പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  2

Date:

2024 ഓഗസ്റ്റ്  2   വെള്ളി    1199 കർക്കിടകം 18

വാർത്തകൾ

  • രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങൾ

മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സജീവമാണ്. എൻഡിആർഎഫ്, സിആർപിഎഫ്, കര-വ്യോമ-നാവിക സേനകൾ, കോസ്റ്റ് ഗാർഡ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

  • ബെയ്ലി പാലം യാഥാർത്ഥ്യമാക്കിയവർക്ക് അഭിവാദ്യങ്ങൾ

വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി തയ്യാറാക്കിയ ബെയ്ല‌ി പാലത്തിലെ പുതിയ വീഡിയോ പങ്കുവച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘ബെയ്ല‌ി പാലം യാഥാർത്ഥ്യമായി. ഇന്ത്യൻ സൈന്യത്തിനും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. #നമ്മൾഅതിജീവിക്കും’ എന്ന് കുറിച്ചാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.

  • ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർറാഫേൽ തട്ടിൽ

കാക്കനാട്: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • ദുരിതാശ്വാസ പ്രവർത്തനം: വിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി

വയനാട് ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ചൂരൽമലയിൽ 9 ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ താമസിപ്പിച്ചു. ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നുണ്ട്. റേഷൻ കടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

  • വയനാട്ടിൽ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പ്രിയങ്ക

വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ധാരാളം ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം. പുനരധിവാസത്തിന് ഉൾപ്പെടെ ശാശ്വത ഇടപെടലുകൾ വേണം. വയനാട് ദുരന്തങ്ങൾ തുടർക്കഥയാവുകയാണ്. ശാശ്വത പരിഹാരം ആണ് ആവശ്യമെന്നും പ്രിയങ്ക പറഞ്ഞു.

  • വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേസമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗീക തീരുമാനം വന്നിട്ടില്ല.

  • ക്യാമ്പിൽ കഴിയുന്നവർക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്

മൃതദേഹം കിട്ടിയാൽ മൂന്ന് മിനിറ്റിനുള്ളിൽ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ക്യാമ്പിൽ കഴിയുന്നവർക്ക് മാനസികാഘാത പ്രശ്നമുണ്ട്. കൗൺസിലിംഗ് നൽകിവരുന്നു. പകർച്ചവ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാൻ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയിൽ സംസാരിക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

  • മൂന്ന് ജില്ലകളിൽ ഇന്ന് അവധി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 2, വെള്ളി) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

  • നമ്മൾ തോറ്റ ജനതയല്ല; വയനാട് കളക്ഷൻ സെന്റർ

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള അവശ്യവസ്തുക്കൾ എത്തുന്നുണ്ട്. ഇവ കളക്ട് ചെയ്യുന്ന സെന്ററിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പുറത്തുവന്നു. കാര്യങ്ങൾ ഏകോപിപ്പിക്കാനും മറ്റുമായി നിരവധി പേരാണ് രാത്രിയിലും വോളണ്ടിയർമാരായി ഇവിടെ പ്രവർത്തിക്കുന്നത്. ‘നമ്മൾ തോറ്റ ജനതയല്ല’ എന്ന ടാഗോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  • പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

പാലക്കാട് ജില്ലയിലെ അംഗണവാടികൾ, കിന്റർഗാർട്ടനുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ഹയർ സെക്കന്ററി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും നവോദയ വിദ്യാലയത്തിനും കോളേജുകൾക്കും പ്രഫഷണൽ കോളേജുകൾക്കും അവധി ബാധകമല്ല എന്നും അറിയിപ്പുണ്ട്.

  • ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് മീറ്റിയറോളജിക്കൽ വിഭാഗം. 200 സെന്റി മീറ്ററിൽ കൂടുതൽ മഴയാണ് കണ്ണൂരിൽ മാത്രം പെയ്തിറങ്ങിയത്. ജൂൺ മുതൽ ജൂലൈ 31 വരെയുള്ള കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 22 ശതമാനം അധികമഴയാണ് കണ്ണൂരിൽ ഇതുവരെ ലഭിച്ചത്. 1787 മി മീറ്റർ സാധാരണ മഴലഭിക്കേണ്ടിടത്ത് 2176 മി.മീറ്റർ മഴയാണ് ലഭിച്ചത്.

  • വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നത് 348 കെട്ടിടങ്ങൾ

വയനാട്ടിൽ വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു അറിയിച്ചു. കാണാതായ ആളുകളെ കണ്ടെത്താൻ പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

  • എന്തുകൊണ്ട് ബെയ്‌ലി എന്ന പേര് ?

1942ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ പേരിലാണ് പാലം അറിയപ്പെടുന്നത്. ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം നിർമിച്ചത്. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിർമിച്ചത്.

  • വയനാട് ദുരന്തം; മരണം 297 കടന്നു

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി ഉയർന്നു. 279 പേരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അതിൽ 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരിൽ 27 പേർ കുട്ടികളാണ്. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

  • എന്താണ് ബെയ്‌ലി പാലം

ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി പാലം. ദുരന്തനിവാരണത്തിനാണ് ഇന്ന് ഇത്തരം പാലം നിർമിക്കുന്നത്. മുമ്പുതന്നെ നിർമിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിത് നിർമിക്കുന്നത്. മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്ലി പാലം.

  • കേരളത്തിൽ മുമ്പ് നിർമിച്ച് ബെയ്ലി പാലം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമിച്ചത്. 1996 നവംബർ എട്ടിനായിരുന്നു റാന്നിയിൽ സൈന്യം ബെയ്‌ലി പാലം നിർമിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്.

  • രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും. ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൂടെയാണ് രാഹുലും പ്രിയങ്കയും ദുരന്ത മേഖലകൾ സന്ദർശിച്ചത്. ചൂരൽ മലയിൽ എത്തിയ രാഹുൽ രക്ഷാപ്രവർത്തനത്തിന്റെ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു.

  • വിലങ്ങാട് ഉരുള്‍പ്പെട്ടല്‍: ഇടപെടലിനായി അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത

താമരശ്ശേരി: വയനാടിന് പിന്നാലെ അതിഭീകരമായ ഉരുൾപ്പെട്ടലിന് ഇരയായി വീടും, കൃഷിയിടവും, വസ്തുവകകളും സകലതും നഷ്ടപ്പെട്ട വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ വായാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത.

  • ദുരന്തബാധിതർക്ക് ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികളുമായി മാനന്തവാടി രൂപത

മാനന്തവാടി: മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അവര്‍ക്കു വേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു.

  • ദുരിതബാധിതരെ സമര്‍പ്പിച്ച് ഓഗസ്റ്റ് 4 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം

കൊച്ചി: ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ ഓഗസ്റ്റ് 4 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം. കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവയാണ് ഇത് സംബന്ധിച്ച ആഹ്വാനം നല്‍കിയത്. വയനാട്/ കോഴിക്കോട് മേഖലകളിലെ രൂപതകൾ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെയും സമർപ്പിത സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിൽ ഇതിനോടകം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയും പെട്ടന്നുള്ള ആശ്വാസപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അതിനു നന്ദി അറിയിക്കുകയാണെന്നും കെ‌സി‌ബി‌സി അധ്യക്ഷന്റെ പ്രസ്താവനയില്‍ പറയുന്നു.

  • ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് 03.08.2024 രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

  • റോഡ് ഇടിഞ്ഞു താഴ്ന്നു

കോട്ടയം ജില്ലയിലെ മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോഴാണ് കിണർ പ്രത്യക്ഷപ്പെട്ടത്. മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പർ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികിൽ അൽപം താഴ്ന്നതായി കാണപ്പെട്ടു. തുടർന്നാണ് കിണർ കണ്ടെത്തിയത്. കല്ലും മണ്ണും ഉപയോഗിച്ച് കിണർ നികത്തി.

  • വയനാട്ടിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് ദുരന്തത്തിൻ്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാൻ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം. താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാം.

ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/SAw3rDnwdBPW1rme9

  • വയനാട്ടിൽ അനാഥരായ കുട്ടികളെ പൊന്നുപോലെ നോക്കാം, മുലപ്പാൽ നൽകാൻ തയാർ

വയനാടിന് ആശ്വാസമായി നന്മ നിറഞ്ഞ മനുഷ്യർ. ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അതേസമയം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ… എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാൾ വാട്സാപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചതും വൈറലായിരുന്നു.

  • ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വ‌പ്നം സാധ്യമാക്കി സ്വപ്‌നിൽ കുസാലെയും

പാരിസ് ഒളിംപിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡൽ നേട്ടം. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നിൽ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകൾ നേടിയാണ് സ്വപ്പ്നിൽ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്.

  • മുന്നൂറോളം പ്രാദേശിക, സഹകരണ ബാങ്കുകളിൽ സൈബർ ആക്രമണം

അസോസിയേറ്റ് ടെക്നോളജി സേവന ദാതാക്കളായ സി-എഡ്‌ജ്‌ ടെക്നോളജീസ് ലിമിറ്റഡിനെതിരായ സൈബർ ആക്രമണത്തെത്തുടർന്ന് 300 ഓളം ചെറു പ്രാദേശിക ബാങ്കുകളിലെ പേയ്മെന്റ് സംവിധാനങ്ങൾ താറുമാറായി. നിരവധി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ഇത് ബാധിച്ചതായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. തുടർന്ന് രാജ്യത്തെ പേയ്മെന്റ് സിസ്റ്റം ഓവർസിയറായ NPCI അതിവേഗത്തിൽ നടപടിയെടുത്തു.

  • ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

ദില്ലിയിൽ വെള്ളക്കെട്ടുള്ള അഴുക്കുചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറടി വീതിയിൽ 15 അടി താഴ്ചയുള്ള നിർമാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്. ഇതോടെ കനത്ത മഴയിൽ ദില്ലിയിലെ മരണം ഏഴായി. ദില്ലിയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്കൂളുകൾക്കും അവധി നൽകി.

  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവേശനമില്ല, സ്വകാര്യത മാനിക്കണം

വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശനമില്ലെന്നും, അവരുടെ സ്വകാര്യത മാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്, ഈ പശ്ചാത്തലത്തിൽ അവരുടെ സ്വകാര്യത മാനിക്കണം, ക്യാമ്പുകളിൽ ആവശ്യമായ റിസപ്ഷൻ ഏർപ്പെടുത്തുമെന്നും ഇതുവഴി ആവശ്യമുള്ളവരെ കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  • രക്ഷാപ്രവർത്തനം ഊർജിതമാക്കും; 4 മന്ത്രിമാർ വയനാട്ടിൽ തുടരും

മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ എകെ ശശീന്ദ്രൻ, ഒആർ കേളു, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് വയനാട്ടിൽ ക്യാമ്പ് ചെയ്യുക. മുണ്ടക്കയിൽ ഹിറ്റാച്ചി, മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം. മണ്ണിനടിയിൽ നിരവധിപേർ ഉണ്ടെന്നാണ് സംശയം.

  • 1984 ലും മേപ്പാടിയിൽ ഉരുൾപൊട്ടി; 50 അടി ഉയരത്തിൽ ചെളി, 18 മരണം

കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ. മുമ്പും മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. 1984 ജൂലൈ 2ന് ഉണ്ടായ ദുരന്തത്തിൽ 18 ജീവനുകളാണ് പൊലിഞ്ഞത്. 4 കി.മീറ്റർ നീളത്തിലും 500 മീറ്റർ വീതിയിലുമാണ് മണ്ണ് കുത്തിയൊലിച്ചത്. ഫയർഫോഴ്സും ഫോറസ്റ്റ്ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഇവിടെ മണ്ണുമാറ്റി മൃതദേഹം കണ്ടെത്തുകയെന്നത് ദുഷ്കരമായതിനാൽ തിരച്ചിൽ നിർത്തുകയായിരുന്നു.

  • ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

  • ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ; അത്ലറ്റിക്സിന് ഇന്ന് തുടക്കം

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷകൾ അർപ്പിക്കുന്ന അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ടോക്കിയോയിൽ സ്വർണ കൊയ്ത ഇന്ത്യയുടെ അഭിമാന ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. 5 മലയാളികൾ ഉൾപ്പെടെ 29 അംഗ ഇന്ത്യൻ അത്ലറ്റിക്സ് ടീം 16 മെഡൽ ഇനങ്ങളിൽ മത്സരിക്കും. റിലേ ടീമിൽ 4 പേരും ട്രിപ്പിൾ ജമ്പിൽ അബ്ദു‌ദുള്ള അബൂബക്കറും ഉൾപ്പെടെയുള്ള മലയാളികളാണ് മത്സരിക്കുന്നത്.

  • വിപണിയിൽ റെക്കോർഡ് നേട്ടം

ഓഹരിവിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് ആദ്യമായി 82,000 കടന്നപ്പോൾ നിഫ്റ്റി 25,000 എന്ന ലെവൽ കടന്നു. സെൻസെക്സും നിഫ്റ്റിയും എല്ലാ റെക്കോർഡുകളും തകർത്ത് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വൈദ്യുതി മേഖലയിലെ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, മോട്ടോർ, ഫാർമ മേഖലകളിൽ തകർച്ച നേരിട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലോറി കണ്ടെത്തിയെന്ന് ഈശ്വർ മാൽപേ

കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്....

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി...

പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു....

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...