കോതനല്ലൂർ : അസാധ്യകാര്യങ്ങളുടെ മധ്യസ്ഥരും അൽഭുത പ്രവർത്തകരുമായ പരിശുദ്ധരായ മാർ സാബോർ മാർ പ്രോത്ത് കന്തീശങ്ങളുടെ തിരുന്നാളിനോട് അനുബന്ധിച്ച് എസ്. എം. വൈ. എം പാലാ രൂപതാ സമിതി അംഗങ്ങൾ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ നേതൃത്വത്തിൽ കോതനല്ലൂർ പള്ളിയിൽ തീർത്ഥാടനം നടത്തി.
രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ, വൈസ് പ്രസിഡന്റ് റിന്റു റെജി, സമിതി അംഗങ്ങളായ എഡ്വിൻ ജോസി, മെറിൻ തോമസ്, ടോണി കവിയിൽ, ഗ്രീഷ്മ ജോയൽ, കോതനല്ലൂർ ഫൊറോനാ, യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് പുതുപ്പറമ്പിൽ ഫൊറോനാ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ഇതിൽ പങ്കാളികളായി.
9-ആം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് മലബാറിലെത്തിയ മെത്രാന്മാരായ മാർ സാബോർ മാർ പ്രോത്ത് കന്തീശങ്ങൾ തങ്ങളുടെ വിശുദ്ധ ജീവിതത്തിലൂടെയും പ്രേഷിത പ്രവർത്തനങ്ങളിലൂടെയും സഭയെ ശക്തിപ്പെടുത്തി. കൊല്ലത്ത് വാണിജ്യം ശക്തിപ്പെടുത്തിയതും കൊല്ലം പട്ടണവും കൊല്ലവർഷവും സ്ഥാപിച്ചതും ഇവരാണെന്ന് കരുതപ്പെടുന്നു. മാർത്തോമ്മാ നസ്രാണികൾ ഇവരെ വിശുദ്ധരായി വണങ്ങിയിരുന്നതായി പുരാതന രേഖകളും പാരമ്പര്യങ്ങളും പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരുടെ നാമത്തിൽ പള്ളികൾ ഉണ്ട്. കേരള ചരിത്രത്തിൽ ആത്മീയ-ഭൗതിക മേഖലകളിൽ കന്തീശങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലമാണ്.
1599 ൽ ഉദയംപേരൂരിൽ നടന്ന ഇൻക്വിസിഷൻ്റെ യോഗത്തിൽ ഇവരുടെ നാമത്തിൽ ഉണ്ടായിരുന്ന പല പള്ളികളും ബലമായി ലത്തീൻ വിശുദ്ധരായ യൂറോപ്പിലെ മിലാൻ ദേശവാസികളായായിരുന്ന ഗർവാസിസ് പ്രോതാസിസ് എന്നിവരുടെ പേരിൽ പുനർ നാമകരണം ചെയ്തു എങ്കിലും ഇന്നും നസ്രാണികളുടെ ഇടയിൽ മാർ സാബോർ മാർ പ്രോത്ത് കന്തീശങ്ങളോടുള്ള ഭക്തി വളരെ ശക്തമായി നിലകൊള്ളുന്നു. കോതനല്ലൂർ പള്ളി മാർ സാബോർ മാർ പ്രോത് കന്തീശങ്ങളുടെ പേരിലായിരുന്നു ആദ്യം.