അരുവിത്തുറ:കോളേജുകളുടെ ദേശീയ ഗുണനിലവാര നിർണയ സമിതിയായ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ( നാക്ക് NAAC) നടത്തിയ പരിശോധനയിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ആയ A++ ലഭിച്ചു. 2023 ജനുവരിയിൽ നാക് പ്രസിദ്ധീകരിച്ച പുതിയ മൂല്യനിർണയ മാനദണ്ഡ പ്രകാരം A++ നേടിയ സംസ്ഥാനത്തെ ആദ്യ കോളേജ് ആണ് അരുവിത്തുറ സെൻറ് ജോർജസ്. ഇത് നാലാം തവണയാണ് കോളേജ് അക്രെഡിറ്റേഷന് വിധേയമാകുന്നത്. മൂന്നാമത്തെ അക്രെഡിറ്റേഷനിൽ ലഭിച്ച എ ഗ്രേഡിൽ നിന്നും നാലാമത്തെ അക്രെഡിറ്റേഷനിൽ ഏറ്റവും ഉന്നത ഗ്രേഡ് ആയ എ++ നേടാനായത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
കോളേജിന്റെ അധ്യാപക വിദ്യാർത്ഥി ബന്ധം, അധ്യാപന – പഠന മികവ്, അടിസ്ഥാന സൗകര്യ വികസനങ്ങൾ, കോളേജ് മാനേജ്മെന്റിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ഏറെ പ്രശംസിക്കപെട്ടു. അത്യാധുനിക ലൈബ്രറി ബ്ലോക്ക്, വിശാലമായ സെമിനാർ ഹാളുകൾ , സ്മാർട്ട് ക്ലാസ് റൂമുകൾ, നവീകരിച്ച സയൻസ് ലാബുകൾ, സയൻസ് ബ്ലോക്ക്, വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സുസജ്ജമായ കാന്റീൻ, കാർഷിക മേഖലയോടും കാലാവസ്ഥ വ്യതിയാനത്തോട് അനുബന്ധിച്ച നടത്തിയ മുന്നേറ്റങ്ങൾ എന്നിവ ശ്രദ്ധേയമാണെന്നും നാക് പിയർ ടീം വിലയിരുത്തി. കോവിഡ് കാലത്ത് നടത്തിയ ദേശീയ അന്തർദേശീയ വെബ്ബിനാറുകൾ ഏറെ പ്രശംസിക്കപെട്ടു.
കോളേജിലെ എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഈ ഉന്നത വിജയത്തിന് കാരണമെന്ന് കോളേജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു. അക്രെഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്കാട്ട്, ഐ.ക്യു.എ.സി. കോർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ ഡോ. ജിലു ആനി ജോൺ, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ. സുമേഷ് ജോർജ്, ഡോ. മിഥുൻ ജോൺ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ കോളേജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അഭിനന്ദിച്ചു.
പാലാ രൂപതയിലെ അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ പള്ളിയുടെ മാനേജ്മെന്റിലുള്ള സ്ഥാപനമാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision