ന്യൂഡൽഹി: ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വ്യോമസേന മൂന്നാം സ്ഥാനത്ത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു.ഡി.എം.എം.എ.) 2022-ലെ റാങ്കിങ്ങിലാണ് രാജ്യത്തിന്റെ മുന്നേറ്റം. ചൈനയ്ക്കു പുറമേ, ജപ്പാൻ, ഇസ്രയേൽ, ഫ്രാൻസ് രാജ്യങ്ങളുടെ വ്യോമസേനകളെയും പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയും റഷ്യയുമാണ് മുന്നിലുള്ളത്.സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തി തയ്യാറാക്കുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടി.വി.ആർ.) അടിസ്ഥാനത്തിലാണ് റാങ്കിങ്. കേവലം വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവർത്തനമികവും വ്യത്യസ്ത ദൗത്യങ്ങൾക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടി.വി.ആർ. തയ്യാറാക്കുന്നത്. ഇതിനുപുറമേ, സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ,
പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നതൊക്കെ റാങ്കിങ്ങിൽ പരിഗണിക്കും. 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യു.ഡി.എം.എം.എ. പട്ടിക തയ്യാറാക്കിയത്.