2000 മുതല്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും രക്തം ചിന്തിയ നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ
. ജൂലൈ 3-ന് പുറത്തുവിട്ട കത്തിലൂടെ കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച വിവരവും, അതിന്റെ കാരണങ്ങളും പാപ്പ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. “കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്” എന്നാണ് പുതിയ കമ്മീഷന്റെ പേര്.
2025-ലെ ജൂബിലി മുന്നില്‍ക്കണ്ടുകൊണ്ടാണ് പാപ്പ കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ ന്യൂസ് ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളെയും മറ്റ് ഉറവിടങ്ങളേയും ആശ്രയിച്ചുകൊണ്ടായിരിക്കും കമ്മീഷന്‍ നവരക്തസാക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുക. ക്രിസ്ത്യന്‍ രക്തസാക്ഷികളെ കുറിച്ചുള്ള സര്‍വ്വേ, അത്മായര്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതം വിശ്വാസത്തിനായി ബലികഴിച്ചതിനെക്കുറിച്ച് ഫിദെസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച ശ്രമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ മെത്രാന്‍മാര്‍, സന്യാസ സമൂഹങ്ങള്‍, ഇവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്നവര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പുതു ഗവേഷണവും നടത്തുമെന്നു കമ്മീഷന്‍ അറിയിച്ചു.