12 വയസുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ് 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും.
മാർച്ച് 16 നാണ് 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് കോവിഡിനെതിരേ വാക്‌സിനേഷൻ ആരംഭിച്ചത്. എന്നാൽ പരീക്ഷാക്കാലമായതിനാൽ ഈ വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഇവർക്കായി മെയ് 10, 12 തീയതികളിൽ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻഷൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം.
28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാം ഡോസ് വാക്‌സിനേഷൻ കൂടി പൂർത്തിയാക്കാനും ഇതു സഹായിക്കും.
കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠന പ്രക്രിയയെയുമാണ്. ഒന്നര വർഷത്തിലധികം കുട്ടികൾക്ക് മഹാമാരിമൂലം സ്‌കൂളിലെത്താൻ സാധിച്ചില്ല. ജനുവരി മുതൽ 15 മുതൽ 17 വയസുവരെയുള്ളവർക്കു വാക്‌സിനേഷൻ ആരംഭിക്കുകയും മുഴുവൻ കുട്ടികളും ഒരുഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു.