ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

Date:

പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു

കാക്കനാട്: സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.

2023 മെയ് നാലാം തീയതി സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ അയക്കുക എന്നത്. ഈ നിർദേശം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അനുഭാവപൂർവം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിൽ  നിന്ന് അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ, 2023 ജൂൺ മാസത്തിൽ കൂടിയ സീറോമലബാർസഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുകയും സിനഡിന്റെ അനുകൂലതീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണമായാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്.

ആർച്ചുബിഷപ്പ് സിറിൽ വാസിൽ ഓഗസ്റ്റ് നാലിനു എറണാകുളത്ത് എത്തുമെന്നാണറിയിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ബഹു. സണ്ണി കൊക്കരവാലയിൽ അച്ചൻ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അനുഗമിക്കുന്നുണ്ട്.

മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പൽ ഡെലഗേറ്റു പ്രവർത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടർന്നും നിർവഹിക്കുന്നതാണ്.

1965ൽ സ്ലൊവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ചുബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.

2011ൽ സീറോമലബാർസഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ചുബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. 2018 ജനുവരിയിൽ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആർച്ചുബിഷപ്പ് സിറിൽ വാസിൽ സിറോമലബാർസഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...

അനുദിന വിശുദ്ധർ – അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു....