തിരുവനന്തപുരം: തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യൂണിക് തണ്ടപ്പേര്‍ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണ്‍ലൈനായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചത്. ആദ്യ യുണീക് തണ്ടപ്പേര്‍ രസീത് ഗതാഗത മന്ത്രി ആന്റണി രാജുവിന് കൈമാറി. ആധാറുമായി തണ്ടപ്പേര് ബന്ധിപ്പിക്കുന്നത് വഴി ഒരാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒരു തണ്ടപ്പേരിലാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ കിട്ടാന്‍ കാലതാമസം നേരിടുന്നത് പരിഹരിക്കാനാകും. കര്‍ഷകര്‍ക്ക് സബ്‍സിഡി കിട്ടാനുള്ള തടസ്സവും ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ടുമുള്ള തടസ്സങ്ങളും ഇതോടെ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈനായോ വില്ലേജ് ഓഫീസില്‍ നേരിട്ട് എത്തിയോ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ എത്തുന്ന ഒടിപി മുഖേന ഈ സേവനം ഓണ്‍ലൈനായി ചെയ്യാം.വില്ലേജ് ഓഫീസില്‍ നേരിട്ട് എത്തിയാല്‍ ഒടിപി ഉപയോഗിച്ചോ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ ഇത് ചെയ്യാം. ആധാറുമായി തണ്ടപ്പേരിനെ ബന്ധിപ്പിച്ചാല്‍ ഒരു ഭൂവുടമയുടെ കൈവശം സംസ്ഥാനത്തെ ഏത് വില്ലേജിലും ഉള്ള ഭൂമിയുടെ വിവരങ്ങള്‍ ഒറ്റ തണ്ടപ്പേരിന് കീഴിലാകും. ഇതോടെ ബിനാമി ഭൂമിയിടപാടുകള്‍ക്കും വലിയ രീതിയില്‍ തടയിടാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.