2024 ജൂലൈ 31 ബുധൻ 1199 കർക്കിടകം 16
വാർത്തകൾ
- കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
- കോഴിക്കോടും ഉരുൾപൊട്ടൽ
കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു. മഞ്ഞച്ചീൾ സ്വദേശി കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി.
- സംസ്ഥാനത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഇന്നലെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.മലപ്പുറം, വയനാട്, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അംഗൻവാടികൾക്കുമാണ് ഇന്ന് അവധി. കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ സ്കൂളുകൾക്കും അവധിയുണ്ട്.
- KSRTC ബസ് സർവീസ് നിർത്തി
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള KSRTC സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് KSRTC അധികൃതർ അറിയിച്ചു. അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയാണിത്.
- വീണ്ടും ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തകരെ ഒഴിപ്പിച്ചു
ചൂരൽമഴയിൽ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
- രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഏഴു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തുന്നത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാര്‍ പറയുന്നു. മുണ്ടകൈ, ചുരല്‍മല, അട്ടമല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞു. സൈന്യത്തിനൊപ്പം ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകും. തൃശൂര്‍ ജില്ല മുതലുള്ള എല്ലാ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകും. വെള്ളര്‍മല ജിവിഎച്ച്‌എസ് പൂര്‍ണമായി മുങ്ങി. നേരം പുലര്‍ന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
- ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎൻആർഎഫിൽ നിന്നാണ് സഹായം പ്രഖ്യാപിച്ചത്. കൂടാതെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
- ഷൊർണ്ണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
കനത്ത മഴ സംസ്ഥാനത്തിൻ്റെ പലഭാ ഗങ്ങളിലും നാശം വിതയ്ക്കുന്നു. ശക്തമായ മഴയെത്തുടർന്ന് മാന്നനൂരിൽ പാളത്തിനു സമീപം മണ്ണിടിച്ചിലുണ്ടായി. ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. വീഴ്മലയിലുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊഴുകി ദേശീയപാത അണയ്ക്കപ്പാറയിൽ റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി.
- എയർ ലിഫ്റ്റിംഗിന് ഹെലികോപ്റ്ററുകൾ എത്തും; NDRF സംഘവും വയനാട്ടിൽ
മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിനാണ് ഹെലികോപ്റ്റർ. 2 ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലെത്തും. 2 കമ്പനി NDRF ടീമും രക്ഷാപ്രവർത്തനത്തിനെത്തും. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
- പാലക്കാട് ജില്ലയിൽ ചുരം റോഡുകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണം
നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാലക്കാട്ടെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾ ഓഗസ്റ്റ് 02 വരെ പാടില്ല.
- നാനൂറിലധികം പേർ അപകടത്തിലെന്ന് നാട്ടുകാർ
സംഭവ സ്ഥലത്ത് മൂന്ന് ഉരുൾപൊട്ടൽ . വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടലിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നു. സംഭവ സ്ഥലത്ത് മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായിട്ടാണ് നാട്ടുകാർ പറയുന്നു. പ്രധാന പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
- എത്യോപ്യയിൽ ഉരുൾപൊട്ടലിന്റെ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ
തെക്കൻ എത്യോപ്യയിലെ സോഡോ പ്രദേശത്ത് ജൂലൈ 22 തിങ്കളാഴ്ച ഉണ്ടായ ഉരുൾപൊട്ടലിന്റെ ഇരകളായവർക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഒരു ഗ്രാമത്തെ മുഴുവൻ തകർത്ത് കൊണ്ടുപോയ ഈ ദുരന്തത്തിൽ ദുഃഖിതരായിരിക്കുന്ന എത്യോപ്യൻ ജനതയ്ക്കും, സ്ഥലത്ത് അപകടങ്ങളിൽപ്പെട്ടവർക്ക് സഹായസഹകരണങ്ങൾ എത്തിക്കുന്നവർക്കും തന്റെ സാമീപ്യം ഉറപ്പുനൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചതിന് പിന്നാലെയാണ് പാപ്പാ എത്യോപ്യയിൽ നടന്ന ഈ വൻ പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ പ്രത്യേകം അനുസ്മരിച്ചത്. ലോകത്ത് അനേകമാളുകൾ ദുരന്തങ്ങളും പട്ടിണിയും മൂലം ദുരിതമനുഭവിക്കുമ്പോഴും, ആയുധനിർമ്മാണവും വിൽപ്പനയും നടത്തുകയും, പ്രകൃതിയിലെ വിഭവങ്ങൾ നശിപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ യുദ്ധങ്ങൾ നടത്തുകയും ചെയ്യുന്നതിനെ ഇതിനോടനുബന്ധിച്ച് പാപ്പാ കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്രസമൂഹം ഇത്തരമൊരു കുത്സിതപ്രവൃത്തിയെ അംഗീകരിക്കരുതെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.
- നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ യേശുവിനെ അനുവദിക്കുക
പരാഗ്വെയിലെ യുവജന ശുശ്രൂഷികളുടെ സമ്മേളനത്തില്‍ നല്‍കിയ ഒരു സന്ദേശത്തില്‍, ക്രിസ്തുവിനാല്‍ രൂപാന്തരപ്പെടുവാനും തങ്ങളുടെ യുവത്വം യേശുവിനും ലോകത്തിനും ഉള്ള ഒരു സമ്മാനമായി ജീവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ”നമ്മുടെ അടുത്തുകൂടി കടന്നുപോകുന്ന, നമ്മുടെ ചെവിയില്‍ മന്ത്രിക്കുന്ന കര്‍ത്താവിനെ ഭയപ്പെടരുത്. ഓരോ തവണ നാം വീഴുമ്പോഴും അവിടുന്ന് നമ്മുടെ അടുത്തേക്ക് കുനിഞ്ഞ്, പിടിച്ചുയര്‍ത്താന്‍ തന്റെ കരം നീട്ടുന്നു,” ”നാം ഉത്ഥിതരായി, എഴുന്നേറ്റുനില്‍ക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതിനാല്‍, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ അവിടുത്തെ അനുവദിക്കുന്നതില്‍ നാം ഭയപ്പെടരുത്” എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
- വഴി ഒരുക്കുക
കോഴിക്കോട് ഭാഗത്ത് നിന്നും നിരവധി ആർമി വാഹനങ്ങൾ വയനാട് ഭാഗത്തേക്ക് വരുന്നുണ്ട്.ദേശീയപാതയിൽ തടസ്സങ്ങൾ ഉണ്ടാവാതെ നോക്കുക്ക.റോഡിന്ന് കുറുകെ കെട്ടിയ കയറുകൾ, ബാരിക്കേടുകൾ മാറ്റുക.
- പാലാ രൂപത മാതൃവേദിക്ക് എക്സ്‌സലെൻ്റ് അവാർഡ്
പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിക്ക് സീറോ മലബാർ മാതൃവേദിയുടെ ആദരവ്. സീറോ മലബാർ സഭയിലെ 35 രൂപ തകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദിയുടെ 2023 പ്രവർത്ത നവർഷത്തെ വിലയിരുത്തലിലാണ് പാലാ രൂപത മാതൃവേദിയെ എക്സലെന്റ് അവാർഡിന് അർഹയാക്കിയത്. 171 ഇടവകകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദി കഴിഞ്ഞ വർഷം രൂപത തലത്തിൽ നടപ്പിലാക്കിയ അൽഫോൻസാ തീർത്ഥാടനം, ബൈബിൾ രചന, കുഞ്ഞച്ചൻ തീർത്ഥാടനം, കുടുംബസംഗമം, ബൈബിൾ പഠനകളരി, വിവിധ കലാമത്സരങ്ങൾ എന്നിവ പ്രവർത്തന മികവായി വിലയിരുത്തപ്പെട്ടു. കാക്കനാട് മൗണ്ട് സെന്റ്റ് തോമസിൽ വച്ച് നടന്ന ചടങ്ങ് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. സഭയെ ജീവനുള്ളതായി മാറ്റുന്നത് അമ്മമാരുടെ സാന്നിദ്ധ്യവും പ്രവർത്തനമി കവും ആണെന്ന് പിതാവ് ഓർമ്മിപ്പിച്ചു. മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ശ്രീമതി. ബീനാ ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപ താദ്ധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിലിൽ നിന്ന് പാലാ രൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോസഫ് നരിതുക്കിലും രൂപത ഭാരവാഹികളായ സിജി ലുക്ക്‌സൺ(പ്രസിഡൻന്റ്), സുജ ജോസഫ് (വൈസ് പ്രസിഡൻ്റ്), ഷേർളി ചെറിയാൻ (സെക്രട്ടറി), ബിന്ദു ഷാജി (ജോ. സെക്രട്ടറി), ഡയാന രാജു (ട്രഷറർ), മേരിക്കുട്ടി അഗസ്റ്റിൻ (സെന്റ് അംഗം), ബിനി എബ്രാഹം (സെനറ്റ് അംഗം), സബീന സഖറിയാസ്, മോളിക്കുട്ടി ജേക്കബ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ ചേർന്ന് എക്‌സലെൻ്റ് അവാർഡ് ഏറ്റുവാങ്ങി.
- വില്പനയ്ക്കായിസൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി
കോട്ടയം : കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വാകത്താനം ഗവ ആശു പത്രിയ്ക്ക്പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ള വർ കയറിപ്പോവുന്നത് കണ്ടവർ ഉണ്ട് . വിവരം അറിഞ്ഞ് എക്സൈസ് എത്തി മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പൊതികളിലും ഞെരുക്കി ‘ബോൾ’ ആകൃതിയിലാക്കിയ കഞ്ചാവ് സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി വരിഞ്ഞ് കെട്ടിയിരുന്നു. ഈ സ്ഥലത്തിനടുത്ത് നിന്നും കഞ്ചാവ് മാഫിയയിലെ രണ്ട് പ്രധാനികളെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ അനു .വി .ഗോപിനാഥ് , ബൈജു മോൻ K C, അനിൽ കമാർ KK പ്രിവന്റീ വ് ഓഫീസർ നിഫി ജേക്കബ് സി വിൽ എക്സൈസ് ഓഫീസർ അനീഷ് രാജ് KR, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത KV എക്സൈസ് ഡ്രൈവർ ജോഷി എന്നിവരും പങ്കെടുത്തു.
- മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജൻ, പിഎ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരാണ് മണ്ണിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.
- ഇത് രാഷ്ട്രീയം കളിയ്‌ക്കേണ്ട സമയമല്ല
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാർ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനോട് കേരളത്തിലേക്ക് പോകാൻ നിർദ്ദേശിച്ചെന്നും മന്ത്രി.
- വിലങ്ങാട് ഉരുൾപൊട്ടിയത് പത്തോളം തവണ
കോഴിക്കോട് വിലങ്ങാട് പത്ത് തവണ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഒരാളെ കാണാതായി. പത്തോളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്. നാൽപതോളം വീട്ടുകാർ ഒറ്റപ്പെട്ടു.
- മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം : കെസിബിസി ജാഗ്രത കമ്മീഷൻ
ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടത്തിയ സമരത്തെ കേരളസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തരമൊരു നീക്കത്തെയും അതിന് പിന്നിലെ ചേതോവികാരങ്ങളെയും മതഭേദമന്യേ മലയാളികൾ ഒന്നടങ്കം തള്ളിപ്പറഞ്ഞു. സമൂഹത്തിൽ മതപരവും വർഗ്ഗീയവുമായ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന ആശയപ്രചരണങ്ങളും നിർബ്ബന്ധബുദ്ധികളും ദോഷകരമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് നൽകാൻ ഈ സംഭവവികാസങ്ങൾ വഴിയൊരുക്കി.
- ഭാരതപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ; പഴയ കൊച്ചിൻ പാലം തകർന്നു
കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിന്‍ പാലം തകര്‍ന്നുവീണത്. 2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന വര്‍ഷങ്ങളായുള്ള ആശങ്കയ്ക്കിടെയാണ് കനത്തമഴയില്‍ പാലം തകര്‍ന്നുവീണത്. ചെറുതുരുത്തി – ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്.ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്ബുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍.
- വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു
വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രമാണുള്ളത്.
- കോട്ടയത്ത് കനത്ത മഴ രാത്രി യാത്ര ഒഴിവാക്കൂ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനവിലക്ക്
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
- ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക്
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
- കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി
പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല
കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലനഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.visionhttp://pala.vision