് ഭേദഗതി ബില്ല് ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്‌തിരുന്നു. വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബിൽ. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും.

  • കവളപ്പാറ ദുരന്തത്തിന് ഇന്നലെ അഞ്ചാണ്ട്

59 പേരെ കാണാതായ കവളപ്പാറ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്നലെ അഞ്ചാണ്ട്. 2019 ആഗസ്റ്റ് എട്ടിനാണ് ദുരന്തം മലയോര മേഖലയെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിൽ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്വാരത്തെ 45 വീടുകൾ മണ്ണിനടിയിലായി. രാത്രി എട്ടോടെയുണ്ടായ ദുരന്തത്തിൽ ഓടിരക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിൻ്റെ മാറിൽ പുതഞ്ഞു.

  • നിയന്ത്രണം വിട്ട കാർ  മൂന്ന് വാഹനങ്ങളിൽ  ഇടിച്ചുകയറി അപകടം. ഏറ്റുമാനൂർ  പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ തവളക്കുഴിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ്  3.30 തോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ  യാത്രികന് സാരമായി പരിക്കേറ്റു.ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന കാറാണ് അപകടത്തിന് കാരണമായത്.  തണ്ണീർമുക്കം സ്വദേശിയുടെ കാർ ആണിത്. മരണാനന്തര  ചടങ്ങുകൾക്ക്‌ ശേഷം തിരികെ വീട്ടിലേക്ക്  പോകുന്ന വഴിയാണ്  കാർ അപകടത്തിൽ പെട്ടത്.
  • എന്താണ് എൽ3, എൽ2, എൽ1, എൽ0 വിഭാഗങ്ങൾ?

ദേശീയ ദുരന്ത നിവാരണത്തിന്റെ (2005) മാർഗരേഖ പ്രകാരം ദുരന്തങ്ങളെ 4 വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. തദ്ദേശ ഭരണകൂടത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചെറിയ ദുരന്തങ്ങളെയാണ് എൽ0. ജില്ലാ തലത്തിൽ കൈകാര്യം ചെയ്യേണ്ടവ എൽ1. സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യേണ്ടവ എൽ2. കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ട വലിയ ദുരന്തങ്ങളാണ് എൽ3. അതീവ ഗുരുതരമായ ദുരന്തമാണ് എൽ3 വിഭാഗം.

  • വയനാട് ഉരുൾപൊട്ടൽ; തെരച്ചിൽ 10-ാം ദിനത്തിലേക്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നലെ 10-ാം ദിവസവും തുടർന്നു. സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നലെ പരിശോധന. തെരച്ചിലിന് കഡാവർ നായകളും ഉണ്ടായിരുന്നു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ ഇതുവരെ 413 മരണമാണ് റിപ്പോർട്ട് ചെയ്തത്.

  • വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിൽ നിന്ന്  അയോഗ്യയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതിന് പിന്നാലെയാണ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ ഏകതാരമെന്ന റെക്കോർഡുമായാണ് വിനേഷ് ഫോഗട്ട് പടിയിറങ്ങുന്നത്.

  • മീരാഭായ് ചാനുവിന് മെഡൽ ഇല്ല

49 കിലോ ഗ്രാം വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യൻ താരം മീരാഭായ് ചാനുവിന് മെഡൽ ഇല്ല. ഫൈനലിൽ നാലാം സ്ഥാനത്താണ് മീരാഭായ് ചാനു ഫിനിഷ് ചെയ്‌തത്‌. ഒളിംപിക് റെക്കോർഡോടെ ചൈനയുടെ ഹൗ സിഹുയിക്കാണ് സ്വർണം. റുമാനിയൻ താരം മിഹേല വലെന്റിന വെള്ളിയും തായ്ലൻഡ് താരം സുറോദ്‌ചന ഖംബാവോ വെങ്കലവും നേടി.

  • വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി

ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്നലെ നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് ഇന്ത്യ മെഡൽ നേടിയത്. ഇന്ത്യക്ക് വേണ്ടി നായകൻ ഹർമൻപ്രീത് സിങാണ് ഗോൾ നേടിയത്. ഇന്നലത്തെ മത്സര ജയത്തോടെ ശ്രീജേഷ് അവിസ്‌മരണീയമായ വിടവാങ്ങൽ നൽകാനാണ് ടീം ശ്രമിച്ചത്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നാലാം മെഡലാണ്.

  • ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ തന്മാത്ര രൂപത്തിൽ ജലം; ചരിത്രം

തൻമാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ഭൗതിക തെളിവുകളോടെ കണ്ടെത്തി ചൈന. ചന്ദ്രനിൽ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്ത‌ാണ് ഈ കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്. ജലത്തിന്റെ സാന്നിധ്യമേയില്ല എന്ന് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് സാംപിൾ ശേഖരിച്ചത്. ഭാവിയിൽ ചാന്ദ്ര വാസത്തിനുള്ള വിഭവമാകാൻ ചന്ദ്രനിൽ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

  • സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഇടിയംപൊറ്റ സ്വദേശി സോമനാണ് കത്തെഴുതി വച്ച് തൂങ്ങിമരിച്ചത്. വീടിനോട് ചേർന്നുള്ള മരത്തിലാണ് സോമനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. നെൽകർഷകനായ സോമന് വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്‌പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ. ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തി സാമ്പത്തിക ബാധ്യതയുടെ വ്യാപ്‌തി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

  • 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 561 ആയി കുറഞ്ഞു

കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ ചില നിരീക്ഷണങ്ങൾ കാണുകയുണ്ടായി, എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായത്. 2012-ലെ സുപ്രീം കോടതി വിധിയെ തുടർന്ന് കേരളത്തിലെ 2543 ക്വാറികളാണ് പ്രവർത്തനം അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

  • വിവാഹം കഴിഞ്ഞ ഉടനെ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യയും ഭർത്താവും തമ്മിലടിച്ചു. തുടർന്ന് ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണപ്പെട്ടു. കർണാടകയിലെ കോലാർ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. 19 വയസുകാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്.

  • അരുവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി

അരുവിത്തുറ: പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം  കുഴിമുള്ളിൽ നിർവഹിച്ചു. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു.

  • SSLC പരീക്ഷ: ഇനി മാർക്കും അറിയാം

സംസ്ഥാനത്ത് SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇനി മാർക്കും അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് SSLC പരീക്ഷ കഴിഞ്ഞ് 3 മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകും.

  • വ്യാജ ലോൺ ആപ്പുകളെ പൂട്ടാൻ RBI

നിരവധിപ്പേരാണ് ഒരു ദിവസം ലോൺ ആപ്പുകളുടെ കെണിയിൽ വീഴുന്നത്. ഇതിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി അംഗീകൃത ലോൺ ആപ്പുകളുടെ  കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നൽകാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാൻ സാധിക്കും. ഡേറ്റാ ബേസ് RBIയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന തരത്തിലായിരിക്കും.

  • പ്രതിരോധമതിലായി ശ്രീജേഷ്

പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിന്റെ പ്രധാന വിജയ ശിൽപി ഗോൾകീപ്പർ ശ്രീജേഷ് തന്നെയാണ്. മത്സരത്തിലുടനീളം മിന്നും സേവകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു. അവസാന നിമിഷങ്ങളിൽ സ്പെയ്‌നിന് ലഭിച്ച പെനാൽറ്റി കോർണർ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഒളിമ്പിക് വെങ്കലം നിലനിർത്തിയത്. കഴിഞ്ഞ ഒളിമ്പിക്‌സിലും ഇന്ത്യക്ക് വെങ്കലമായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...