കാർഷിക മേഖലയിൽ സംരംഭകരാകാൻ താൽപര്യമുള്ളവരെ മാടിവിളിക്കുകയാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേള.
കേരള കാർഷിക സർവകലാശാലയുടെ അഗ്രിബിസിനസ് ഇൻക്യൂബേറ്റർ ആണ് കർഷക സംരംഭകർക്ക് വഴിക്കാട്ടിയാകുന്നത്. കാർഷിക സർവകലാശാലയുടെ വിപ്ലവകരമായ ആശയത്തിന്റെ പേരാണ് അഗ്രിബിസിനസ് ഇൻക്യുബേറ്റർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഇൻക്യുബേഷൻ രീതിയാണ് സർവകലാശാല ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ട് മാസത്തെ സ്റ്റാർട്ടപ്പ് പരിശീലന പരിപാടിയാണ് അഗ്രി ഇൻക്യുബേഷൻ. പ്രാരംഭ ഘട്ടത്തിലുള്ള അഗ്രി സ്റ്റാർട്ടപ്പുകൾ ലക്ഷ്യംവയ്ക്കുന്ന പരിശീലന പരിപാടിയിലൂടെ കാർഷിക മേഖലയിലെ നവ സംരംഭകങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. പരിശീലനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൂതന ആശയങ്ങളുടെ വാണിജ്യവൽക്കരണത്തിനും മാതൃകാ വിപുലീകരണത്തിനുമായി 25 ലക്ഷം രൂപ വരെ സഹായധനമായി ലഭിക്കും. കൂടാതെ ഈ സംരംഭത്തിന് ഓരോ ഘട്ടത്തിലും കാർഷിക സർവകലാശാല ഉദ്യോഗസ്ഥരുടെ മാർഗ നിർദ്ദേശങ്ങളും ലഭിക്കും.