കൊച്ചി: രാജ്യത്തിന്‍റെ അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിനന്ദിച്ചു.
ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യംവഹിച്ചത്. ഓഗസ്റ്റ് 23ന് പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും. പരാജയത്തിന്‍റെ ഭൂതകാല അനുഭവങ്ങളും അതേത്തുടർന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞർ പ്രശംസയർഹിക്കുന്നു. അവരുടെ സമർപ്പണത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ ഈ ദൗത്യത്തിന്‍റെ മേധാവി ദൈവത്തിനു നന്ദിയർപ്പിച്ചു. ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയർപ്പിക്കാം. സങ്കീർത്തകൻ മനോഹരമായി വർണിച്ചതുപോലെ അതിസമർത്ഥരായ നമ്മുടെ ശാസ്ത്രജ്ഞരുടെ സുവർണനേട്ടത്തിന്‍റെ ഈ നിമിഷത്തിൽ നമ്മുടെ ഹൃദയങ്ങൾ നന്ദി നിറഞ്ഞതാകുന്നു. “സ്വർഗം ദൈവമഹത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു(സങ്കീർത്തനം 19: 1)”. ആഹ്ലാദത്തിന്‍റെ ഈ നിമിഷങ്ങളിൽ സൃഷ്‌ടിപരമായും ബൗദ്ധികപരമായും ദൈവം മനുഷ്യനിൽ നിക്ഷേപിച്ചിട്ടുള്ള അതിബൃഹത്തായ കഴിവുകളെക്കുറിച്ച് നാം ബോധ്യമുള്ളവരാകണം. നമ്മുടെ അതിസമർത്ഥരായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്തരം അദ്ഭുതാവഹമായ കഴിവുകൾ മനുഷ്യനു നൽകിയ ദൈവത്തെയും നാം സ്തുതിക്കുന്നു. ദൗത്യത്തിന്‍റെ മുന്നോട്ടുള്ള വിജയത്തിനായും അതുവഴി മാനവകുലത്തിന്‍റെ നന്മയ്ക്കുതകുന്ന ഗവേഷണഫലങ്ങൾ ഉണ്ടാകട്ടെയെന്നും നമുക്കു പ്രാർത്ഥിക്കാം. കർദിനാൾ മാർ ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision