ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു ഫലം വന്നപ്പോള്‍ തിരുവനന്തപുരം മേഖല ഒന്നാമത്. 99.91 ശതമാനം വിജയത്തോടെയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്.78.05 ശതമാനം നേടി പ്രയാഗ് രാജ് റീജിയനാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഏറ്റവും പിന്നില്‍.പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 90.68 ആണ് വിജയശതമാനം.കഴിഞ്ഞ വര്‍ഷം 94.54 ആയിരുന്നു പെണ്‍കുട്ടികളുടെ വിജയശതമാനം. 84.67 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.16,60,511 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 14,50,174 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി (6.8 ശതമാനം). 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയത് 1.36 ശതമാനം വിദ്യാര്‍ഥികളാണ്. 1,25,705 വിദ്യാര്‍ഥികളാണ് കംപാര്‍ട്ട്‌മെന്റ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടത്. 87.33 ആണ് ഇത്തവണത്തെ വിജയശതമാനം. കോവിഡ് കാലത്തിന് മുന്‍പ് 2019-ല്‍ പ്രസിദ്ധീകരിച്ച ഫലത്തേക്കാള്‍ (83.40%)കൂടുതലാണ് ഈ വര്‍ഷത്തെ ഫലമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 92.7 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.
വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം.ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.