2024 ജൂലൈ 29 തിങ്കൾ 1199 കർക്കിടകം 14
വാർത്തകൾ
- വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു സമാപനം
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ കുർബാനയോടെയാണ് സമാപനമായത്. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു.
- ഒളിമ്പിക്സ് ഉദ്ഘാടനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസ്
കടനാട് : ഫ്രാൻസിൽ 2024 ജൂലൈ 24 മുതൽ ഓഗസ്റ്റ് 11 വരെ പാരീസ് ഹോസ്റ്റ് സിറ്റിയിൽ നടക്കുന്ന ഒളിമ്പിക്സിൽ നിരവധി മെഡലുകൾ ലക്ഷ്യമിട്ട് പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് കടനാട് സെൻ്റ് മാത്യൂസ് എൽ.പി സ്കൂളിലെ കുട്ടികൾ ഒളിമ്പിക്സ് ലോഗോ തീർക്കുകയും ദീപശിഖാ പ്രയാണം നടത്തുകയും ചെയ്തു. ലോക മിസൈൽമാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമദിനമായ ഇന്ന് കുട്ടികളെല്ലാവരും റോക്കറ്റുകൾ നിർമിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കി. വിവിധ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റും അധ്യാപകരും നേതൃത്വം നൽകി.
- ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് മെഡൽ പ്രതീക്ഷ
പാരിസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്നിറങ്ങും. ഷൂട്ടിംഗിൽ ഫൈനൽ റൗണ്ടിൽ എത്തിയ മനു ഭാക്കർ രാജ്യത്തിനായി സ്വർണം നേടുമെന്നാണ് പ്രതീക്ഷ. വനിതാ വിഭാഗം ബാഡ്ിന്റൺ സിംഗിൾസിൽ പിവി സിന്ധു ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. ബോക്സിംഗ് റിംഗിലെ മെഡൽ പ്രതീക്ഷയായ നിഖാത് സരീനും ഇന്ന് മത്സരമുണ്ട്. അമ്പെയ്ത്തിൽ ദീപിക കുമാരിയുടെ ടീം ഇന്ന് ക്വാർട്ടർ മത്സരത്തിനിറങ്ങും.
- അർജുനായുള്ള തിരച്ചിൽ നടപടികൾ ഉടൻ നിർത്തിവെക്കില്ല
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നടപടികൾ ഉടൻ നിർത്തിവെക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇന്നലെ രാത്രി മഴ പെയ്യാത്തത് കൊണ്ട് തന്നെ നദിയിൽ ജലനിരപ്പിൽ കുറവുണ്ടെന്നും അത് ഇന്നത്തെ രക്ഷാപ്രവർത്തനത്തെ സഹായിക്കും. ജലനിരപ്പിൽ കുറവുണ്ടങ്കിലും അടിയൊഴുക്കിൽ മാറ്റമില്ലാതെ തുടരുന്നത് ആശങ്കയാണെന്നും ഷിരൂരിൽ തുടരുന്ന മന്ത്രി പറഞ്ഞു.
- ഇന്ത്യക്ക് ആദ്യ മെഡൽ
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം മെഡൽ നേടിയത്. 221.7 പോയിന്റ് നേടിയാണ് മനുഭാക്കർ മെഡൽ സ്വന്തമാക്കിയത്. രണ്ടുപതിറ്റാണ്ടിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ് മനു ഭാക്കർ. ടോക്കിയോ ഒളിംപിക്സിൽ മനുവിന് യോഗ്യതാ റൗണ്ട് കടക്കാനായിരുന്നില്ല. ഹരിയാന സ്വദേശിയാണ് മനു.
- ഇന്ത്യയുടെ മണിക ബത്ര രണ്ടാം റൗണ്ടിൽ
പാരീസ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക ബത്രക്ക് ജയം.ബ്രിട്ടൻന്റെ അന്ന ഹർസിയെയാണ് താരം തോൽപിച്ചത്. നേരത്തെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മറ്റൊരു താരം ശ്രീജ അകുല സ്വീഡിഷ് താരം ക്രിസ്റ്റീന കോൾബെർഗിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്നിരുന്നു.
- ഇന്ന് വൈകീട്ട് നിർണായക തീരുമാനം
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകുന്നേരം അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. വരുന്ന 21 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആലോചിക്കേണ്ടതുണ്ട്. വൈകുന്നേരം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും എംഎൽഎ പറഞ്ഞു.
- ‘നിർമല’ ഞങ്ങളുണ്ട് നിൻറെ കൂടെ
അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരമാകുന്ന അറിവ് പകർന്നു നൽകുന്ന മൂവാറ്റുപുഴ നിർമല കോളേജിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ ഇതിനുമുമ്പ് നടന്ന പല കോളേജുകളിലെയും പ്രശ്‌നങ്ങളുടെ പിന്നാമ്പുറത്ത് നിന്ന് ചിന്തിക്കുമ്പോൾ ചില നിഗൂഢ ശക്തികളുടെ ഗൂഢലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോളേജിനകത്തു തന്നെ നിസ്കരിക്കുവാനുള്ള സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന സമരം അനാവശ്യവും ജനാധിപത്യവിരുദ്ധവും സ്ഥാപനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും ആണ്.
- അൽഫോൻസ നാമധാരി സംഗമം
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അൽഫോൻസ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 30 ഓളം പേരുണ്ടായിരുന്നു. അൽഫോൻസ ദിനാഘോഷം, സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ബിജു കടപ്രയിൽ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറം പകർന്നു.
- മുന്നൊരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ
സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. വോട്ടെടുപ്പിന് 211 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
- കലാശപ്പോരിൽ വീണ് ഇന്ത്യ; ലങ്ക ചാമ്പ്യൻസ്
വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. 61 റൺസ് നേടിയ ചമരിയും 69 റൺസ് നേടിയ ഹർഷിതയുമാണ് ലങ്കയെ വിജയത്തിലെത്തിച്ചത്.
- ശരത് കമലിന് തോൽവി
ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2-4 നാണ് തോൽവി വഴങ്ങിയത്. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ്, പുരുഷ ടീമിനം, മിക്‌സഡ് ഡബിൾസ് എന്നിവയിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയ ശരത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു.
- ഷിരൂരിലെ റോഡ് നിർമാണം അശാസ്ത്രീയം
അശാസ്ത്രീയമായ നിർമാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പൻവേൽ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായി കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ മലയിടിച്ചിലിന് കാരണമായി. മഴവെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടു. കുന്നിൻ്റെ ഘടന മാറി. കുന്നിൻചെരിവ് തുരന്നതിൻ്റെ മുകൾഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
- മനു ഭാക്കറിന് പ്രശംസയുമായി മോദി
ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസയുമായി പ്രധാനമന്ത്രി. ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു. മഹത്തായ നേട്ടമെന്നും മോദി കൂട്ടിച്ചേർത്തു. പാരീസ് ഒളിംപിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാകർ വെങ്കലം നേടിയത്.
- മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.
- ഇന്ത്യൻ വനിത താരം രമിത ജിൻഡാൽ ഫൈനലിൽ
ഇന്ത്യയുടെ രമിത ജിൻഡാൽ പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഫൈനലിൽ. യോഗ്യത റൗണ്ടിൽ 631.5 പോയിന്റുറുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു താരം ഇലവേനിൽ വാളരിവന് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല. 630.7 പോയിന്റ് നേടിയ താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
- അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു
അർജുനെ കാണാതായി പതിമൂന്നാം നാൾ തെരച്ചിലിന് താത്കാലിക വിരാമമിട്ട് കർണാടക സർക്കാർ. കാലാവസ്ഥയും പുഴയിലെ ഒഴുക്കും മറ്റ് അനുകൂലമായതിന് ശേഷം തെരഞ്ഞിട്ടേ ഫലമുള്ളു എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കലക്കവെള്ളം ആയതിനാൽ അടിയിൽ ഒന്നും കാണാത്ത അവസ്ഥയാണെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ പറഞ്ഞിരുന്നു. അതേസമയം രക്ഷാദൗത്യം നിർത്തിവെച്ചതിൽ കേരള സർക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
- നിഖാത് സരീൻ പ്രീക്വാർട്ടറിലേക്ക്
ഒളിമ്പിക്സ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ പ്രീക്വാർട്ടറിൽ കടന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ വു യുവിനെയാണ് സരീൻ നേരിടുക. വനിതകളുടെ 50 കിലോ വിഭാഗത്തിൽ ജർമ്മനിയുടെ മാക്സി ക്ലോറ്റ്സറിനെയാണ് സരീൻ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം.
- ഉത്പാദനം കുറഞ്ഞു; ഇഞ്ചിക്ക് പൊന്നുംവില
ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കൂടി. 2 വർഷം മുൻപ് കിലോക്ക് 28 രൂപ ലഭിച്ചിരുന്ന നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാൻ കാരണം. മുൻപ് വൻതോതിൽ ഇഞ്ചി കൃഷിചെയ്തിരുന്നവരിൽ പലരും ഇപ്പോൾ മറ്റു കൃഷിക്കൊപ്പം പേരിനുമാത്രമേ ഇത് ഉത്പാദിപ്പിക്കുന്നുള്ളൂ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision