രാമപുരം: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും കാൽ വഴുതി താഴേയ്ക്ക് വീണ് ദാരുണാന്ത്യം സംഭവിച്ച എസ് ഐയുടെ സംസ്ക്കാരം 16ന് നടക്കും. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൊൻകുന്നം ചിറക്കടവ് ജോബി ജോർജ് (51) ആണ് ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും കാൽ വഴുതി താഴേയ്ക്ക് വീണുമരിച്ചത്.
രാമപുരം പഞ്ചായത്ത് ബസ് സ്റ്റാന്റിലെ ഇരുനില കെട്ടിടത്തിൽ ചീട്ടുകളിയും ബഹളവും നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് ചീട്ടുകളി സംഘത്തെ പിടികൂടുവാനായി എസ് ഐ ജോബിയും സി പി ഒ വിനീത് രാജും ഇന്നലെ രാത്രി മുകളിലെ നിലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയ്ക്ക് സമീപം എത്തുകയും, പോലീസിനെ കണ്ടയുടനെ സംഘം അകത്തു നിന്നും വാതിൽ ലോക്ക് ചെയ്തു.
വാതിൽ ചവിട്ടി തുറക്കുവാൻ ശ്രമിക്കുന്നതിനിടെ എസ് ഐ ജോബി കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സി പി ഒ വിനീത് രാജ് ഓടി താഴേയ്ക്ക് ഇറങ്ങുന്ന സമയത്ത് ചീട്ടുകളി സംഘം വാതിൽ തുറന്ന് രക്ഷപെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ എസ് ഐ ജോബിയെ പാലാ ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ തന്നെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
ഇന്ന് വെളുപ്പിന് 2 മണിയോടുകൂടി ജോബിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. 5 മണിക്ക് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം തെള്ളകം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. തിങ്കൾ (15-5-2023) 12.30 ന് കോട്ടയം പോലീസ് ക്ലബ്ബിലും, തുടർന്ന് ജോബി ജോലി ചെയ്തിരുന്ന രാമപുരം പോലീസ് സ്റ്റേഷനിലും മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും.
തുടർന്ന് പൊൻകുന്നം ചിറക്കടവ് വാഴപ്പറമ്പിൽ കുടുംബ വീട്ടിൽ എത്തിയ്ക്കും. ചൊവ്വ (16-5-2023) പകൽ 11ന് സംസ്ക്കാര ചടങ്ങുകൾ ആരംഭിച് മൃതദേഹം പൊൻകുന്നം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. . കുറവിലങ്ങാട് സ്വദേശിയായ ബിന്ദുവാണ് ഭാര്യ. ചിറക്കടവ് സെന്റ് ജോസഫ് ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അൽഫോൻസ ഏക മകളാണ്.
ജോർട്ടി ജോർജ് (മിനിസ്റ്റീരിയൽ ഓഫീസർ, എസ് പി ഓഫീസ് കോട്ടയം), ജോളി (ആർട്ടിസ്റ്റ്, യു കെ) എന്നിവർ സഹോദരങ്ങളുമാണ്.
രാമപുരം പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം മയക്കുമരുന്ന് ലോബികൾ പിടിമുറുക്കിയിരിക്കുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ഈ ഭാഗത്തുകൂടി സ്ത്രീ ജനങ്ങൾക്ക് ഭയരഹിതമായി സഞ്ചരിക്കുവാൻ കഴിയാത്തതിനാൽ അവർ ഈ ഭാഗത്തേയ്ക്ക് വരാനും മടിക്കുന്നു. ഇവിടെ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision