റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചവരുടെ പിന്‍ഗാമികളായി മാറിയിരിക്കുകയാണ് ഭരണവര്‍ഗ്ഗമെന്നും കടബാധിതര്‍ ആത്മഹത്യാ മുനമ്പിലാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കോട്ടയത്ത് നടന്ന കടബാധിതരുടെ സംഗമം.
ആയിരക്കണക്കിന് കുടുംബങ്ങളുടെ വസ്തുവകകള്‍ ബാങ്കിംഗ് ഇടപാട് സ്ഥാപനങ്ങള്‍ അറ്റാച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം കുടുംബങ്ങളിലും കിടപ്പുരോഗികളും പരസഹായമില്ലാതെ ചലിക്കാന്‍ പറ്റാത്തവരുമായ മനുഷ്യജീവനുകള്‍ ദുരിതകയത്തിലാണ്. പൊതുജനം വഴിയാധാരമായിക്കൊണ്ടിരിക്കുന്നു. ‘കുത്തുപാളയെടുക്കാത്ത കുടുംബങ്ങള്‍’ ജനപ്രതിനിധികളും സര്‍ക്കാരുദ്യോഗസ്ഥരും മത-സാമുദായിക നേതാക്കളുടെയും മാത്രമായി മാറിയിരിക്കുന്നു.
മൂന്ന് കുടിശ്ശിക വരുത്തിയാല്‍ ഏത് നിമിഷവും വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ബാങ്കിംഗ് ഇടപാട് സ്ഥാപനങ്ങള്‍ക്ക് അദികാരം നല്കുന്ന ‘സര്‍ഫാസി ഭീകര കരിനിയമം’ എത്രയുംവേഗം പിന്‍വലിക്കണം. ജപ്തി നടപടികള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് അടിയന്തിരമായി നിര്‍ത്തിവയ്ക്കണം.
കൂടുതല്‍ ആത്മഹത്യകളും, മരണങ്ങളും നടക്കുമ്പോള്‍ മാത്രം സങ്കടം പറയാന്‍ എത്തുന്ന ഭരണക്കാരുടെയും മത-സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിന്റെയും നാടായി മാറിയിരിക്കുന്നു കേരളം. ചിലര്‍ കേരള യാത്ര നടത്തുന്നു, മറ്റ് ചിലര്‍ യാത്രകള്‍ക്കൊരുങ്ങുന്നു. ഇവയെല്ലാം കര്‍ഷകന്റെയും, കടബാധിതന്റെയും നെഞ്ചത്തൂടെയാണെന്നും പൊതുസമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും സംഗമം കുറ്റപ്പെടുത്തി.
നൂറുകണക്കിന് കടബാധിതരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. കേരള ആന്റി കറപ്ഷന്‍ കൗണ്‍സില്‍, എഡ്യൂക്കേഷണല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ലോണീസ് അസോസിയേഷനുകള്‍ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്.
സംസ്ഥാന പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ആന്റി കറപ്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി അഡ്വ. രാജേന്ദ്ര ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജോസ് ഫ്രാന്‍സീസ്, കെ.പി. ചന്ദ്രന്‍, തോമസ് വൈദ്യന്‍, കെ.ജി. ബാബു, അബ്ദുള്‍ മജീദ്, ആന്റണി മാത്യു, എം.വി. ജോര്‍ജ്ജ്, സിറില്‍ നരിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.